ന്യൂദല്‍ഹി: 2024 ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്തെ ഒമ്പത് സംസ്ഥാനങ്ങളിലായി നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ പ്രാധാന്യം എടുത്ത് പറഞ്ഞ് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ. ബി.ജെ.പി ദേശീയ നിര്‍വാഹകസമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ നിര്‍വാഹക സമിതി അംഗങ്ങളോടും തെരഞ്ഞെടുപ്പിന് ഒരുങ്ങണമെന്നും, ഒമ്പത് സംസ്ഥാന തെരഞ്ഞെടുപ്പുകളിലും വിജയം ഉറപ്പ് വരുത്തണമെന്നും യോഗത്തില്‍ നദ്ദ നിര്‍ദേശിച്ചു.
2024ല്‍ മൂന്നാം തവണയും കേന്ദ്രത്തില്‍ അധികാരത്തിലെത്തുന്നതിന് വേണ്ടി സംഘടന ശക്തിപ്പെടുത്തുന്നതിനെ കുറിച്ച് കാര്യമായ ചര്‍ച്ചകളും യോഗത്തില്‍ നടന്നു. യോഗത്തില്‍ നാല് പ്രമേയങ്ങളാണ് അവതരിപ്പിക്കുന്നത്. മധ്യവര്‍ഗത്തെ പരിഗണിക്കണമെന്ന ആര്‍.എസ്.എസ് നിര്‍ദേശവും യോഗത്തില്‍ ചര്‍ച്ചയാകും.
രണ്ട് ദിവസങ്ങളിലായി നടക്കുന്ന യോഗത്തില്‍ 35 കേന്ദ്ര മന്ത്രിമാര്‍, 15 മുഖ്യമന്ത്രിമാര്‍, ഉപമുഖ്യമന്ത്രിമാരടക്കം ഉന്നത ബി.ജെ.പി നേതാക്കളെല്ലാം പങ്കെടുക്കുന്നുണ്ട്.
മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ രവിശങ്കര്‍ പ്രസാദാണ് നദ്ദയുടെ പ്രസംഗത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് വിശദീകരിച്ചത്.
‘2023 ഞങ്ങള്‍ക്ക് പ്രധാനപ്പെട്ട വര്‍ഷമാണ്, ജെ.പി. നദ്ദ യോഗത്തില്‍ ഞങ്ങളോട് പറഞ്ഞു. അടുത്ത വര്‍ഷം ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഈ വര്‍ഷം ഒമ്പത് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിലും വിജയിക്കണമെന്ന് പാര്‍ട്ടി അംഗങ്ങളോട് പറഞ്ഞിട്ടുണ്ട്’, രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
ദുര്‍ബലമായ ബൂത്തുകള്‍ കണ്ടെത്തി അവയെ ശക്തിപ്പെടുത്തുകയും പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയും ചെയ്യണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യോഗത്തില്‍ നിര്‍ദേശം. 72,000 ബൂത്തുകള്‍ ഇത്തരത്തില്‍ കണ്ടെത്തിയെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
രാജ്യത്തുടനീളമുള്ള 100 ലോക്സഭാ മണ്ഡലങ്ങളിലായി 72,000 ബൂത്തുകള്‍ അടയാളപ്പെടുത്തി. അവിടെ ബി.ജെ.പി ദുര്‍ബലമാണെന്ന് തിരിച്ചറിഞ്ഞു. 1.3 ലക്ഷം ബൂത്തുകളില്‍ എത്തി പാര്‍ട്ടിയുടെ നയങ്ങള്‍ പ്രചരിപ്പിച്ചുവെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
യോഗത്തിലേക്ക് ഒരു കി.മീ റോഡ്‌ഷോ നടത്തിയാണ് പ്രധാനമന്ത്രി എത്തിയത്. മോദി തന്നെയാണ് വരുന്ന തെരഞ്ഞെടുപ്പുകളിലും ബി.ജെ.പിയുടെ മുഖമെന്ന് സൂചനയാണ് രാജ്യ തലസ്ഥാനത്തെ റോഡ് ഷോ.
കേന്ദ്ര സര്‍ക്കാരിന്റെ ഭരണ നട്ടങ്ങളും പദ്ദതികളും കൂടാതെ ജി-20 ഉച്ചകോടിയും തെരഞ്ഞെടുപ്പുകളില്‍ പ്രചാരണ വിഷയങ്ങളാക്കാനാണ് പാര്‍ട്ടി തീരുമാനം.
ഈ മാസം 20ന് അധ്യക്ഷ സ്ഥാനത്ത് ഒരു ടേം പൂര്‍ത്തിയാക്കുന്ന ജെ.പി. നദ്ദ ലോക്‌സഭാ തെരെഞ്ഞെടുപ്പ് കഴിയും വരെ തുടരണമെന്നാണ് വിവരം. തെരഞ്ഞെടുപ്പ് അടുക്കുന്നതിനാല്‍ സംസ്ഥാന നേതൃത്വങ്ങളിലും കാര്യമായ മാറ്റമുണ്ടാകാന്‍ സാധ്യതയില്ല.