| Saturday, 6th February 2021, 11:15 am

ഏഴുവര്‍ഷം മുന്‍പത്തെ പി.എസ്.സി ലിസ്റ്റാണ് ഏഷ്യാനെറ്റ് കാണിക്കുന്നത്; കാലടിയിലെ നിയമനവുമായി ബന്ധമില്ല: നിനിത കണിച്ചേരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കാലടി സര്‍വകലാശാലയിലെ നിയമന വിവാദത്തോട് പ്രതികരിച്ച് എം. ബി രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരി. ഏഴുവര്‍ഷം മുന്‍പേയുള്ള പി.എസ്.സി റാങ്ക് ലിസ്റ്റാണ് ചാനല്‍ ചര്‍ച്ചയില്‍ കാണിച്ച് കൊണ്ടിരിക്കുന്നതെന്നും അവതാരകനായ വിനു വി. ജോണ്‍ നടത്തുന്നത് വ്യക്തിഹത്യയാണെന്നുമായിരുന്നു നിനിത പറഞ്ഞത്. ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയിലേക്ക് വിളിച്ചായിരുന്നു നിനിതയുടെ പ്രതികരണം.

‘ഞാന്‍ ഈ ചര്‍ച്ച ഇത്രയും നേരമായിട്ട് കണ്ട് കൊണ്ടിരിക്കുകയായിരുന്നു. ഇതിന്റെയൊക്കെ ലക്ഷ്യം ഞാനല്ല എന്ന് അറിയാവുന്നത് കൊണ്ടാണ് ഞാന്‍ ഇതില്‍ പ്രതികരിക്കാതിരുന്നത്. ഈ ചര്‍ച്ച എന്നെ കൂടി ബാധിക്കുന്നതാണെന്നുള്ളത് കൊണ്ടാണ് കണ്ടത്. പക്ഷെ എന്നെക്കുറിച്ച് നിങ്ങള്‍ വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞ് കൊണ്ടിരിക്കുമ്പോള്‍ അത് ബോധ്യപ്പെടുത്താന്‍ മാത്രമാണ് ഞാന്‍ ഇപ്പോള്‍ വിളിക്കുന്നത്.

ഏഷ്യാനെറ്റ് ഇപ്പോള്‍ റാങ്ക് ലിസ്റ്റിലെ എന്റെ പേര് കാണിച്ച് കൊണ്ടിരിക്കുകയാണ്. ഇത് ഏഴു കൊല്ലം മുമ്പ് ഞാന്‍ എഴുതിയ പി.എസ്.സി റാങ്ക് പട്ടികയാണ്,’ നിനിത പറഞ്ഞു.

212ാം റാങ്കുകാരിയായി തന്നെ കാണിക്കുന്ന നിങ്ങള്‍, എന്നെ ഒന്നാം റാങ്ക് കാരിയായി പ്രഖ്യാപിച്ച സര്‍വ്വകലാശാലാ റാങ്ക് ലിസ്റ്റില്‍ രണ്ടും മൂന്നും റാങ്ക് നേടിയവര്‍ ഈ പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഉണ്ടോ എന്ന് കാണിക്കേണ്ടതാണ്. അതൊരു മര്യാദയാണ്. നിങ്ങള്‍ എന്റെ പേരും എന്റെ റാങ്കും മാത്രമാണ് കാണിക്കുന്നതെന്നും നിനിത പറഞ്ഞു.

പക്ഷെ ഇതിലെ മറ്റു രണ്ട് പേരും ആ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടാത്ത ആളുകളാണ്. സത്യത്തില്‍ സര്‍വകലാശാല നിയമനവുമായി ബന്ധപ്പെട്ട് ഈ റാങ്ക് ലിസ്റ്റിന് യാതൊരു ബന്ധവുമില്ല. എന്നിട്ട് ഈ റാങ്ക് ലിസ്റ്റ് കാണിച്ച് ഞാന്‍ പുറകില്‍ നില്‍ക്കുന്ന ആളാണ് എന്ന് നിങ്ങള്‍ ഫലിപ്പിച്ച് കൊണ്ടിരിക്കുകയാണ്.

‘നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിങ്ങള്‍ സര്‍വ്വകലാശാലയോട് ചോദിച്ചോളൂ. ഞാനും അത് തന്നെയാണ് ആവശ്യപ്പെടുന്നത്. അതിലൊന്നും എനിക്ക് അഭിപ്രായം പറയാനില്ല. പക്ഷെ ഇപ്പോള്‍ നിങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത് വ്യക്തിഹത്യയാണ്,’ നിനിത പറഞ്ഞു. ഈ റാങ്ക് ലിസ്റ്റിലുള്ള ആളുകളെ മറികടന്നാണ് താന്‍ നിയമനം തേടിയതെന്നാണ് ഏഷ്യാനെറ്റ് പറഞ്ഞു വെക്കുന്നതെന്നും നിനിത കൂട്ടിച്ചേര്‍ത്തു.

