|

നിപ്പ; അഞ്ച് വാര്‍ഡുകള്‍ കണ്ടയ്ന്‍മെന്റ് സോണുകള്‍, നബിദിന ഘോഷയാത്രക്ക് നിയന്ത്രണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗം സ്ഥിരീകരിച്ച മലപ്പുറം ജില്ലയിലെ തിരുവാലി പഞ്ചായത്തിലെ നാല്, അഞ്ച്, ആറ്, ഏഴ് മമ്പാട് പഞ്ചായത്തിലെ ഏഴ് ഉള്‍പ്പടെ അഞ്ച് വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. ഇവിടങ്ങളില്‍ നബിദിന ഘോഷ യാത്ര ഉള്‍പ്പടെയുള്ള പരിപാടികള്‍ ഒഴിവാക്കണമെന്ന് മലപ്പുറം ജില്ല കളക്ടര്‍ അറിയിച്ചു.

തിരുവാലി, മമ്പാട് പഞ്ചായത്തുകളില്‍ മാസ്‌ക് നിര്‍ബന്ധമാക്കല്‍ ഉള്‍പ്പടെയുള്ള കര്‍ശന നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിപ്പ പ്രോട്ടോകോള്‍ പ്രാകാരമുള്ള നിയന്ത്രണങ്ങളായിരിക്കും ഇവിടങ്ങളില്‍ നടപ്പിലാക്കുക. ഈ പ്രദേശങ്ങളില്‍ നാളെ നടത്താനിരുന്ന നബിദിന ഘോഷ യാത്ര മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കാനും കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നിപ്പ ബാധിച്ച് മരണപ്പെട്ടതായി സ്ഥിരീകരിച്ച യുവാവിന്റെ സമ്പര്‍ക്ക പട്ടികയിലുള്ള 151 പേരെ കണ്ടെത്തിയിട്ടുണ്ട്. ഇവരില്‍ അഞ്ച് പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. അഞ്ച് പേര്‍ക്കും നേരിയ രോഗ ലക്ഷണങ്ങള്‍ ഉണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുള്ളത്. പ്രദേശത്ത് ആരോഗ്യവകുപ്പിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

തിങ്കളാഴ്ച മരണപ്പെട്ട മലപ്പുറം വണ്ടൂര്‍ നടുവത്ത് സ്വദേശിയായ ഇരുപത്തിമൂന്നുകാരന്റെ മരണമാണ് നിപ്പ മൂലമാണെന്നാണ് ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കോഴിക്കോട് നടത്തിയ പ്രാഥമിക പരിശോധന ഫലം പോസിറ്റീവായിരുന്നെങ്കിലും ഇന്ന് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുമുള്ള പരിശോധന ഫലം വന്നതിന് ശേഷമാണ് രോഗം സ്ഥിരീകരിച്ചത്.

ബാംഗ്ലൂരില്‍ പഠിക്കുകയായിരുന്ന യുവാവിനെ പനിയെ തുടര്‍ന്ന് ആദ്യം നടുവത്തുള്ള സ്വകാര്യ ക്ലിനിക്കില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും രോഗം കുറയാത്തതിനെ തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ വെച്ചാണ് മരണം സംഭവിക്കുന്നത്.

രണ്ട് മാസങ്ങള്‍ക്ക് മുമ്പ് മലപ്പുറം ജില്ലയിലെ തന്നെ പാണ്ടിക്കാട് ചെമ്പ്രശ്ശേരിയില്‍ പതിനാലുകാരന്‍ നിപ്പ ബാധിച്ച് മരണപ്പെട്ടിരുന്നു. ഇപ്പോള്‍ രോഗം സംശയിക്കുന്ന യുവാവിന്റെ നാടായ നടുവത്ത് നിന്നും 15 കിലോമീറ്റര്‍ ചൂറ്റളവിലുള്ള പ്രദേശമാണ് രണ്ട് മാസങ്ങള്‍ക്ക് മുമ്പ് നിപ്പ ബാധിച്ച് മരിച്ച വിദ്യാര്‍ത്ഥിയുടെ നാട്. എന്നാല്‍ ആ മരണം സംഭവിക്കുന്ന സമയത്ത് ഈ യുവാവ് നാട്ടിലുണ്ടായിരുന്നില്ല.

CONTENT HIGHLIGHTS: Nipah; Five Wards Containment Zones, Restrictions on Meelad Procession

Video Stories