|

നിപ സംശയം; രണ്ട് പഞ്ചായത്തുകള്‍ക്ക് അവധി, ആരോഗ്യ മന്ത്രി കോഴിക്കോട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: നിപ സംശയിക്കുന്ന കോഴിക്കോട്ടെ രണ്ട് പഞ്ചായത്തുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ആയഞ്ചേരി, മരുതോങ്കര പഞ്ചായത്തുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. നിപ സ്ഥിരീകരിച്ചതിന് ശേഷം മാത്രമായിക്കും കൂടുതല്‍ നടപടികളെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. ആരോഗ്യ മന്ത്രി കോഴിക്കോട് ക്യാംപ് ചെയ്യുന്നുണ്ട്. ഇന്ന് 10.30ന് കോഴിക്കോട് ഉന്നതല യോഗം വിളിച്ചിട്ടുണ്ട്. പരിശോധന ഫലം വന്നതിന് ശേഷമായിരിക്കും നിപ പ്രോട്ടോകോള്‍ അനുസരിച്ചുള്ള നടപടി ക്രമങ്ങള്‍ സ്വീകരിക്കുക എന്ന് ആരോഗ്യ മന്ത്രി കോഴിക്കോട് പറഞ്ഞു.

‘ ഇന്നലെ തന്നെ ആരോഗ്യ പ്രവര്‍ത്തകരുടെ പ്രാദേശികമായ വിലയിരുത്തല്‍ നടത്തിയിട്ടുണ്ട്. അവര്‍ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഹൈറിസ്‌ക് കോണ്ടാക്ടുകള്‍ കണ്ടെത്തുകയാണ് ഈ ഘട്ടത്തില്‍ ചെയ്യുന്നത്. അതോടൊപ്പം മുന്‍പ് ഈ പ്രദേശങ്ങളില്‍ അസ്വാഭാവികമായിട്ടുള്ള പനി മരണങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. ഫലം വരുമ്പോള്‍ പോസിറ്റീവാണെങ്കില്‍ അതിനനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കും. സംസ്ഥാനത്ത് നിലനില്‍ക്കുന്ന നിപ പ്രോട്ടോകോള്‍ പ്രകാരമായിരിക്കും നടപടികള്‍.

ആദ്യത്തെ രോഗിയുടെ മരണം ലിവര്‍ സിറോസിസ് കാരണമായിരുന്നു എന്നാണ് കണ്ടെത്തിയിരുന്നത്. അത് കൊണ്ടാണ് ആ മരണം സംശയിക്കാതിരുന്നത്. പക്ഷെ മരിച്ചയാളുടെ മകനുള്‍പ്പടെയുള്ളവര്‍ക്ക് സമാന ലക്ഷണങ്ങള്‍ കണ്ടതോടെയാണ് സംശയമുണ്ടായത്. ആ കുട്ടി ഇപ്പോള്‍ വെന്റിലേറ്റര്‍ സപ്പോര്‍ട്ടില്‍ ചികിത്സയിലാണ്. രാവിലെ ലഭിക്കുന്ന വിവരം സ്‌റ്റേബിളാണ് എന്നാണ്. പിന്നെ രണ്ട് കുഞ്ഞുങ്ങള്‍ കൂടി നിരീക്ഷണത്തിലുണ്ട്. അതില്‍ 10 മാസം പ്രായമുള്ളൊരു കുഞ്ഞുമുണ്ട്.

ഇത്തരത്തില്‍ അടുത്ത ബന്ധത്തിലുള്ളവര്‍ക്ക് കൂടി പനി വന്നപ്പോഴാണ് സംശയം ബലപ്പെട്ടത്. അങ്ങനെയാണ് മറ്റു സര്‍വൈലന്‍സിലേക്ക് നീങ്ങിയത്. അത് സംബന്ധിച്ചുള്ള സമഗ്രമായ വിശകലനമാണ് ജില്ല സര്‍വൈലന്‍സ് ടീമിന്റെ നേതൃത്വത്തില്‍ നടക്കുന്നത്. വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള ഫലം കൂടി ലഭിച്ചതിന് ശേഷമായിരിക്കും കൂടുതല്‍ നടപടികള്‍ സ്വീകരിക്കുക.