വിവാദം തങ്ങളുടെ മേലേക്ക് ചാരാനുള്ള ലക്ഷ്യം വെച്ചായിരിക്കും നിനിത വിളിച്ചതെന്ന് അറിയാമായിരുന്നു എന്നാണ് വിനു മറുപടിയായി പറഞ്ഞത്. നിനിതയെ അഭിമുഖം ചെയ്ത മൂന്ന് വിഷയ വിദഗ്ധരാണ് ഇത് ചര്‍ച്ചയാക്കിയതെന്നും ഏഷ്യാനെറ്റ് അല്ലെന്നുമാണ് വിനു പറഞ്ഞത്.

എന്നാല്‍ അത്തരമൊരു വാദം താന്‍ ഉന്നയിച്ചില്ലെന്നും വിനു ആവശ്യമില്ലാത്ത കാര്യങ്ങള്‍ പറയരുതെന്നുമായിരുന്നു നിനിത പറഞ്ഞത്. ഈ നാട്ടില്‍ ഭര്‍ത്താവിന്റെ മേല്‍വിലാസത്തില്‍ മാത്രമല്ല സത്രീകള്‍ ജീവിക്കുന്നത്. സ്വതന്ത്രമായി ജീവിതം കൂടി സ്ത്രീകള്‍ക്കുണ്ടെന്നും നിനിത കൂട്ടിച്ചേര്‍ത്തു.

ഒരു പ്രമുഖന്റെ ഭാര്യ ആയതുകൊണ്ടാണ് നിയമനം കൊടുക്കുന്നതെന്ന് പറയുന്ന വാദങ്ങള്‍ ഉയര്‍ത്തുന്നത് ശരിയല്ലെന്ന് കാലടി സര്‍വകലാശാല പ്രതിനിധിയായ ലിസി മാത്യു വിഷയത്തില്‍ ഇടപെട്ട് പറഞ്ഞു. ഇന്റര്‍വ്യൂ ബോര്‍ഡില്‍ ആറു പേര്‍ ഇരുന്ന ചര്‍ച്ചയില്‍ ഒരാള്‍ മാര്‍ക്ക് കൂടുതല്‍ കൊടുത്തത് കൊണ്ട് അയാള്‍ക്ക് ജോലി നല്‍കണമെന്ന് പറയുന്നത് ശരിയല്ലെന്നും ലിസി മാത്യു പറഞ്ഞു.

ഡോ. ഉമര്‍ തറമേല്‍, കെ.എം ഭരതന്‍, ടി. പവിത്രന്‍ എന്നിവരാണ് നിയമനത്തില്‍ അട്ടിമറി ആരോപിച്ച് രജിസ്ട്രാര്‍ക്ക് കത്ത് നല്‍കിയത്. നിനിത കണിച്ചേരി പട്ടികയിലുണ്ടായിരുന്നില്ലെന്നും ലിസ്റ്റ് അട്ടിമറിച്ചതാണെന്നും മൂന്ന് പേരും കത്തില്‍ വ്യക്തമാക്കുന്നു.

തങ്ങള്‍ തയ്യാറാക്കി നല്‍കിയ മൂന്ന് പേരുടെ ലിസ്റ്റില്‍ നിനിത കണിച്ചേരിയുടെ പേര് ഉണ്ടായിരുന്നില്ല. മാത്രമല്ല ഇപ്പോള്‍ പട്ടികയിലുള്ള മൂന്ന് പേരില്‍ ഒരാള്‍ മാത്രമേ തങ്ങള്‍ നല്‍കിയ ലിസ്റ്റില്‍ ഉണ്ടായിരുന്നുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.

വി.സിയടക്കമുള്ള ഏഴംഗ സമിതിയില്‍ മൂന്ന് വിഷയവിദഗ്ധര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇവരാണ് ഉദ്യോഗാര്‍ത്ഥിക്ക് യോഗ്യതയുണ്ടോ എന്ന് പരിശോധിക്കേണ്ടത്. എന്നാല്‍ തങ്ങളുടെ തെരഞ്ഞെടുപ്പ് അനുസരിച്ച് നിനിത കണിച്ചേരിക്ക് യോഗ്യത ഉണ്ടായിരുന്നില്ലെന്നും അതുകൊണ്ട് തന്നെ ഈ പട്ടിക അട്ടിമറിക്കപ്പെട്ടുവെന്നാണ് വി.സിക്ക് നല്‍കിയ കത്തില്‍ ഇവര്‍ പറയുന്നത്. നിനിതയേക്കാള്‍ യോഗ്യതയുള്ളവരുണ്ടായിട്ടും അവരെയെല്ലാം തഴഞ്ഞാണ് നിനിതയ്ക്ക് നിയമനം നല്‍കിയെന്നാണ് ആരോപണം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Ninitha Kanichery wife of MB Rajesh responds on Kaladi University appointment

We use cookies to give you the best possible experience. Learn more