|

ഒരേ സിറിഞ്ച് ഉപയോഗിച്ച് ലഹരി കുത്തിവെച്ചു; മലപ്പുറം വളാഞ്ചേരിയിൽ പത്ത് പേർക്ക് എച്ച്.ഐ.വി ബാധ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ ലഹരി സംഘത്തിലുള്ളവർക്ക് എച്ച്.ഐ.വി ബാധ റിപ്പോർട്ട് ചെയ്തു. ഒരു സംഘത്തിലെ പത്ത് പേർക്കാണ് എച്ച്.ഐ.വി ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

രണ്ട് മാസം മുമ്പ് കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റി ഒരു സർവേ നടത്തിയിരുന്നു. ലൈംഗിക തൊഴിലാളികൾ, മയക്കുമരുന്ന് ഉപയോഗിക്കുന്ന സംഘങ്ങൾ എന്നിവർക്കിടയിലായിരുന്നു ഈ സർവേ നടത്തിയത്. ഈ സർവേയുടെ വിശദാംശങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്.

സർവേയിൽ ആദ്യം വളാഞ്ചേരിയിൽ നിന്നുള്ള ഒരു വ്യക്തിക്ക് എച്ച്.ഐ.വി സ്ഥിരീകരിക്കുകയും പിന്നീട് അയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഈ വ്യക്തിയടക്കം ഉൾപ്പെട്ടിരിക്കുന്ന വലിയൊരു ലഹരി സംഘത്തിലേക്ക് എത്തുകയായിരുന്നു. തുടർന്ന് ബാക്കിയുള്ളവർക്കും രോഗബാധയുള്ളതായി കണ്ടെത്തുകയായിരുന്നു.

എച്ച്.ഐ.വി സ്ഥിരീകരിച്ച് സംഘത്തിലെ മൂന്ന് പേർ ഇതര സംസ്ഥാന തൊഴിലാളികളാണ്. ആറ് പേർ മലയാളികളാണ്. ഒരേ സിറിഞ്ച് ഉപയോഗിച്ച് ഇവർ ലഹരി കുത്തിവെച്ചതാണ് രോഗ ബാധക്ക് കാരണമെന്ന് ഡി.എം.ഒ പറയുന്നു. കൂടുതല്‍ പേര്‍ക്ക് രോഗബാധയുണ്ടാകാം എന്നാണ് സംശയിക്കുന്നത്.

ഈ വാർത്ത പുറത്ത് വരേണ്ടത് വളരെ പ്രധാനമാണെന്നും ലഹരിയുടെ ഉപയോഗം ഉണ്ടാക്കുന്ന അനന്തരഫലങ്ങളെക്കുറിച്ച് സമൂഹം ബോധവാന്മാരാകേണ്ടതുണ്ടെന്നും ഡി.എം.ഒ പറഞ്ഞു.

രോഗ ബാധ കണ്ടെത്തിയതോടെ ഇവരുമായി ബന്ധപ്പെട്ടവർ, കുടുംബത്തിൽ ഉള്ളവർ തുടങ്ങിയവരെയെല്ലാം ഉൾപ്പെടുത്തി വലിയൊരു സ്‌ക്രീനിങ് തന്നെ ആരോഗ്യ വകുപ്പ് നടത്തിക്കൊണ്ടിരിക്കുകയാണ്. സംഭവത്തിൽ ആരോഗ്യവകുപ്പ് അടിയന്തരയോഗം ചേർന്നിട്ടുണ്ട്. രണ്ട് മാസത്തിനിടെ പത്ത് പേര്‍ക്കാണിപ്പോൾ എച്ച്.ഐ.വി ബാധ സ്ഥിരീകരിച്ചത്.

Content Highlight: Nine people infected with HIV in Valancherry, Malappuram after injecting drugs using the same syringe

Latest Stories