| Monday, 3rd June 2019, 12:51 pm

വ്യാജ പ്രചാരണങ്ങള്‍ നടത്താതിരിക്കുക; നിപയെ ഭയപ്പെടേണ്ട സാഹചര്യമില്ല: ജാഗ്രതയാണ് വേണ്ടതെന്ന് ആരോഗ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: എറണാകുളത്ത് പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്ന രോഗിക്ക് നിപയെന്ന് സംശയിക്കുന്നുവെങ്കിലും ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. നിപ വൈറസ് ബാധയാണെന്ന് പൂര്‍ണമായി ഉറപ്പിക്കാന്‍ കൂടുതല്‍ പരിശോധനാ ഫലങ്ങള്‍ പുറത്ത് വരണമെന്നും പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫലം കാത്തിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ഏത് സാഹചര്യവും നേരിടാന്‍ ആരോഗ്യ വകുപ്പ് സജ്ജമാണ്. ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡ് അടക്കമുള്ള സംവിധാനങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. കോണ്ടാക്ട് ട്രെയിസിങ്ങിനുള്ള നടപടികളടക്കം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെയും കളക്ടറുടേയും നേതൃത്വത്തില്‍ എറണാകുളത്ത് വലിയ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നതെന്നും ഫേസ്ബുക്കിലിട്ട കുറിപ്പില്‍ മന്ത്രി വ്യക്തമാക്കി.

നിപ വൈറസിനെപ്പറ്റി വ്യാജ പ്രചാരണങ്ങള്‍ നടത്താതിരിക്കുക. എന്താണ് നിപ വൈറസെന്നും അതിന് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്തെന്നും എല്ലാവര്‍ക്കും അവബോധം ഉണ്ടാകേണ്ടതാണ്. കഠിനമായ ചുമയും പനിയും ഉണ്ടെങ്കില്‍ ആരും മറച്ച് വയ്ക്കരുത്. എത്രയും പെട്ടന്ന് ചികിത്സ തേടണം

കഴിഞ്ഞ വര്‍ഷം കോഴിക്കോട് നിപ വൈറസ് ബാധയുണ്ടായ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിരുന്നു. ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ തയ്യാറാക്കുകയും നേരിയ രോഗലക്ഷണങ്ങളെങ്കിലും ഉണ്ടാകുമ്പോള്‍ രോഗിയെ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യുന്ന രീതിയാണ് സ്വീകരിച്ചത്. തുടര്‍ന്നും നല്ല ജാഗ്രത പുലര്‍ത്തേണ്ടതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം നിപയുടെ ഉത്ഭവം തൃശ്ശൂര്‍ ആവാന്‍ സാധ്യതയില്ലെന്നാണ് തൃശൂര്‍ ഡി.എം.ഒ പറയുന്നത്. ഇടുക്കി ആവാനാണ് സാധ്യതയെന്നും ഡി.എം.ഒ പറഞ്ഞു. ഇടുക്കി തൊടുപുഴയില്‍ പഠിക്കുന്ന യുവാവ് ഇന്റന്‍ഷിപ്പിനു വേണ്ടി തൃശൂര്‍ എത്തിയതായിരുന്നു. ഇതിനിടെയാണ് യുവാവിന് പനി ബാധിച്ചത്.

തുടര്‍ന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് പനി മൂര്‍ച്ഛിക്കുകയും നടക്കാന്‍ പറ്റാത്ത അവസ്ഥ വരികയും ചെയ്തതിനാല്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നിപ വൈറസ് ബാധയെന്ന് സംശയിക്കുന്നതായി ആരോഗ്യവകുപ്പ് പറയുന്നത്.

We use cookies to give you the best possible experience. Learn more