| Sunday, 17th September 2023, 1:24 pm

നിപ; കോഴിക്കോട് എന്‍.ഐ.ടിയില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച്  ക്ലാസുകളെന്ന് പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: നിപ രോഗവ്യാപനവുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയില്‍ നടപ്പിലാക്കിയ നിയന്ത്രണങ്ങള്‍ ലംഘിച്ച് കോഴിക്കോട് എന്‍.ഐ.ടിയില്‍ കഴിഞ്ഞ ദിവസം ക്ലാസുകളും പരീക്ഷകളും ഓഫ്‌ലൈനായി നടന്നിരുന്നു എന്ന് പരാതി. വിദ്യാര്‍ത്ഥികളാണ് പരാതിയുമായി രംഗത്തെത്തിയത്. നിയന്ത്രണങ്ങള്‍ നിലവില്‍ വന്നതിന് ശേഷവും ക്ലാസുകള്‍ നടന്നിരുന്നു എന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.

കോഴിക്കോട് ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കിയ സാഹചര്യത്തില്‍ എന്‍.ഐ.ടിയുടെ നടപടി വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ല കളക്ടറോട് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.

അതേസമയം എന്‍.ഐ.ടി ക്യാംപസ് കണ്ടെയ്‌മെന്റ് സോണല്ലാത്തതിനാല്‍  അവധി നല്‍കാനോ ഓണ്‍ലൈന്‍ മോഡിലേക്ക് മാറാനോ ഉദ്ദേശിക്കുന്നില്ലെന്നാണ് എന്‍.ഐ.ടി അധികൃതരില്‍ നിന്ന് ലഭിക്കുന്ന വിശദീകരണം. ക്യാംപസിന് സമീപത്തെവിടെയും നിപ സ്ഥിരീകരിക്കുകയും ചെയ്തിട്ടില്ലെന്നും എന്‍.ഐ.ടി അധികൃതര്‍ പറയുന്നു.

നിപ വ്യാപനത്തിന്റെ പശ്ചാതലത്തില്‍ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമേ പാടുള്ളൂ എന്നാണ് ഉത്തരവ്. ട്യൂഷന്‍ സെന്ററുകളും മദ്രസകളും അംഗന്‍വാടികളും അടക്കം പ്രവര്‍ത്തിക്കരുത് എന്നും ഉത്തരവിലുണ്ട്. ഇത്തരമൊരു ഉത്തരവ് നിലനില്‍ക്കെയാണ് കോഴിക്കോട് ജില്ലയിലെ കട്ടാങ്ങലില്‍ പ്രവര്‍ത്തിക്കുന്ന എന്‍.ഐ.ടി തുറന്ന് പ്രവര്‍ത്തിക്കുന്നത്.

CONTENT HIGHLIGHTS: nipa;Classes in violation of regulations in Kozhikode NIT

Latest Stories

We use cookies to give you the best possible experience. Learn more