നിപ ബാധയില്‍ നിന്ന് മോചിതനായ യുവാവ് നാളെ ആശുപത്രി വിടും; ആശുപത്രി വിടുന്നത് 53 ദിവസങ്ങള്‍ക്ക് ശേഷം
Nipah
നിപ ബാധയില്‍ നിന്ന് മോചിതനായ യുവാവ് നാളെ ആശുപത്രി വിടും; ആശുപത്രി വിടുന്നത് 53 ദിവസങ്ങള്‍ക്ക് ശേഷം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 22nd July 2019, 8:02 pm

കൊച്ചി: എറണാകുളത്ത് നിപ ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് നാളെ ആശുപത്രി വിടും. 53 ദിവസങ്ങള്‍ക്ക് ശേഷമാണ് യുവാവ് ആശുപത്രി വിടുന്നത്.

എറണാകുളത്തെ ആസ്റ്റര്‍ മെഡിസിറ്റിയില്‍ നാളെ രാവിലെ 8.30 ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പങ്കെടുക്കുന്ന ചടങ്ങില്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടക്കും.

പറവൂര്‍ തുരുത്തിപ്പുറം സ്വദേശിയായ യുവാവിന് ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിയാല്‍ 10 ദിവസം കൊണ്ട് കോളെജില്‍ പോകാന്‍ കഴിയും.

അതേസമയം കുടുതല്‍ ഇനം വവ്വാലുകളില്‍ നിപ വൈറസിന്റെ സാന്നിധ്യമുണ്ടാകാനിടയുണ്ടെന്ന് പഠന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. പുതുതായി ആറിനം വവ്വാലുകളിലാണ് നിപയുടെ സാന്നിധ്യമുണ്ടാകാനിടയുള്ളത്.

ഇതില്‍ രണ്ടിനം കേരളത്തില്‍ കാണപ്പെടുന്നതാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് പി.എല്‍ ഒ.എസ് നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തലുകള്‍ ഉള്ളത്. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ ഉണ്ടായ നിപ വൈറസ് ബാധയ്ക്ക് പിന്നാലെ നിപ പ്രതിരോധത്തിന്റെ ഭാഗമായാണ് പഠനം നടത്തിയത്.

പുതുതായി കണ്ടെത്തിയ ആറിനം വവ്വാലുകളില്‍ നാലിനമാണ് ഇന്ത്യയില്‍ ഉള്ളത്. ഇതില്‍ രണ്ടെണ്ണമാണ് കേരളത്തില്‍ ഉള്ളതെന്നും പി.എല്‍.ഒ.എസിന്റെ റിസേര്‍ച്ച് ജേര്‍ണലില്‍ പറയുന്നുണ്ട്.
DoolNews Video