കോഴിക്കോട്: നിപാ കാലത്ത് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവര്‍ത്തിച്ചിരുന്ന ജീവനക്കാരെ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് നടത്തിയ നിരാഹാര സമരം അവസാനിപ്പിച്ചു. ജീവനക്കാരുടെ ആവശ്യം അധികൃതര്‍ അംഗീകരിച്ചതിനാലാണ് സമരം അവസാനിപ്പിച്ചത്.
“മെയ് 22 മുതല്‍ 31 വരെ ഐസലേഷന്‍ വാഡില്‍ ജോലി ചെയ്തിരുന്ന 23 ജീവനക്കാര്‍ക്ക് പ്രിന്‍സിപ്പാളിന്റെ ഓഫീസിന് കീഴിലുള്ള ഏതെങ്കിലും സ്ഥാപനത്തില്‍ ജോലിയില്‍ പ്രവേശിക്കാമെന്ന ധാരണയിലാണ് സമരം അവസാനിപ്പിച്ചത്.” സമരസമിതി അംഗമായ സുബ്രഹ്മണ്യന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
നിപ രോഗബാധക്കാലത്ത് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി ഐസലേഷന്‍ വാര്‍ഡില്‍ ജോലി ചെയ്തിരുന്ന ജീവനക്കാരെ നോട്ടീസ് പോലും നല്‍കാതെ പിരിച്ചു വിട്ടതില്‍ പ്രതിഷേധിച്ചായിരുന്നു മെഡിക്കല്‍ കോളജിന് മുന്നില്‍ ജീവനക്കാര്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയത്.
ജനുവരി നാലിന് ആരംഭിച്ച സമരം 15 ദിവസത്തിന് ശേഷമാണ് വിജയിച്ചത്.മറ്റു ജീവനക്കാര്‍ ജോലി ചെയ്യാന്‍ തയ്യാറാവാതിരുന്ന കാലത്ത് ജീവന്‍ പണയം വച്ച് ജോലി ചെയ്യാന്‍ തയ്യാറായ 45 ജീവനക്കാരെ ആണ് 2018 ഡിസംബര്‍ 31 ന് പിരിച്ചു വിട്ടത്.
ഇവരില്‍ 23 പേര്‍ക്കാണ് തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കുക. മറ്റ് ജീവനക്കാരുടെ ജോലിയും നഷ്ടപ്പെടാതിരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും അധികൃതര്‍ ഉറപ്പ് നല്‍കിയതായി സമരക്കാര്‍ പറഞ്ഞു.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിപയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച താല്‍ക്കാലിക ജീവനക്കാരെ നിലനിര്‍ത്താനാണ് ശ്രമിക്കുന്നതെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ നേരത്തെ പറഞ്ഞിരുന്നു. സമരം ചെയ്യുന്ന ജീവനക്കാരെ ഒരു ബ്രേക്ക് കൊടുത്ത് വീണ്ടും എടുത്ത് താല്‍ക്കാലികമായി തന്നെ അവിടെ നിര്‍ത്താനാണ് ശ്രമമെന്നും , കെ.എല്‍.എഫില്‍ ഇതുസംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കവെ ശൈലജ പറഞ്ഞിരുന്നു.