| Saturday, 6th February 2021, 5:17 pm

സ്വാധീനിച്ച് നിയമനം ലഭിക്കാനായിരുന്നെങ്കില്‍ പത്ത് വര്‍ഷം വരെ കാത്തിരിക്കേണ്ടിയിരുന്നില്ല; നിയമന വിവാദത്തില്‍ നിനിത കണിച്ചേരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: താന്‍ ഇതുവരെ ആരെയും സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് എം.ബി രാജേഷിന്റെ ഭാര്യയും നിയമന വിവാദത്തില്‍ ആരോപണ വിധേയയുമായ നിനിത കണിച്ചേരി. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ജോലി നേടുകയായിരുന്നു ലക്ഷ്യമെങ്കില്‍ പത്ത് വര്‍ഷം വരെ കാത്തിരിക്കേണ്ടി വരില്ലായിരുന്നെന്നും നിനിത പറഞ്ഞു. മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

’11 വര്‍ഷമായി എനിക്ക് നെറ്റ് കിട്ടിയിട്ട്. മുമ്പ് പരീക്ഷ എഴുതി കിട്ടാത്ത ഒരു ഉദ്യോഗാര്‍ത്ഥിയ്ക്ക് പി.എച്ച്.ഡി നേടി സെമിനാറുകള്‍ അവതരിപ്പിച്ച ശേഷം യോഗ്യത കിട്ടില്ലെന്നുണ്ടോ? രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് ജോലി നേടുക എന്നതായിരുന്നു ലക്ഷ്യമെങ്കില്‍ നെറ്റ് കിട്ടി പത്ത് വര്‍ഷം വരെ കാത്തിരിക്കേണ്ടതില്ലല്ലോ,’ നിനിത കണിച്ചേരി പറഞ്ഞു.

ആറോ ഏഴോ എയ്ഡഡ് സ്ഥാപനങ്ങളില്‍ ഞാന്‍ ഇതുപോലെ ഇന്റര്‍വ്യൂവിന് പോയിട്ടുണ്ട്. അന്നും ഇന്നും ആരെയും സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും നിനിത പറഞ്ഞു.

എം. ബി രാജേഷിനെ തകര്‍ക്കാന്‍ താന്‍ ഒന്നിനും കൊള്ളാത്തയാള്‍ എന്ന രീതിയില്‍ വിവാദമുണ്ടാക്കുന്നതില്‍ ദുഃഖമുണ്ട്. രാജേഷിന്റെ പേര് കൊണ്ട് ഞാന്‍ ഒന്നും നേടിയെടുത്തിട്ടില്ല. രാജേഷിനോടുള്ള വിരോധം തീര്‍ക്കാന്‍ തന്നെ ഇരയാക്കുകയാണെന്നും നിനിത പറഞ്ഞു.

സ്‌കൂള്‍ അധ്യാപികയായ തനിക്ക് യൂണിവേഴ്‌സിറ്റിയില്‍ ജോലി കിട്ടി എന്ന തരത്തില്‍ സ്‌കൂള്‍ അധ്യാപനത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള പ്രചരണമാണ് നടക്കുന്നതെന്നും നിനിത പറഞ്ഞു.

‘വെറും ഒരു സ്‌കൂള്‍ അധ്യാപികയായ എനിക്ക് ജോലി കിട്ടി എന്ന തരത്തില്‍ സ്‌കൂള്‍ അധ്യാപനത്തെ വരെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പ്രചരണമാണ് നടക്കുന്നത്. സ്‌കൂള്‍ അധ്യാപകരില്‍ പലരും നെറ്റും പി.എച്ച്ഡിയും ജെ.ആര്‍.എഫും ഉള്ളവരാണ്. ഞാന്‍ പി.എസ്.സി പരീക്ഷയെഴുതി തന്നെയാണ് സര്‍ക്കാര്‍ സ്‌കൂളില്‍ അധ്യാപികയായി ജോലിക്ക് പ്രവേശിച്ചത്. അതുകൊണ്ടാണ് ഗസ്റ്റ് ലക്ചററായി ഞാന്‍ ജോലിക്കു പോവാതിരുന്നത്. എനിക്ക് പി.എസ്.സി പരീക്ഷയെഴുതി കിട്ടിയില്ലെങ്കില്‍ സ്വാഭാവികമായി ഞാനും ഗസ്റ്റ് ലക്ചററായി ജോലിക്കു പോയിക്കാണും. ഇതെല്ലാം മറച്ചുവെച്ച്, രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള ആരോപണങ്ങളാണ് നടക്കുന്നത്,’ നിനിത പറഞ്ഞു.

തനിക്ക് നെറ്റുണ്ട്. പി.എച്ച്.ഡിയുമുണ്ട്. നെറ്റിന് പത്ത് മാര്‍ക്കുണ്ട്. പി.എച്ച്.ഡിക്ക് 30 മാര്‍ക്കുമുണ്ട്. ആറ് സെമിനാറുകള്‍ ഞാന്‍ അവതരിപ്പിച്ചിട്ടുമുണ്ട്. വെയിറ്റേജ് മാര്‍ക്ക് കിട്ടാന്‍ അഞ്ചു സെമിനാര്‍ അവതരിപ്പിച്ചാല്‍ മതി. ഈ മാര്‍ക്കെല്ലാം പരിഗണിച്ചാണ് 60 മാര്‍ക്ക് കട്ട് ഓഫിനുള്ളിലേക്ക് ഞാന്‍ വന്നതെന്നും നിനിത പറഞ്ഞു.

രണ്ടാം റാങ്കുകാരിക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഒപ്പിട്ടു കൊടുക്കുന്നത് എനിക്കെതിരേ ആരോപണമുന്നയിച്ച അതേ ഇന്റര്‍വ്യൂ ബോര്‍ഡ് അംഗമാണെന്ന ആരോപണവും നിനിത ഉന്നയിച്ചു.

ഇന്റര്‍വ്യൂവിന് പോയി അവിചാരിതമായി വിദ്യാര്‍ത്ഥിയോ സഹപ്രവര്‍ത്തകയോ വന്നിരിക്കും പോലെയാണോ ഇത്. ഇത്രയേറെ ധാര്‍മികത പറയുന്നവര്‍ ഇന്റര്‍വ്യൂ ബോര്‍ഡില്‍ നിന്ന് മാറിനില്‍ക്കേണ്ടതല്ലേ എന്നും നിനിത ചോദിക്കുന്നു.

രണ്ടാം റാങ്കുകാരിയുടെ അധ്യാപകനും ഇന്റര്‍വ്യൂ ബോര്‍ഡിലുണ്ടായിരുന്നുവെന്നും നിനിത പറഞ്ഞു. ഇന്റര്‍വ്യൂ ബോര്‍ഡില്‍ വ്യക്തിപരമായി ആരെയും പരിചയമില്ലാത്ത ഒരാള്‍ താനാണ് എന്നും നിനിത പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Ninitha Kanichery on University appointment

We use cookies to give you the best possible experience. Learn more