പോക്‌സോ കേസ് അതിജീവിതരടക്കം ഒമ്പത് പെണ്‍കുട്ടികളെ ഷെല്‍റ്റര്‍ ഹോമില്‍ നിന്നും കാണാതായി
Kerala News
പോക്‌സോ കേസ് അതിജീവിതരടക്കം ഒമ്പത് പെണ്‍കുട്ടികളെ ഷെല്‍റ്റര്‍ ഹോമില്‍ നിന്നും കാണാതായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 14th November 2022, 9:55 am

കോട്ടയം: മാങ്ങാനത്ത് പോക്‌സോ കേസ് അതിജീവിതരടക്കം ഒമ്പത് പെണ്‍കുട്ടികളെ കാണാതായി. മഹിളാ സമഖ്യ എന്ന സ്വകാര്യ എന്‍.ജി.ഒ നടത്തുന്ന ഷെല്‍റ്റര്‍ ഹോമില്‍ നിന്നാണ് പെണ്‍കുട്ടികളെ കാണാതായത്.

തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചര മണിയോടെയാണ് പൊലീസിനും ശിശുക്ഷേമ സമിതിക്കും ഇതേക്കുറിച്ച് വിവരം ലഭിക്കുന്നത്. സംഭവത്തില്‍ കോട്ടയം ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കുട്ടികളെ വിളിച്ചുണര്‍ത്താന്‍ ഷെല്‍റ്റര്‍ ഹോം ജീവനക്കാര്‍ ചെന്നപ്പോഴാണ് ഒമ്പത് പേരെ കാണാനില്ലെന്ന വിവരം അറിയുന്നത്.

എന്നാല്‍ ഇന്നലെ രാത്രി തന്നെ കുട്ടികള്‍ ഇവിടെ നിന്ന് പോയിട്ടുണ്ടാകാം എന്നും അതുകൊണ്ട് കുറച്ചധികം ദൂരം സഞ്ചരിച്ചിരിക്കാമെന്നുമാണ് പൊലീസിന്റെ അനുമാനം.

ഇതേത്തുടുര്‍ന്ന് സമീപപ്രദേശങ്ങളിലുള്ള മുഴുവന്‍ പൊലീസ് സ്റ്റേഷനുകളിലെയും പൊലീസുദ്യോഗസ്ഥരെയും അന്വേഷണത്തിന് വേണ്ടി നിയോഗിച്ചിട്ടുണ്ട്.

ഇവര്‍ ആസൂത്രിതമായി സംഘം ചേര്‍ന്ന് ഷെല്‍റ്റര്‍ ഹോമിന് പുറത്തുകടന്നതാകാം എന്നാണ് പൊലീസ് നല്‍കുന്ന സൂചന. മറ്റ് സാധ്യതകളെ കുറിച്ചും പൊലീസ് പരിശോധിച്ച് വരികയാണ്.

പോക്‌സോ കേസ് അതിജീവിതര്‍, ലഹരിമരുന്നിന്റെ അടിമകളായിരുന്നവര്‍, കുടുംബങ്ങളിലെ പ്രശ്‌നങ്ങള്‍ കാരണം മാറിത്താമസിക്കുന്നവര്‍ എന്നിങ്ങനെയുള്ള പെണ്‍കുട്ടികളടക്കമാണ് ഷെല്‍റ്റര്‍ ഹോമില്‍ താമസിച്ചുവരുന്നത്.

Content Highlight: Nine girls including POCSO case survivors missing from shelter home in Kottayam