തിരുവനന്തപുരം: കോഴിക്കോടും സമീപ ജില്ലയിലും നിപ ജാഗ്രത തുടരുന്നു.
പുതിയ കണക്കുപ്രകാരം ഇതുവരെ 706 പേര്‍ കോണ്‍ടാക്ട് ലിസ്റ്റില്‍ ഉണ്ടായിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. ഇതില്‍ ഹൈ റിസ്‌ക്ക് കോണ്‍ടാക്ട് 76 പേരാണുള്ളത്. 153 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. ഹൈ റിസ്‌കിലുള്ള ആളുകള്‍ വീടുകളില്‍ ഐസൊലേഷനില്‍ കഴിയണമെന്ന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
‘ഹൈ റിസ്‌ക് ക്യാറ്റഗറിയില്‍ ലക്ഷണങ്ങളുള്ളവരെയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിച്ചിട്ടുള്ളത്. 19 കമ്മിറ്റികളിലായിട്ടാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുന്ന പ്രക്രിയ തുടരുകയാണ്. പോസിറ്റീവായ വ്യക്തികളുടെ റൂട്ട് മാപ്പുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നാട്ടുകാരുടെ സഹകരണം, ആശുപത്രിയിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ എന്നിവയില്‍ നിന്നെടുത്ത ഡാറ്റകളെടുത്താണ് കോണ്‍ടാക്ട് ലിസ്‌റ്റെടുക്കുന്നത്. രണ്ട് എപിക് സെന്ററിലെ അഞ്ച് കിലോമീറ്റര്‍ പരിധിയിലാണ് കണ്ടെയ്ന്‍മെന്റ് സോണുകളുള്ളത്,’ വീണ ജോര്‍ജ് പറഞ്ഞു.