ബെയ്‌റൂട്ട്: ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ വന്‍ മയക്കുമരുന്ന് വേട്ട. ഷിപ്‌മെന്റ് കണ്ടെയ്‌നറുകളില്‍ പ്ലാസ്റ്റിക് നാരങ്ങകള്‍ക്കുള്ളില്‍ കടത്താന്‍ ശ്രമിച്ച ഒമ്പത് മില്യണ്‍ കാപ്റ്റഗണ്‍ ഗുളികകളാണ് പിടിച്ചെടുത്തത്.
ആംഫെറ്റമിന്റെ മിശ്രിതമായ കാപ്റ്റഗണ്‍ ഗുളികകള്‍ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ ഏറ്റവുമധികം പ്രചാരത്തിലുള്ള മയക്കുമരുന്നാണ്. സൗദി അറേബ്യയിലാണ് ഇതിന്റെ ഉപയോഗം കൂടുതലായി കാണപ്പെടുന്നത്.
— suzan Haidamous-suzan.haidamous1@gmail.com (@suzanHaidamous) December 29, 2021
ഐക്യരാഷ്ട്രസഭയുടെ ‘ഡ്രഗ്‌സ് ആന്‍ഡ് ക്രൈംസ് ഓഫീസി’ന്റെ കണക്ക് പ്രകാരം 2015നും 2019നുമിടയില്‍ 44 ശതമാനം കാപ്റ്റഗണ്‍ ഗുളികകള്‍ പിടിച്ചെടുത്ത സംഭവങ്ങളും മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലാണ്.
നേരത്തെ ചെറുനാരങ്ങയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 120 കോടി രൂപ വിലമതിക്കുന്ന 11,60,500 കാപ്റ്റഗണ്‍ ഗുളികകള്‍ ദുബായ് പൊലീസ് പിടിച്ചെടുത്തിരുന്നു. പൊലീസും കസ്റ്റംസും സംയുക്തമായി നടത്തിയ പരിശോധനയിലായിരുന്നു മയക്കുമരുന്ന് കണ്ടെടുത്തത്.
’66’ പേരിട്ട ഓപ്പറേഷനിലൂടെയാണ് കള്ളക്കടത്ത് സംഘത്തെ വലയിലാക്കിയത്. വിദേശത്ത് നിന്നെത്തിയ ശീതീകരിച്ച ഒരു കണ്ടയ്നറിലായിരുന്നു മയക്കുമരുന്ന് എത്തിയത്.
നാരങ്ങ നിറച്ചിരുന്ന പെട്ടികളില്‍ ഇടയ്ക്ക് നാരങ്ങയുടെ അതേ വലിപ്പത്തിലും ആകൃതിയിലും നിറത്തിലുമുള്ള ‘പ്ലാസ്റ്റിക് നാരങ്ങകളും’ സജ്ജീകരിച്ച് ഇവയുടെ ഉള്ളിലായിരുന്നു മയക്കുമരുന്ന് നിറച്ചിരുന്നത്.
കണ്ടയ്നറില്‍ 3840 പെട്ടി നാരങ്ങകളാണ് ഉണ്ടായിരുന്നത്. ഇതില്‍ 66 പെട്ടികളിലാണ് വ്യാജനാരങ്ങകള്‍ നിറച്ചിരുന്നത്.
ലെബനന്‍, സിറിയ എന്നീ രാജ്യങ്ങളിലാണ് കാപ്റ്റഗണ്‍ ഗുളികകള്‍ കൂടുതലായി ഉല്‍പാദിപ്പിക്കപ്പെടുന്നത്.
ഇക്കഴിഞ്ഞ ഏപ്രിലില്‍ 2 മില്യണിലധികം ഗുളികകള്‍ സൗദിയിലെ ജിദ്ദ തുറമുഖത്ത് നിന്നും കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. മാതള നാരങ്ങകള്‍ക്കുള്ളില്‍ കടത്താന്‍ ശ്രമിച്ച നിലയിലാണ് ഭൂരിഭാഗം കേസുകളും.
സംഭവത്തത്തുടര്‍ന്ന് ലെബനനില്‍ നിന്നും പച്ചക്കറികളും പഴവര്‍ഗങ്ങളും ഇറക്കുമതി ചെയ്യുന്നത് സൗദി നിരോധിച്ചിരുന്നു.