Advertisement
Kerala News
സംസ്ഥാനത്ത് വീണ്ടും നിപ ആശങ്ക; തിങ്കളാഴ്ച മരണപ്പെട്ട യുവാവിന്റെ പ്രാഥമിക പരിശോധന ഫലം പോസിറ്റീവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Sep 14, 01:54 pm
Saturday, 14th September 2024, 7:24 pm

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ ആശങ്ക. തിങ്കളാഴ്ച മരിച്ച മലപ്പുറം ജില്ലയിലെ വണ്ടൂര്‍ നടുവത്ത് സ്വദേശിയായ 23 കാരന് രോഗമുണ്ടായിരുന്നതായി സംശയം. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തിയ പ്രാധമിക പരിശോധന ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് കൂടുതല്‍ പരിശോധനകള്‍ക്കായി സാമ്പിളുകള്‍ പൂനൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. പൂനൈയില്‍ നിന്ന് വരുന്ന ഫലത്തിന് ശേഷമായിരിക്കും ഇത് സംബന്ധിച്ച ഒദ്യോഗിക സ്ഥിരീകരണമുണ്ടാകുക.

തിങ്കളാഴ്ചയാണ് ബാംഗ്ലൂരില്‍ പഠിക്കുകയായിരുന്ന വണ്ടൂര്‍ നടുവത്ത് സ്വദേശിയായ യുവാവ് മരണപ്പെടുന്നത്. പനിയെ തുടര്‍ന്ന് ആദ്യം നടുവത്തുള്ള സ്വകാര്യ ക്ലിനിക്കില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും രോഗം കുറയാത്തതിനെ തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഇവിടെ വെച്ചാണ് മരണം സംഭവിക്കുന്നത്. മഞ്ഞപ്പിത്തമാണ് മരണ കാരണമെന്ന് ആദ്യം സംശയിച്ചിരുന്നെങ്കിലും പരിശോധനകളില്‍ മഞ്ഞപ്പിത്തമുണ്ടായിരുന്നില്ല എന്ന് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചിരുന്നു. പിന്നാലെയാണ് നിപയുമായി ബന്ധപ്പെട്ട പ്രാഥമിക പരിശോധനക്ക് സാമ്പിളുകള്‍ അയച്ചത്. ഈ പരിശോധന ഫലമാണ് ഇപ്പോള്‍ പോസിറ്റീവായിരിക്കുന്നത്.

മുന്‍ കരുതലുകളുടെ ഭാഗമായി മലപ്പുറത്ത് ജില്ല കളക്ടറുടെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പ് ജീവനക്കാരെ പങ്കെടുപ്പിച്ചുള്ള ഓണ്‍ലൈന്‍ യോഗം ചേര്‍ന്നതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് മാസങ്ങള്‍ക്ക് മുമ്പ് മലപ്പുറം ജില്ലയിലെ തന്നെ പാണ്ടിക്കാട് ചെമ്പ്രശ്ശേരിയില്‍ പതിനാലുകാരന്‍ നിപ്പ ബാധിച്ച് മരണപ്പെട്ടിരുന്നു.

ഇപ്പോള്‍ രോഗം സംശയിക്കുന്ന യുവാവിന്റെ നാടായ നടുവത്ത് നിന്നും 15 കിലോമീറ്റര്‍ ചൂറ്റളവിലുള്ള പ്രദേശമാണ് രണ്ട് മാസങ്ങള്‍ക്ക് മുമ്പ് നിപ്പ ബാധിച്ച് മരിച്ച വിദ്യാര്‍ത്ഥിയുടെ നാട്. എന്നാല്‍ ആ മരണം സംഭവിക്കുന്ന സമയത്ത് ഈ യുവാവ് നാട്ടിലുണ്ടായിരുന്നില്ല.

content highlights: Nipah again in Kerala?