|

പന്തെറിയാന്‍ ഇനി അവനും വിക്കറ്റ് കീപ്പറും മാത്രമേ ബാക്കിയൂള്ളൂ... വല്ലാത്തൊരു ക്യാപ്റ്റന്‍സി തന്നെ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലെ ആദ്യ ടെസ്റ്റ് ഡൊമനിക്കയിലെ വിന്‍ഡ്‌സര്‍ പാര്‍ക്കില്‍ തുടരുകയാണ്. മത്സരത്തിന്റെ രണ്ടാം ദിവസം കളിയവസാനിക്കുമ്പോള്‍ ഇന്ത്യ 113 ഓവറില്‍ രണ്ട് വിക്കറ്റിന് 312 റണ്‍സ് എന്ന നിലയിലാണ്.

ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും യശസ്വി ജെയ്‌സ്വാളിന്റെയും സെഞ്ച്വറിയുടെ കരുത്തിലാണ് ഇന്ത്യ വമ്പന്‍ സ്‌കോറിലേക്ക് നടന്നടുക്കുന്നത്. രോഹിത് ശര്‍മ 221 പന്ത് നേരിട്ട് 103 റണ്‍സ് നേടി പുറത്തായപ്പോള്‍ 350 പന്തില്‍ നിന്നും 143 റണ്‍സ് നേടിയാണ് ജെയ്‌സ്വാള്‍ ക്രീസില്‍ തുടരുന്നത്. 36 പന്തില്‍ നിന്നും 36 റണ്‍സ് നേടിയ വിരാട് കോഹ്‌ലിയാണ് ജെയ്‌സ്വാളിനൊപ്പം ക്രീസില്‍ തുടരുന്നത്.

ഡൂള്‍ന്യൂസിനെ ത്രെഡ്‌സില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ പിടിച്ചുകെട്ടാനായി പതിനെട്ട് അടവും പ്രയോഗിക്കുകയാണ് ക്യാപ്റ്റന്‍ ക്രെയ്ഗ് ബ്രാത്‌വെയ്റ്റ്. ടീമിലെ ഒമ്പത് പേര്‍ക്കും പന്തെറിയാന്‍ അവസരം നല്‍കിയാണ് ബ്രാത്‌വെയ്റ്റ് വിക്കറ്റ് വീഴ്ത്താന്‍ ശ്രമിക്കുന്നത്.

വിക്കറ്റ് കീപ്പര്‍ ജോഷ്വ ഡ സില്‍വയും യുവതാരം തഗനരെയ്ന്‍ ചന്ദര്‍പോളും മാത്രമാണ് ഇനി പന്തെറിയാന്‍ ബാക്കിയുള്ളത്. മറ്റെല്ലാ താരങ്ങളും ചുരുങ്ങിയത് രണ്ട് ഓവര്‍ എങ്കിലും പന്തെറിഞ്ഞിട്ടുണ്ട്. ഇതില്‍ രണ്ട് താരങ്ങള്‍ വിക്കറ്റ് വീഴ്ത്തുകയും ചെയ്തു.

ആദ്യ ഇന്നിങ്‌സിലെ വെസ്റ്റ് ഇന്‍ഡീസ് താരങ്ങളുടെ ബൗളിങ് പ്രകടനം

കെമര്‍ റോച്ച് – 16.0 – 3 – 38 – 0

അല്‍സാരി ജോസഫ് – 14.0 – 1 – 65 – 0

റഹ്കീം കോണ്‍വാള്‍ – 11.0 – 3 – 22 – 0

ജോമല്‍ വാരികന്‍ – 34.0 – 3 – 82 – 1

ജേസണ്‍ ഹോള്‍ഡര്‍ – 14.0 – 5 – 28 – 0

ക്രെയ്ഗ് ബ്രാത്‌വെയ്റ്റ് (ക്യാപ്റ്റന്‍) – 6.0 – 0 – 12 – 0

അലിക് അത്തനാസെ – 13.0 – 2 – 33 – 1

റെയ്മണ്‍ റീഫര്‍ – 3.0- 0 9 – 0

ജെര്‍മെയ്ന്‍ ബ്ലാക്‌വുഡ് – 2.0 – 0- 4 – 0

ബ്രാത്‌വെയ്റ്റിന്റെ ഈ സ്ട്രാറ്റജി ക്രിക്കറ്റ് സര്‍ക്കിളുകളില്‍ ചര്‍ച്ചകള്‍ക്കും തുടക്കം കുറിച്ചിരിക്കുകയാണ്. വിക്കറ്റ് കീപ്പര്‍ക്കും തഗനരെയ്‌നും ഓരോ ഓവറെങ്കിലും കൊടുക്കണമെന്നാണ് ഇവര്‍ പറയുന്നത്.

മത്സരത്തില്‍ നേരത്തെ ടോസ് നേടിയ വിന്‍ഡീസ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ബ്രാത്‌വെയ്റ്റ് പ്രതീക്ഷിച്ച പോലെ കാര്യങ്ങള്‍ നീങ്ങാതിരുന്നപ്പോള്‍ വിന്‍ഡീസ് 150 റണ്‍സിന് ഓള്‍ ഔട്ടായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ അശ്വിന്റെ പ്രകടനമാണ് വിന്‍ഡീസിനെ പിടിച്ചുകെട്ടിയത്.

content highlight:  Nine players of West Indies bowled in the first innings