| Tuesday, 12th September 2023, 5:48 pm

കോഴിക്കോട് നിപ തന്നെ; സ്ഥിരീകരിച്ച് കേന്ദ്ര ആരോഗ്യവകുപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ. കഴിഞ്ഞ ദിവസം കോഴിക്കോട്  മരിച്ചയാൾക്ക് നിപ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ വകുപ്പ് അറിയിച്ചു. പൂനൈ വൈറോളജി ഇന്സ്റ്റിറ്റ്യൂട്ടിൽ  മരിച്ചവരുടെ രക്ത സാമ്പിള്‍ പരിശോധനയിലാണ് നിപ സ്ഥിരീകരിച്ചത്. നാല് പേരുടെ പരിശോധനാ ഫലം കൂടെ വരാനുണ്ട്.

നേരത്തെ തന്നെ ഇതുമായി ബന്ധപ്പെട്ട സൂചനകള്‍ ലഭിച്ചതുകൊണ്ട്  കോഴിക്കോട്  ജില്ലയില്‍ വലിയ മുന്‍കരുതലുകള്‍ സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു. ഇത് നാലാം ദിവസമാണ് കേരളത്തില്‍ നിപ സ്ഥിരീകരിക്കുന്നത്. ഇതിനുമുമ്പ് കോഴിക്കോട് രണ്ട് തവണയും എറണാകുളത്ത് ഒരു തവണയുമാണ് രോഗം സ്ഥിരീകരിച്ചിരുന്നത്.

മരിച്ച രണ്ട് പേരുമായി സമ്പര്‍ക്കമുണ്ടായ വ്യക്തികളുടെ പട്ടിക സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ട്. പ്രാഥമികസമ്പര്‍ക്കത്തിലുള്ള 75 പേരുടെ പട്ടികയാണ് തയ്യാറാക്കിയത്.

നിപ സംശയത്തെ തുടര്‍ന്ന് സാഹചര്യം വിശകലനം ചെയ്യാനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ആരോഗ്യവകുപ്പിന്റെ ഉന്നതതല അവലോകന യോഗത്തിന് മന്ത്രി വീണ ജോര്‍ജ് കോഴിക്കോടെത്തിയിരുന്നു.

ഓഗസ്റ്റ് 30നാണ് ആദ്യമായുള്ള അസ്വാഭാവിക മരണം സംഭവിച്ചത്. തിങ്ങളാഴ്ചയാണ് രണ്ടാമത്തെ മരണമുണ്ടായത്. മരിച്ചവരുടെ ബന്ധുക്കളായ നാല് പേരാണ് നിലവില്‍ പനി ബാധിച്ച് ചികിത്സയിലുള്ളത്. ഇതില്‍ ഒമ്പത് വയസുള്ള കുട്ടിയുടെ നില ഗുരുതരമാണ്. കുട്ടി വെന്റിലേറ്ററില്‍ തുടരുകയാണ്. പത്ത് മാസം പ്രായമുള്ള കുട്ടിയും ചികിത്സയിലുണ്ട്. മറ്റാരുടെയും നില ഗുരുതരമല്ല.

Content Highlight: Nipa again in the state, Kozhikode last day

We use cookies to give you the best possible experience. Learn more