|

അറസ്റ്റിലായ ആക്ടിവിസ്റ്റുകളെ നിരുപാധികം വിട്ടയക്കുന്നതുവരെ ഇന്ത്യയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കണമെന്ന് യൂറോപ്യന്‍ പാര്‍ലമെന്റിലെ എം.പിമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഭീമ കൊറേഗാവ് അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എല്ലാ ആക്ടിവിസ്റ്റുകളെയും വിട്ടയക്കുന്നതുവരെ ഇന്ത്യയുമായുള്ള എല്ലാ കരാറുകളും അവസാനിപ്പിക്കണമെന്ന് യൂറോപ്യന്‍ പാര്‍ലമെന്റില്‍ ആവശ്യം. യൂറോപ്യന്‍ പാര്‍ലമെന്റിലെ ഒമ്പത് അംഗങ്ങളാണ് ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് വിദേശകാര്യം കൈകാര്യം ചെയ്യുന്ന ഉന്നത ഉദ്യോസ്ഥയായ ഫെഡറിക മൊഗറിണിക്ക് കത്തു നല്‍കിയത്.

സെപ്റ്റംബര്‍ 12നാണ് ഇത്തരമൊരു കത്ത് എഴുതിയിരിക്കുന്നത്. യു.എ.പി.എയ്‌ക്കെതിരെ രൂക്ഷമായ വിമര്‍ശനമുന്നയിക്കുന്നതാണ് കത്ത്.

ഭീമ കൊറേഗാവ് സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായി ഇപ്പോള്‍ ജയിലില്‍ കഴിയുന്നതും ആഗസ്റ്റ് 28ന് അറസ്റ്റിലായി കരുതല്‍ തടങ്കലില്‍ കഴിയുന്നതുമായ എല്ലാ ആക്ടിവിസ്റ്റുകള്‍ക്കും എതിരെ യു.എ.പി.എ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. കൊളോണിയല്‍ കാലത്തെ നിയമപുസ്തകത്തില്‍ നിന്നും പകര്‍ത്തി ഏറ്റവും ക്രൂരമായ നിയമങ്ങളിലൊന്നാണിതെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Also Read:ബി.എ വിഷയം ഓര്‍മ്മയില്ല; പഠിപ്പിച്ചവരെ അറിയില്ല; ഓര്‍മ്മയുള്ളത് എ.ബി.വി.പി ഭൂതകാലം മാത്രം: ദല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ വ്യാജസര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ സ്റ്റുഡന്റ് യൂണിയന്‍ പ്രസിഡന്റ്

പ്രഫസര്‍ ജി.എന്‍ സായിബാബയുടെ അറസ്റ്റിനെ പീഡനത്തിന്റെ പരിധിയില്‍ വരുന്ന ഒന്നാണെന്നാണ് കത്തില്‍ പരാമര്‍ശിക്കുന്നത്. ആദിവാസികളുടെയും ദളിതരുടെയും അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദിച്ചതിനാണ് പ്രഫസര്‍ സായിബാബയെ അറസ്റ്റു ചെയ്തു ജയിലിലടച്ചത്. ഇത് വിവേചനം മാത്രമല്ല പീഡനമെന്ന് വിശേഷിപ്പിക്കാവുന്ന ചെയ്തിയാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ചില ചോദ്യങ്ങളും കത്തില്‍ മുന്നോട്ടുവെക്കുന്നുണ്ട്. ” ആദിവാസികളെയും ദളിതരെയും മതന്യൂനപക്ഷങ്ങളെയും കൊന്നൊടുക്കുന്ന, പൗരന്മാരെ ഒന്നാം ക്ലാസെന്നും രണ്ടാം ക്ലാസെന്നും തരംതിരിക്കുന്നതിനെ പ്രതിരോധിക്കുന്ന സര്‍ക്കാറുമായി എങ്ങനെയാണ് യൂറോപ്യന്‍ കമ്മീഷന് യോജിച്ച് മുന്നോട്ടുപോകാന്‍ കഴിയുക?” എന്നും കത്തില്‍ ചോദിക്കുന്നു.

“അറസ്റ്റിലായ മനുഷ്യാവകാശ പ്രവര്‍ത്തകരെ മോചിപ്പിക്കും വരെ ആദിവാസികള്‍ക്കും ദളിതര്‍ക്കും മതന്യൂനപക്ഷങ്ങള്‍ക്കും, കശ്മീരി, മണിപ്പൂരി ജനതയ്ക്കും എതിരായ അക്രമങ്ങള്‍ അവസാനിപ്പിക്കുംവരെ ഭാരത സര്‍ക്കാറുമായുള്ള എല്ലാ കരാറുകളും റദ്ദാക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു.” എന്നു പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്.