| Monday, 3rd June 2019, 1:38 pm

നിപ: നിരീക്ഷണത്തിലുള്ളത് 50 പേര്‍; 16 പേര്‍ തൃശൂരില്‍, തൊടുപുഴയിലെ കോളജും പരിസരവും നിരീക്ഷണത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കൊച്ചിയില്‍ നിപ രോഗം സംശയിച്ച് യുവാവ് ചികിത്സയില്‍ കഴിയുന്ന സാഹചര്യത്തില്‍ വന്‍ സുരക്ഷാ മുന്നൊരുക്കവുമായി ആരോഗ്യ വകുപ്പ്. രോഗം സ്ഥിരീകരിക്കുകയാണെങ്കില്‍ കൂടുതല്‍ പേരിലേക്ക് വ്യാപിക്കുന്നത് തടയാന്‍ വലിയ മുന്നൊരുക്കങ്ങളാണ് ആരോഗ്യ വകുപ്പ് നടത്തിയത്.

യുവാവുമായി സമ്പര്‍ക്കമുണ്ടായ 50 പേരെ നിരീക്ഷണത്തില്‍ വെച്ചിരിക്കുകയാണ്. ഇതില്‍ 16 പേര്‍ തൃശൂരിലുണ്ട്. ബാക്കിയുള്ളവര്‍ മറ്റു ജില്ലകളില്‍ നിരീക്ഷണത്തിലാണ്.

വിദ്യാര്‍ഥിയുമായി അടുത്ത് ഇടപഴകിയ ആറ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയാണ് നിരീക്ഷണത്തിലുള്ളത്. പഠിച്ച സ്ഥാപനവും സ്ഥാപനത്തിന് ചുറ്റുമുള്ള പ്രദേശവും നിരീക്ഷണത്തിലാണ്. കുട്ടിയുമായി സമ്പര്‍ക്കമുണ്ടായ 50 പേരുടെ വീട്ടുകാരെയും നിരീക്ഷിക്കുന്നുണ്ട്. ഇതിനായി ഓരോ പ്രദേശത്തും ഒരു ആരോഗ്യപ്രവര്‍ത്തകനെ നിയോഗിച്ചിട്ടുണ്ട്.

ഇതുവരെ ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും ഇല്ലയെന്നാണ് തൃശൂരില്‍ കലക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥറുടെ യോഗം വിലയിരുത്തിയത്.

മെയ് 21 മുതല്‍ 24 വരെയാണ് ഈ വിദ്യാര്‍ഥി തൃശൂരില്‍ കഴിഞ്ഞത്. വരുമ്പോള്‍ തന്നെ നല്ല പനിയുണ്ടായിരുന്നു. മെയ് 24 ആയപ്പോഴേക്കും പനി കലശലായി. ഈ പനിക്കിടെ രണ്ടു തവണ തൃശൂരിലെ രണ്ട് സ്വകാര്യ ആശുപത്രിയില്‍ ഈ വിദ്യാര്‍ഥി ചികിത്സ തേടിയിരുന്നു. ഈ സ്വകാര്യ ആശുപത്രികളില്‍ കുട്ടിയുമായി ആരൊക്കെ സമ്പര്‍ക്കം പുലര്‍ത്തി എന്നിവരുടെ ലിസ്റ്റ് കൂടിയെടുക്കാനുണ്ട്.

മെഡിക്കല്‍ കോളജിലും മറ്റും ഐസൊലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിച്ചിട്ടുണ്ട്. വിദ്യാര്‍ഥി പഠിക്കുന്ന തൊടുപുഴയിലെ കോളജും പരിസരവും നിരീക്ഷണത്തിലാണ്.

‘എറണാകുളം സ്വദേശിയായ കുട്ടിയിലാണ് രോഗബാധ സംശയിക്കുന്നത്. പഠനത്തിന്റെ ഭാഗമായുള്ള ട്രെയിനിങ്ങിനായാണ് കുട്ടി തൃശൂരില്‍ എത്തിയിരിക്കുന്നത്. നാലു ദിവസം മാത്രമാണ് കുട്ടി തൃശൂരില്‍ ചിലവഴിച്ചത്. വരുമ്പോള്‍ തന്നെ കുട്ടിക്ക് പനിയുണ്ടായിരുന്നു. അതിനാല്‍ തൃശൂരില്‍ നിന്നാണ് രോഗബാധയുണ്ടായതെന്ന് തോന്നുന്നില്ല. കുട്ടിയുള്‍പ്പെടെ 16 പേര്‍ ഒരുമിച്ചാണ് ഇവിടെയെത്തിയത്. ഇവരില്‍ ആറുപേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.’ തൃശൂരിലെ ഡി.എം.ഒ വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more