| Tuesday, 9th February 2021, 11:49 am

നിനിത കണിച്ചേരി നിയമന വിവാദം: വി.സിക്ക് നല്‍കിയ പരാതിയില്‍ നിന്നും പിന്മാറി ടി. പവിത്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവന്തപുരം: കാലടി സര്‍വ്വകലാശാലയിലെ അസി. പ്രൊഫസര്‍ തസ്തികയിലേക്കുള്ള എം.ബി രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിയുടെ നിയമനത്തില്‍ എതിര്‍പ്പറിയിച്ച് വിസിക്ക് കത്തയച്ച വിദഗ്ധരില്‍ ഒരാളായ ഡോ. ടി പവിത്രന്‍ പിന്മാറി. പിന്മാറിയെന്ന് കാണിച്ച് പവിത്രന്‍ വി.സിക്ക് കത്തയച്ചു.

നിനിത കണിച്ചേരിയുടെ നിയമനത്തില്‍ എതിര്‍പ്പറിയിച്ച് മൂന്ന് പേരായിരുന്നു പരാതി നല്‍കിയത്. അതില്‍ ഒരാളാണ് ഇപ്പോള്‍ പിന്മാറിയിരിക്കുന്നത്. വിഷയവിദഗ്ധര്‍ക്കാണ് നിയമനത്തില്‍ അധികാരമെന്ന് കരുതിയാണ് വിയോജപ്പറിയിച്ചതെന്നാണ് പി. പവിത്രന്റെ വിശദീകരണം.
ഇപ്പോള്‍ നടക്കുന്ന രാഷ്ട്രീയ വിവാദത്തില്‍ താല്‍പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ടി പവിത്രനെ കൂടാതെ ഡോ:ഉമര്‍ തറമേല്‍, കെഎം ഭരതന്‍ എന്നിവരാണ് കത്ത് നല്‍കിയത്. ലിസ്റ്റ് അട്ടിമറിച്ചതാണെന്നും നിനിത കണിച്ചേരി പട്ടികയിലുണ്ടായിരുന്നില്ലെന്നുമാണ് മൂവരും വിസിക്കയച്ച കത്തില്‍ പറയുന്നത്.

അതേസമയം നിനിത കണിച്ചേരിയെ നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ അന്വേഷണം നടത്തേണ്ട ആവിശ്യമില്ലെന്ന് വൈസ് ചാന്‍സലര്‍ വ്യക്തമാക്കിയിരുന്നു. നിനിത കണിച്ചേരിയുടെ നിയമനം റദ്ദാക്കില്ലെന്നും കാലടി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ധര്‍മരാജ് അടാട്ട് പറഞ്ഞിരുന്നു. നിനിതയുടെ നിയമനത്തില്‍ ഗവര്‍ണര്‍ വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും രണ്ട് ദിവസം കൊണ്ട് മറുപടി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, പരാതിയുമായി രംഗത്തെത്തിയ വിഷയ വിദഗ്ധര്‍ക്കെതിരെയും വൈസ് ചാന്‍സലര്‍ രംഗത്തെത്തിയിരുന്നു. അവര്‍ ചെയ്തതിന് വിരുദ്ധമായി സംസാരിക്കുകയാണെന്നും ആരുടെയെങ്കിലും പേര് പറയാനല്ല വിഷയ വിദഗ്ധരെ നിയോഗിച്ചിരിക്കുന്നതെന്നും അവര്‍ പറയുന്നയാള്‍ക്കല്ല നിയമനം നല്‍കുകയെന്നും വിസി പ്രതികരിച്ചിരുന്നു.

ഉദ്യോഗാര്‍ത്ഥിയ്ക്ക് വിഷയത്തില്‍ ജ്ഞാനമുണ്ടോയെന്ന് സെലക്ഷന്‍ കമ്മിറ്റിയെ ബോധ്യപ്പെടുത്താന്‍ സഹായിക്കുന്നതിനാണ് വിഷയ വിദഗ്ധരെ വെക്കുന്നത്. സെലക്ഷന്‍ കമ്മിറ്റി ഒന്നിച്ചാണ് തീരുമാനം എടുക്കുക. ഇന്റര്‍വ്യൂ ബോര്‍ഡിലെ മറ്റുള്ളവരും വിഷയ വിദഗ്ധര്‍ തന്നെയാണ്. മാര്‍ക്ക് ലിസ്റ്റ് പുറത്ത് വിടില്ലെന്നും കോടതി ആവശ്യപ്പെട്ടാല്‍ അപ്പോള്‍ ഹാജരാക്കുമെന്നും ധര്‍മരാജ് അടാട്ട് പറഞ്ഞിരുന്നു. പരാതി ഉന്നയിച്ചവര്‍ റാങ്ക് ലിസ്റ്റില്‍ ഒപ്പിട്ടതാണെന്നും വൈസ് ചാന്‍സലര്‍ വ്യക്തമാക്കിയിരുന്നു.

തങ്ങളുടെ തെരഞ്ഞെടുപ്പനുസരിച്ച് നിനിത കണിച്ചേരിക്ക് യോഗ്യതയുണ്ടായിരുന്നില്ലെന്നും നിനിതയെ തങ്ങള്‍ തെരഞ്ഞെടുത്തിട്ടില്ലായിരുന്നെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഡോ:ഉമര്‍ തറമേല്‍, കെ.എം ഭരതന്‍, ടി. പവിത്രന്‍ എന്നിവര്‍ വി.സിക്കും രജിസ്ട്രാര്‍ക്കും കത്ത് നല്‍കിയത്.

ഇന്റര്‍വ്യൂ ബോഡിന്റെ ഏഴംഗ സമിതിയില്‍ മൂന്നുപേര്‍ മാത്രമായിരുന്നു വിഷയവിദഗ്ധരായി ഉണ്ടായിരുന്നത്. ഉദ്യോഗാര്‍ത്ഥിക്ക് യോഗ്യതയുണ്ടോ എന്ന് പരിശോധിക്കേണ്ടത് വിഷയ വിദഗ്ധരാണ്.

എന്നാല്‍ റാങ്ക്‌ലിസ്റ്റ് അട്ടിമറി ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നായിരുന്നു നിനിത കണിച്ചേരിയുടെ പ്രതികരണം. ഏഴ് വര്‍ഷം മുന്‍പുള്ള ഒരു പി.എസ്.സി റാങ്ക് ലിസ്റ്റില്‍ തന്റെ പേര് 212-ാം റാങ്കിലാണെന്ന് ചൂണ്ടിക്കാണിച്ച് ഏഷ്യാനെറ്റ് ഉള്‍പ്പെടെയുള്ള ചില മാധ്യമങ്ങള്‍ തനിക്കെതിരെ വ്യക്തിഹത്യ നടത്തുകയാണെന്നും നിനിത ആരോപിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Ninitha Kanichery Posting Interview Board Member Withdraw complaint

Latest Stories

We use cookies to give you the best possible experience. Learn more