തേനി: കൊരങ്ങിണി വനമേഖലയില്‍ ഉണ്ടായ കാട്ടുതീയില്‍ അകപ്പെട്ടവരെ രക്ഷിക്കാനുള്ള സര്‍ക്കാര്‍ നടപടികളില്‍ പിഴവു പറ്റിയെന്ന് ആരോപണം. പരുക്കേറ്റവരെ വേഗം കൊണ്ടുപോകാനുള്ള സംവിധാനം ഒരുക്കിയില്ലെന്നും വെള്ളം പോലും കിട്ടാതെ പരുക്കേറ്റവര്‍ നരകിച്ചുവെന്നും നാട്ടുകാര്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
വനംവകുപ്പിന്റെ വീഴ്ചയാണ് അപകടകാരണം. വനംവകുപ്പിന്റെ സഹായത്തോടെ അനധികൃത ട്രെക്കിങ് വനത്തില്‍ നടക്കുന്നു. ചൂടേറിയ ഏപ്രില്‍, മെയ് മാസങ്ങളില്‍ ഇവിടെ അനധികൃതമായി തീയിടാറുണ്ട്. ഇത്തരം അവസരങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് വനംവകുപ്പ് സുസജ്ജരായിരിക്കണം.
പരുക്കേറ്റവരെ കൊണ്ടുവരാനായി ഒരു പുതപ്പു പോലും വനം വകുപ്പിന്റെ കൈവശം ഇല്ലായിരുന്നുവെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയതെന്നും ഇവര്‍ പറഞ്ഞു.
അതേസമയം കാട്ടുതീയില്‍ ഒന്‍പതു പേര്‍ കൊല്ലപ്പെട്ടു. 27 പേര്‍ക്കാണ് പരുക്കേറ്റത്. ഇതില്‍ ഒരു മലയാളിയും ഉള്‍പ്പെട്ടിട്ടുണ്ട്. ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ കോട്ടയം പാലാ സ്വദേശിനി ബീന ജോര്‍ജ്ജാണ് പരുക്കേറ്റ മലയാളി. ഇവര്‍ ഐ.ടി ഉദ്യോഗസ്ഥയാണെന്നാണ് വിവരം.
കാട്ടുതീ നിയന്ത്രണവിധേയമായിട്ടുണ്ട്. പരുക്കേറ്റവരെ തേനി മെഡിക്കല്‍ കോളേജ്, ബോഡിനായ്ക്കന്നൂര്‍ ജനറല്‍ ആശുപത്രി, എന്നിവിടങ്ങളിലാണ് പ്രവേശിപ്പിച്ചത്. നേവിയുടെ ഹെലികോപ്റ്ററുകളും കോയമ്പത്തൂരില്‍ നിന്നെത്തിയ വ്യോമസേന കമാന്‍ഡോകളുടേയും സഹായത്തോടെയുമാണ് തിരച്ചില്‍ പുരോഗമിക്കുന്നത്.
39 പേരാണ് വനത്തില്‍ ട്രെക്കിങ്ങിനു പോയത്. ഇതുവരെ 27 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. മൂന്നു പേരെ ഇനിയും കണ്ടെത്താനുണ്ട്.