കോഴിക്കോട്: മകന്‍ കഴിച്ചത് താന്‍ പറിച്ചുനല്‍കിയ റമ്പൂട്ടാന്‍ ആണെന്നും കഴിച്ച ശേഷവും മകന് പ്രശ്‌നമൊന്നും ഉണ്ടായിരുന്നില്ലെന്നും നിപ ബാധിച്ച് മരിച്ച ഹാഷിമിന്റെ പിതാവ് അബൂബക്കര്‍. നിലത്തു വീണു കിടക്കുന്ന പേരയ്ക്കയോ റമ്പൂട്ടാനോ ഒന്നും മകന്‍ എടുത്ത് കഴിക്കാറില്ലായിരുന്നെന്നും അദ്ദേഹം പറയുന്നു.
”ഓനങ്ങനെ നെലത്ത് വീണുകിടക്കുന്ന പേരയ്ക്കയൊന്നും തിന്നൂല്ല. ഞാന്‍ പോയി പറിച്ചു കൊണ്ടുവന്ന റമ്പൂട്ടാന്‍ കഴിച്ചിട്ടുണ്ട്. വേറെ പ്രശ്‌നൊന്നും ഉണ്ടായിരുന്നില്ല. അന്നും കൂടി ഓടിക്കളിച്ചതാണ്’ അബൂബക്കര്‍ പറഞ്ഞു.
ഇന്നലെയാണ് നിപ ബാധിച്ച് 12കാരനായ ഹാഷിം മരിക്കുന്നത്. അബൂബക്കറിന്റേയും വാഹിദയുടേയും ഏകമകനാണ് ഹാഷിം. ശനിയാഴ്ച രാത്രി 12 മണിയോടെയാണ് മകന് നിപയാണെന്നും ഐസൊലേഷനില്‍ പോകണമെന്നുമുള്ള അറിയിപ്പു കിട്ടുന്നതെന്നും തുടര്‍ന്ന് തങ്ങള്‍ വാഹിദയുടെ ബന്ധുവിന്റെ ചെറുവാടിയിലെ വീട്ടിലേക്കു പോകുകയായിരുന്നെന്നും ഇവര്‍ പറയുന്നു.
പുലര്‍ച്ചെ 4.30നാണ് ഹാഷിം മരിച്ച വിവരം ഇവരെ അറിയിച്ചത്. നിപ സ്ഥിരീകരിക്കുന്നതുവരെ മകനൊപ്പം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഇരുവരും.
റമ്പൂട്ടാന്‍ കഴിച്ചതില്‍ നിന്നാണ് കുട്ടിയ്ക്ക് നിപ ബാധ ഏറ്റിരിക്കുന്നത് എന്നാണ് പ്രാഥമിക നിഗമനം. ഹാഷിമിന്റെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍പ്പെട്ട അബൂബക്കറും വാഹിദയും ബന്ധുക്കളുമടക്കം 5 പേരെ ആശുപത്രിയിലേക്ക് മാറ്റി.
വാഹിദയ്ക്കും രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് രോഗലക്ഷണമുള്ളത്. ഹൈ റിസ്‌ക് കോണ്ടാക്ടിലുള്ള ഏഴ് പേരുടെ സാംപിളുകള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
കുട്ടികളുടെ വെന്റിലേറ്റര്‍ ഇല്ലെന്ന് അറിയിച്ചതിനെത്തുടര്‍ന്നാണ് നിപ ലക്ഷണങ്ങളോടെയെത്തിയ 12 കാരനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതെന്ന് മരിച്ച കുട്ടിയുടെ അയല്‍വാസികള്‍ പറഞ്ഞു.
ഒരുമിച്ച് കളിച്ച കുട്ടികളുള്‍പ്പെടെ നിരീക്ഷണത്തിലാണ്. ചാത്തമംഗലം സ്വദേശിയായ ഏഴാം ക്ലാസുകാരന്‍ നിപ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച് തുടങ്ങിയത് പത്ത് ദിവസം മുന്‍പാണ്. രോഗം ഔദ്യോഗികമായി സ്ഥിരീകരിച്ച കഴിഞ്ഞ ദിവസം നില ഗുരുതരമായി മണിക്കൂറുകള്‍ക്കകം മരണപ്പെടുകയായിരുന്നു.
അതേസമയം പഴൂരില്‍ മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ ഇന്ന് പരിശോധന നടത്തും. പ്രദേശത്ത് വവ്വാലുകളുടെ സാന്നിധ്യമുണ്ടോ എന്ന കാര്യവും പരിശോധിക്കും. സാന്നിദ്ധ്യം കണ്ടെത്തിയാല്‍ ഇവ ഏത് വിഭാഗത്തില്‍ പെടുന്നു എന്നതടക്കം കണ്ടെത്തേണ്ടതുണ്ട്.
നിരീക്ഷണത്തിലുള്ളവര്‍ക്കായി ഇന്ന് മെഡിക്കല്‍ കോളജില്‍ നിപ ട്രൂനാറ്റ് പരിശോധന നടത്തും. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നെത്തുന്ന സംഘം ഇതിനായി പ്രത്യേക ലാബ് സജ്ജീകരിക്കും.
പരിശോധനയില്‍ പോസിറ്റീവാണെന്ന് കണ്ടെത്തിയാല്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കണ്‍ഫേര്‍മേറ്റീവ് പരിശോധന നടത്തി 12 മണിക്കൂറിനുള്ളില്‍ ഫലം ലഭ്യമാക്കാന്‍ കഴിയും.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Nipah Death 12 Year old boy father about His Son