| Tuesday, 28th April 2020, 1:00 pm

ഡാറ്റകള്‍ ചോര്‍ന്നിട്ടുണ്ടാകാമെന്ന് വെളിപ്പെട്ടുത്തി നിന്‍ടെന്‍ഡോ; 160000 അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടുകാണുമെന്നും കമ്പനി

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: 160000 അക്കൗണ്ടുകളുടെ ഉപയോക്തൃ വിവരങ്ങള്‍ അനധികൃതമായി ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടാവാം എന്ന് വെളിപ്പെടുത്തി നിന്‍ടെന്‍ഡോ.

ക്യോട്ടോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ജാപ്പനീസ് മള്‍ട്ടിനാഷണല്‍ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ്, വീഡിയോ ഗെയിം കമ്പനിയാണ് നിന്‍ടെന്‍ഡോ.

നിന്‍ടെന്‍ഡോ അക്കൗണ്ടുകളുടെ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ആക്സസ് ചെയ്യുന്നതിന് നിയമ വിരുദ്ധമായി ലഭിച്ച ലോഗിന്‍ ഐഡികളും പാസ് വേര്‍ഡുകളും ഉപയോഗിച്ചിട്ടുണ്ട് എന്നാണ് കമ്പനി വെളിപ്പെടുത്തിയിരിക്കുന്നത്.

നുഴഞ്ഞ് കയറാന്‍ വേണ്ടി ഹാക്കര്‍മാര്‍ നിന്‍ടെന്‍ഡോ നെറ്റ്വര്‍ക്ക് ഐഡി (എന്‍എന്‍ഐഡി) ആള്‍മാറാട്ടം നടത്തിയെന്നും ഇക്കാരണത്താല്‍, എന്‍.എന്‍.ഐഡി ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് അവരുടെ അക്കൗണ്ടിലേക്ക് പ്രവേശിക്കാന്‍ പറ്റുന്നത് നിര്‍ത്തിവെക്കുകയാണെന്നും കമ്പനി പറഞ്ഞു.

1,60,000 അക്കൗണ്ടുകളിലേക്ക് അനധികൃതമായി നുഴഞ്ഞുകയറ്റം നടന്നിട്ടുണ്ടാകാമെന്നും അത് മൂലം മൂന്നാമതൊരാള്‍ക്ക് ഉപയോക്താവിന്റെ ജനന തീയതി, രാജ്യം / പ്രദേശം, ഇമെയില്‍ വിലാസം, വിളിപ്പേര് എന്നിവ കണ്ടിരിക്കാമെന്നും കമ്പനി അറിയിച്ചു.

എന്‍.എന്‍.ഐഡിയുടെ ഉപയോഗം നിര്‍ത്തുന്നതിനുപുറമെ, അനുചിതമായി ആക്സസ് ചെയ്തിരിക്കാവുന്ന അക്കൗണ്ടുകളുടെ പാസ് വേഡുകളും നിന്‍ടെന്‍ഡോ റീ സെറ്റ് ചെയ്യുമെന്നും കമ്പനി വ്യക്തമാക്കി.

എന്‍.എന്‍.ഡി, നിന്‍ടെന്‍ഡോ അക്കൗണ്ടുകള്‍ക്കായി വ്യത്യസ്ത പാസ്വേഡുകള്‍ ഉപയോഗിക്കാന്‍ കമ്പനി ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു. അക്കൗണ്ട് സുരക്ഷിതമാക്കാന്‍ ടുസ്റ്റെപ്പ് വെരിഫിക്കേഷന്‍ ചെയ്യണമെന്നും നിന്‍ടെന്‍ഡോ പറഞ്ഞു.

ലോക്ക് ഡൗണ്‍ സമയത്ത് വീഡിയോ ഗെയിമിനുള്ള ആവശ്യം വലിയ രീതിയില്‍ വര്‍ദ്ധിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. യു.എസ്സില്‍ ഗെയിമിംഗ് ഹാര്‍ഡ്വെയര്‍, സോഫ്റ്റ് വെയര്‍, ആക്‌സസറീസ് എന്നിവയുടെ വില്‍പ്പന മാര്‍ച്ചില്‍ 35 ശതമാനം ഉയര്‍ന്ന് 12,200 കോടി രൂപയോളം എത്തിയാതായും പറയുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more