കോഴിക്കോട് മെഡിക്കല്‍ കോളേജിലും ഐസോലേഷന്‍ ക്രമീകരണങ്ങള്‍ നടത്താന്‍ ഇന്നലെ തന്നെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹൈറിസ്‌ക് കാറ്റഗറിയില്‍ പനിയുള്ളവരെ ഐസോലേറ്റ് ചെയ്യേണ്ടി വരും. ആ കാര്യങ്ങളൊക്ക ഇന്ന് തീരുമാനിക്കും. അതില്‍ ആശുപത്രി നീരിക്ഷണം ആവശ്യമുള്ളവര്‍ക്ക് അത് നല്‍കും. അങ്ങനെയുള്ളവരെ താമസിപ്പിക്കുന്നതിന് വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കുന്നുണ്ട്. മറ്റു ജില്ലകളില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ സേവനം ഇങ്ങോട്ട് എത്തിക്കുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇത് പ്രാഥമിക തയ്യാറെടുപ്പാണ്. നിലവില്‍ അഞ്ച് പേരുടെ സാമ്പിളുകളാണ് പരിശോധനക്കയച്ചത്. ജില്ല മുഴുവന്‍ ഇപ്പോള്‍ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. നിപയാണെങ്കില്‍ മാത്രമേ സ്‌പെസിഫിക്കായ ചില പ്രദേശങ്ങളില്‍ പ്രോട്ടോകോള്‍ അനുസരിച്ചുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയുള്ളൂ. പരിശോധന ഫലം വന്നതിന് ശേഷം മാത്രമായിക്കും സ്ഥലങ്ങളുടെയും ആളുകളുടെയും പേരുകള്‍ പുറത്ത് വിടുകയുള്ളൂ. കോണ്ടാക്ട്‌സുള്ളവരെ കണ്ടെത്തുന്ന ജോലികള്‍ ഇപ്പോള്‍ ആരംഭിച്ചിട്ടുണ്ട്. ഇന്നലെ മരിച്ച വ്യക്തിയുടെ മൃതദേഹം ത്രീലെയര്‍ പാക്ക് ചെയ്ത് വെച്ചിട്ടുണ്ട്. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. റിസല്‍ട്ട് വന്നതിന് ശേഷമായിരിക്കും സംസ്‌കാര ചടങ്ങുകള്‍,’ ആരോഗ്യ മന്ത്രി കോഴിക്കോട് പറഞ്ഞു.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലുണ്ടായ രണ്ട് പനിമരണങ്ങളിലെ അസ്വാഭാവികതകളാണ് നിപ സംശയത്തിലേക്ക് ആരോഗ്യ വകുപ്പിനെ നയിച്ചത്. ഇന്ന് ഉച്ചയോടെ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള പരിശോധന ഫലം ലഭിച്ചതിന് ശേഷം മാത്രമായിരിക്കും സ്ഥിരീകരണമുണ്ടാകുക.

പനി ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കെത്തിയ വ്യക്തി, ഇയാള്‍ ആശുപത്രിയിലുള്ള സമയത്ത് അച്ഛനുമായി ആശുപത്രിയിലെത്തിയ മറ്റൊരു വ്യക്തി എന്നിവരുടെ മരണങ്ങളിലാണ് നിപ സംശയിക്കുന്നത്. ആഗസ്ത് 30നായിരുന്നു ആദ്യ മരണം സംഭവിച്ചത്. അന്ന് നിപ സംശയമുണ്ടായിരുന്നില്ല എന്നതിനാല്‍ തന്നെ ഇയാളുടെ മരണാനന്തര ചടങ്ങുകളെല്ലാം സാധാരണ രീതിയില്‍ തന്നെയാണ് നടന്നത്. പിന്നീടാണ് രണ്ടാമത്തെ വ്യക്തി സമാന ലക്ഷണങ്ങളോടെ മരണപ്പെട്ടത്. ഉടന്‍ തന്നെ ആദ്യം മരിച്ച ആളുടെ ബന്ധുക്കള്‍ക്ക് സമാന ലക്ഷണങ്ങള്‍ കണ്ടുവരികയും ചെയ്തു. ഇതോടെയാണ് നിപ സംശയത്തിലേക്ക് ആരോഗ്യ വകുപ്പ് എത്തിയത്.

2018ലാണ് കേരളത്തില്‍ ആദ്യമായി നിപ സ്ഥിരീകരിക്കുന്നത്. കോഴിക്കോട് മലപ്പുറം ജില്ലകളില്‍ നിന്നായി 17 പേര്‍ അന്ന് നിപ ബാധിച്ച് മരണപ്പെട്ടു. എന്നാല്‍ പിന്നീട് 2021ല്‍ നിപ സ്ഥിരീകരിച്ച സമയത്ത് മരണ സംഖ്യ ഉയരാതെയും കൂടുതല്‍ വ്യാപനമുണ്ടാകാതെയും പിടിച്ചു നിര്‍ത്താനായി എന്നത് ആരോഗ്യ വകുപ്പിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതാണ്.

content highlights; Nipah Doubt; Holiday for two Panchayats, Health Minister Kozhikode

Video Stories