| Friday, 26th May 2023, 6:55 pm

ഒമ്പത് വര്‍ഷം-ഒമ്പത് ചോദ്യങ്ങള്‍; മോദിക്കുള്ള ചോദ്യവുമായി കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മെയ് 30ന് ഒമ്പത് വര്‍ഷത്തെ ഭരണം പൂര്‍ത്തിയാക്കുന്ന പ്രധാനമന്ത്രിയോട് ഒമ്പത് ചോദ്യങ്ങള്‍ ചോദിച്ച് കോണ്‍ഗ്രസ്. ‘ഒമ്പത് വര്‍ഷം ഒമ്പത് ചോദ്യങ്ങള്‍ (9 saal 9 sawaal) എന്ന ഡോക്യുമെന്റ് ആണ് കോണ്‍ഗ്രസ് വെള്ളിയാഴ്ച പുറത്തിറക്കിയത്. സാമ്പത്തികം, അഴിമതി, ചൈന- അതിര്‍ത്തി പ്രശ്‌നങ്ങള്‍, കൊവിഡ് മാനേജ്‌മെന്റ്, സാമൂഹ്യ നീതി തുടങ്ങിയ പ്രശ്‌നങ്ങളാണ് ഡോക്യുമെന്റില്‍ പറയുന്നത്.

‘ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മോദി പ്രധാനമന്ത്രിയായത്. ഞങ്ങള്‍ പ്രധാനമന്ത്രിയോട് ഒമ്പത് ചോദ്യങ്ങള്‍ ചോദിക്കാന്‍ ആഗ്രഹിക്കുകയാണ്. ഈ ഒമ്പത് ചോദ്യങ്ങള്‍ നേരത്തെ ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധി ചോദിച്ചതാണ്. എന്നാല്‍ ഒരു ചോദ്യത്തിനും അദ്ദേഹം മറുപടി പറഞ്ഞില്ല. പ്രധാനമന്ത്രിയുടെ നിശബ്ദത അവസാനിപ്പിക്കാന്‍ നിരന്തരം ഇതേ ചോദ്യങ്ങള്‍ ആവര്‍ത്തിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാകുന്നു,’ കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.

പാര്‍ട്ടി ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ജയറാം രമേശ് അടങ്ങുന്ന നേതാക്കള്‍ ചോദ്യങ്ങള്‍ അടങ്ങിയ ഡോക്യുമെന്റ് പുറത്തിറക്കിയത്.

‘പണപ്പെരുപ്പം, ജി.എസ്.ടിയുടെ തെറ്റായ നടപ്പാക്കല്‍, നോട്ട് നിരോധനം, തൊഴിലില്ലായ്മ എന്നിവ മൂലം ജനങ്ങള്‍ ബുദ്ധിമുട്ടിലാണ്. പണക്കാര്‍ വീണ്ടും പണക്കാരായി മാറുന്നു, പാവങ്ങള്‍ കൂടുതല്‍ പാവങ്ങളായി മാറുന്നു. എന്നിട്ടും എന്തിനാണ് പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കുന്നത്?

ഈ ഒമ്പത് വര്‍ഷത്തിനുള്ളില്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാത്തത് എന്തുകൊണ്ട്? കര്‍ഷക സമരത്തില്‍ എം.എസ്.പി നടപ്പാക്കുമെന്ന് നല്‍കിയ ഉറപ്പ് കര്‍ഷക നിയമങ്ങള്‍ റദ്ദാക്കിയിട്ടും പാലിച്ചില്ല.

നിങ്ങളുടെ സുഹൃത്ത് അദാനിക്ക് ലാഭമുണ്ടാക്കാന്‍ നിങ്ങള്‍ എന്തിനാണ് എല്‍.ഐ.സിയിലെയും എസ്.ബി.ഐയിലെയും ആളുകളെ കഷ്ടപ്പെടുത്തിയത്? കള്ളന്മാരെ എന്തിനാണ് നിങ്ങള്‍ സംരക്ഷിക്കുന്നത്?

ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ അഴിമതിയില്‍ നിങ്ങള്‍ എന്തിനാണ് നിശബ്ദരായിരിക്കുന്നത്? നിങ്ങള്‍ എന്തിനാണ് ജനങ്ങളെ ബുദ്ധിമുട്ടിപ്പിക്കുന്നത്?

2020ല്‍ നിങ്ങള്‍ ചൈനക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടും അവര്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ അധിനിവേശം തുടരുകയാണ്. ചൈനയുമായി 18 കൂടിക്കാഴ്ചകള്‍ നടന്നിട്ടും എന്തുകൊണ്ടാണ് അവര്‍ ഇന്ത്യന്‍ പ്രദേശം വിട്ട് കൊടുക്കാന്‍ വിസമ്മതിക്കുകയും പകരം ആക്രമണാത്മക തന്ത്രങ്ങള്‍ തുടരുകയും ചെയ്യുന്നത്?

എന്തുകൊണ്ടാണ് നിങ്ങള്‍ ബോധപൂര്‍വം വെറുപ്പിന്റെ രാഷ്ട്രീയം തെരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നത്? എന്തുകൊണ്ടാണ് നിങ്ങളുടെ അടിച്ചമര്‍ത്തല്‍ സര്‍ക്കാര്‍ സാമൂഹിക നീതിയുടെ അടിത്തറ തകര്‍ക്കുന്നത്?

സ്ത്രീകള്‍, ദളിതര്‍, എസ്.സി-എസ്.ടി വിഭാഗങ്ങള്‍, ഒ.ബി.സി, ന്യൂനപക്ഷം എന്നിവര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ നിങ്ങള്‍ എന്തുകൊണ്ടാണ് പ്രതികരിക്കാത്തത്? കോണ്‍ഗ്രസിന്റെയും പ്രതിപക്ഷ പാര്‍ട്ടികളുടെയും ജാതി സെന്‍സസ് എന്ന ആവശ്യം എന്തുകൊണ്ടാണ് നിങ്ങള്‍ തള്ളിക്കളയുന്നത്?

നിങ്ങള്‍ എന്തുകൊണ്ടാണ് പ്രതിപക്ഷ പാര്‍ട്ടികളോടും നേതാക്കളോടും പ്രതികാരത്തിന്റെ രാഷ്ട്രീയം ഉപയോഗിക്കുന്നത്? ദരിദ്രരുടെയും ആദിവാസികളുടെയും ക്ഷേമത്തിനുള്ള പദ്ധതികളും അവരുടെ ബജറ്റുകളും വെട്ടിക്കുറക്കുന്നത് എന്തിനാണ്?

കൊവിഡ് പകര്‍ച്ചവ്യാധി മൂലം 40 ലക്ഷത്തിലധികം പേര്‍ മരിച്ചിട്ടും അവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ മോദി സര്‍ക്കാര്‍ വിസമ്മതിക്കുന്നത് എന്തുകൊണ്ട്?,’ ഒമ്പത് ചോദ്യങ്ങളെ ഉദ്ധരിച്ച് ജയറാം രമേശ് പറഞ്ഞു.

ഒമ്പത് വര്‍ഷത്തെ ബി.ജെ.പി സര്‍ക്കാരിന്റെ പരാജയങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ 35 നഗരങ്ങളില്‍ വാര്‍ത്താ സമ്മേളനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം മോദി ജനങ്ങളോട് മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയും ആവശ്യപ്പെട്ടു.

content highlight: Nine years—nine questions; Congress with a question to Modi

Latest Stories

We use cookies to give you the best possible experience. Learn more