പുതുതായി നിയമിക്കപ്പെട്ട ഒമ്പത് ഗവർണർമാരും ആർ.എസ്.എസ്, ബി.ജെ.പി നേതാക്കൾ
national news
പുതുതായി നിയമിക്കപ്പെട്ട ഒമ്പത് ഗവർണർമാരും ആർ.എസ്.എസ്, ബി.ജെ.പി നേതാക്കൾ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 29th July 2024, 1:40 pm

ന്യൂദല്‍ഹി: രാജ്യത്തെ ഒമ്പത് സംസ്ഥാനങ്ങളിലേക്ക് പുതുതായി നിയമിക്കപ്പെട്ട ഗവര്‍ണര്‍മാര്‍ ആര്‍.എസ്.എസ്, ബി.ജെ.പി ബന്ധമുള്ളവര്‍. ഒരു വര്‍ഷത്തിലേറെയായി കലാപം തുടരുന്ന മണിപ്പൂര്‍ ഉള്‍പ്പടെ രാജ്യത്തെ ഒൻപത് സംസ്ഥാനങ്ങളിലേക്ക് ഞായറാഴ്ചയാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മു പുതിയ ഗവര്‍ണര്‍മാരെ പ്രഖ്യാപിച്ചത്.

സിക്കിം ഗവര്‍ണറായിരുന്ന ലക്ഷ്മണ്‍ പ്രസാദ് ആചാര്യയെ അസം ഗവര്‍ണറായി നിയമിച്ചു. 2023 ഫെബ്രുവരി മുതല്‍ മണിപ്പൂര്‍ ഗവര്‍ണറായിരുന്ന അനുസൂയ ഉകെയ്ക്ക് പകരം മണിപ്പൂരിന്റെ അധിക ചുമതലയും ലക്ഷ്മണ്‍ പ്രസാദ് ആചാര്യക്ക് നല്‍കിയിട്ടുണ്ട്.

മുന്‍ മഹാരാഷ്ട്ര നിയമസഭാ സ്പീക്കറും ആര്‍.എസ്.എസ് പ്രവര്‍ത്തകനുമായ ഹരിഭാവു കിസന്റാവു ബാഗ്‌ഡെയെ രാജസ്ഥാന്‍ ഗവര്‍ണറായും ത്രിപുര മുന്‍ ഉപമുഖ്യമന്ത്രി ജിഷ്ണു ദേവ് വര്‍മയെ തെലങ്കാന ഗവര്‍ണറായും നിയമിച്ചു.

മുന്‍ രാജ്യസഭാ എം.പി ഓം പ്രകാശ് മാത്തൂരിനെ സിക്കിം ഗവര്‍ണറായും രാഷ്ട്രപതി നിയമിച്ചു. ഓം പ്രകാശ് മാത്തൂർ രാജസ്ഥാനിൽ നിന്നുള്ള മുതിർന്ന ബി.ജെ.പി നേതാവാണ്. പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനായും രാജ്യസഭാ എം.പിയായും പ്രവർത്തിച്ചിട്ടുണ്ട്. മുമ്പ് ആർ.എസ്.എസിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

2006ൽ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസിൽ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന കെ കൈലാഷ്നാഥിനെയാണ് പുതുച്ചേരി ലെഫ്റ്റനൻ്റ് ഗവർണറായി നിയമിച്ചത്. ​ഗുജറാത്തിൽ മോദിയുടെ ഏറ്റവും വലിയ വിശ്വസ്തരിൽ ഒരാളായിരുന്നു കൈലാഷ്നാഥ്.

മുന്‍ കേന്ദ്രമന്ത്രി സന്തോഷ് കുമാര്‍ ഗാംഗ്വാറിനെയാണ് ജാര്‍ഖണ്ഡ് ഗവര്‍ണറായി നിയമിച്ചത്. ബറേലിയില്‍ നിന്ന് ഏഴ് തവണ എം.പിയായ ഗാംഗ്വാറിന് ഈ വര്‍ഷം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സീറ്റ് നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ജാര്‍ഖണ്ഡ് ഗവര്‍ണര്‍ പദവി നല്‍കി അദ്ദേഹത്തെ ബി.ജെ.പി തൃപ്തിപ്പെടുത്തിയിരിക്കുന്നത്.

അസമില്‍ നിന്നുള്ള മുന്‍ ലോക്‌സഭാ എം.പി രമണ്‍ ദേകയെയാണ് ഛത്തീസ്ഗഢ് ഗവര്‍ണറായി നിയമിച്ചത്. അസമിലെ മുതിർന്ന ബി.ജെ.പി നേതാക്കളിൽ ഒരാളാണ് രമണ്‍ ദേക. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി അദ്ദേഹത്തിന് സീറ്റ് നിഷേധിച്ചെങ്കിലും പരസ്യ പ്രതിഷേധത്തിലേക്ക് കടക്കുന്നതിന് മുമ്പ് ​ഗവർണർ പദവി നൽകി പ്രശ്നം പരിഹരിച്ചെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

കര്‍ണാടക മുന്‍ മന്ത്രി സി.എച്ച്. വിജയശങ്കറിനെ മേഘാലയയിലും നിയമിച്ചു. ജാര്‍ഖണ്ഡ് ഗവര്‍ണറായിരുന്ന സി.പി. രാധാകൃഷ്ണനെ മഹാരാഷ്ട്രയിലാണ് നിയമിച്ചത്.

അസം ഗവര്‍ണര്‍ ഗുലാബ് ചന്ദ് കതാരിയയെ പഞ്ചാബ് ഗവര്‍ണറായി നിയമിച്ചു. വ്യക്തിപരമായ കാരണങ്ങളാൽ ഈ വർഷം ആദ്യം രാജിവച്ച ബൻവാരിലാൽ പുരോഹിതിന് പകരമാണ് പഞ്ചാബിൽ ഗുലാബ് ചന്ദിനെ നിയമിച്ചത്. അദ്ദേഹത്തിന് ചണ്ഡീഗഢ് യു.ടി അഡ്മിനിസ്‌ട്രേറ്റർ പദവിയും നൽകിയിട്ടുണ്ട്.

പഞ്ചാബിൽ എ.എ.പി സർക്കാരും പുരോഹിതിൻ്റെ കീഴിലുള്ള രാജ്ഭവനും തമ്മിൽ നേരത്തെ തർക്കങ്ങൾ നിലനിന്നിരുന്നു. നിയമസഭാ സമ്മേളനം വിളിക്കുന്നതും സർക്കാർ നടത്തുന്ന സർവകലാശാലകളിലെ വൈസ് ചാൻസലർമാരുടെ നിയമനവും ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ സർക്കാരും ​ഗവർണറും തമ്മിൽ തർക്കം നിലനിന്നിരുന്നു.

ഇതിന് പിന്നാലെയാണ് വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം ​ഗവർണർ സ്ഥാനം രാജിവെച്ചത്. പുതിയ ​ഗവർണറായി നിയമിക്കപ്പെട്ട ഗുലാബ് ചന്ദ് കതാരിയയെ സ്വാ​ഗതം ചെയ്ത് മുഖ്യമന്ത്രി ഭഗവന്ത് മാൻ രം​ഗത്തെത്തി. കതാരിയയുമായി ഏകോപിപ്പിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

Content Highlight: Nine newly appointed governors and RSS and BJP leaders