ന്യൂദല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ ഞായറാഴ്ച വിദ്യാര്‍ത്ഥികള്‍ക്കുനേരെ നടന്ന അക്രമത്തില്‍ മുപ്പതോളം വിദ്യാര്‍ത്ഥികളെ രക്ഷിച്ചത് സബര്‍മതി ഹോസ്റ്റലിലെ ജീവനക്കാര്‍.
ഫീസ് വര്‍ധനയ്‌ക്കെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കുനേരെ മാരകായുധങ്ങളുമായി മുഖം മൂടി ധരിച്ചെത്തിയ സംഘം പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികളെയും ഹോസ്റ്റലിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികളെയും തിരഞ്ഞ് പിടിച്ച് അക്രമിക്കുന്നതിനിടയിലാണ് ഹോസ്റ്റലിലെ ഒന്‍പതോളം വരുന്ന ജീവനക്കാര്‍ വിദ്യാര്‍ത്ഥികളെ രക്ഷിക്കാനായിറങ്ങിയത്.
ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ അധ്യക്ഷ അയ്ഷി ഘോഷ് ഉള്‍പ്പെടെയുള്ള മുപ്പതിലേറെ വിദ്യാര്‍ത്ഥികളെയാണ് ജീവനക്കാര്‍ രക്ഷിച്ചത്.
ഹോസ്റ്റലിലെ മെസ്സിലെ ജീവനക്കാരനായ രാധേ ശ്യാം 1985 മുതല്‍ ജെ.എന്‍.യുവില്‍ ജോലിചെയ്ത് വരികയാണ്. ജെ.എന്‍.യുവില്‍ ഇത്രയും കാലത്തിനിടയ്ക്കുള്ള ഏറ്റവും വലിയ അക്രമമയിരുന്നു അന്നത്തേതെന്നായിരുന്നു ശ്യാം ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞത്.
‘ഞാന്‍ എന്റെ സ്‌കൂട്ടര്‍ സ്റ്റാര്‍ട്ട് ആക്കി പോകാനൊരുങ്ങുമ്പോഴാണ് മുഖം മറച്ച ഒരു കൂട്ടം ആളുകള്‍ ഹോസ്റ്റലിനകത്തേക്ക് ഓടിവരുന്നത് കണ്ടത്. ഞാനും സ്‌കൂട്ടറും കൂടി ആ സമയം നിലത്ത് വീഴുകയും എന്റെ കാലിന് മുറിവ് പറ്റുകയും ചെയ്തു. എങ്ങനെയൊക്കെയോ എഴുന്നേറ്റ് ഞാന്‍ വേഗം ഹോസ്റ്റലിലേക്ക് ഓടുകയായിരുന്നു.
അവിടെ വരാന്തയിലും മറ്റും നില്‍ക്കുന്ന കുട്ടികളോട് മെസ്സിനടുത്തേക്ക് ഓടാന്‍ പറയുകയായരുന്നു. മിനിറ്റുകള്‍ക്കുള്ളില്‍ ആള്‍ക്കൂട്ടം വാതിലുകളും ജനലുകളും തകര്‍ക്കാന്‍ തുടങ്ങി,’ ശ്യാം പറഞ്ഞു. അരമണിക്കൂറുകള്‍ക്ക് ശേഷമാണ് ആള്‍ക്കൂട്ടം ഹോസ്റ്റലില്‍ നിന്ന് വിട്ടതെന്നും ശ്യാം കൂട്ടിച്ചേര്‍ത്തു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
വിദ്യാര്‍ത്ഥികളെ സ്വന്തം റിസ്‌കിലാണ് ഹോസ്റ്റല്‍ ജീവനക്കാര്‍ രക്ഷിച്ചതെന്ന് സബര്‍മതി ഹോസ്റ്റല്‍ പ്രസിഡന്റ് മോണിക്ക ബിഷ്‌ണോയി പറഞ്ഞിരുന്നു. അവര്‍ക്ക് വേണമെങ്കില്‍ അടുത്ത ഗേറ്റിലൂടെ ഓടി സ്വന്തം ജീവന്‍ രക്ഷപ്പെടുത്താമായിരുന്നുവെന്നും മോണിക്ക പറഞ്ഞു.
മെസ്സിലെ സഹായിയായിരുന്ന ഹേമ പറയുന്നതിങ്ങനെ: അത് ശരിക്കും പേടിപ്പെടുത്തുന്നതായിരുന്നു. കുറെയധികം പെണ്‍കുട്ടികള്‍ മെസ്സില്‍ ഒളിച്ചിരിക്കുന്നുണ്ടായിരുന്നു. അവരുടെ സുരക്ഷയെ സംബന്ധിച്ച് എനിക്ക് ആശങ്കയുണ്ടായിരുന്നു.
അടുത്ത ഹോസ്റ്റലില്‍ നിന്നും സബര്‍മതിയിലേക്ക് കൂട്ടുകാരെ കാണാന്‍ എത്തിയ വിദ്യാര്‍ത്ഥികളും അക്രമണത്തിനിരയായിരുന്നു. അതിന് ശേഷം വിദ്യാര്‍ത്ഥികളുടെ കൂടെ അവരുടെ ഹോസ്റ്റലുവരെ എത്തിക്കാനും മെസ്സിലെ ജീവനക്കാര്‍ മടികാണിച്ചില്ല.
ഹോസ്റ്റലിലേക്ക് അനധികൃതമായി കടന്ന അക്രമകാരികള്‍ വിദ്യാര്‍ത്ഥികളെ അക്രമിച്ചതിനൊപ്പം ഹോസ്റ്റലും അടിച്ച് തകര്‍ത്തിരുന്നു. ജെ.എന്‍.യു വില്‍ നടന്ന അക്രമത്തില്‍ 12ല്‍ അധികം പരാതികള്‍ ലഭിച്ചിട്ടും പൊലീസ് കാര്യമായ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
അക്രമത്തിന് പിന്നില്‍ എ.ബി.വി.പി പ്രവര്‍ത്തകരാണെന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്. അതേസമയം അക്രമത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഹിന്ദു രക്ഷാദള്‍ ശനിയാഴ്ച്ച രംഗത്തെത്തിയിരുന്നു.
ചിത്രം കടപ്പാട്: ഹിന്ദുസ്ഥാന്‍ ടൈംസ്