കോഴിക്കോട്: കേരളത്തില്‍ ഇന്നുമുതല്‍ ഈ മാസം 18 വരെ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട്, പാലക്കാട് ജില്ലകളില്‍ റെഡ് അലേര്‍ട്ടും ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചു. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ ഉരുള്‍പൊട്ടലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു.
വാഹനങ്ങളില്‍ അനൗണ്‍സ്‌മെന്റ് നടത്താന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രദേശവാസികള്‍ അതീവ ജാഗ്രത പാലിക്കണമെന്നും ആവശ്യമുള്ള പ്രദേശങ്ങളില്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറക്കണമെന്നും നിര്‍ദേശമുണ്ട്.
കേരളത്തിലാകെ ശക്തമായ മഴ, വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവ തുടരാന്‍ സാധ്യതയുണ്ടെന്നും ജാഗ്രതാ നിര്‍ദേശത്തിലുണ്ട്.
അതേസമയം, കാലവര്‍ഷക്കെടുതി നേരിടുന്നതിന് അടിയന്തര നടപടി സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിക്കും കലക്ടര്‍മാര്‍ക്കും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. കോഴിക്കോടും മലപ്പുറത്തും കഴിഞ്ഞ 24 മണിക്കൂറില്‍ ലഭിച്ചത് അസാധാരണ മഴയാണ്. മലബാര്‍ മേഖലയില്‍ കനത്ത നാഷനഷ്ടമാണുണ്ടായത്.
ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ വൈകീട്ട് ഏഴുമണി മുതല്‍ രാവിലെ എഴുമണി വരെ മലയോര മേഖലയിലേക്കുള്ള യാത്ര നിയന്ത്രിക്കാന്‍ പൊലീസിന് കര്‍ശന നിര്‍ദേശമുണ്ട്. ബീച്ചുകളില്‍ വിനോദ സഞ്ചാരികള്‍ കടലില്‍ ഇറങ്ങാതിരിക്കാന്‍ അതാതു ജില്ലകളിലെ ഡി.ടി.പി.സികള്‍ നടപടി സ്വീകരിക്കണം.
പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. ഇവിടങ്ങളില്‍ ഇറങ്ങരുതെന്നും മുന്നറിയിപ്പുണ്ട്. വയനാട്ടില്‍ 16 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. നാലു ക്യാംപുകള്‍ കൂടി തുറക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി.
കുട്ടനാടിന്റെ കിഴക്കന്‍ മേഖല വെള്ളത്തിനടിയിലായി. ഇവിടേയുള്ള ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. മത്സ്യബന്ധന തൊഴിലാളികളോട് കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്. ആശുപത്രികളില്‍ മതിയായ സൗകര്യമൊരുക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ നിര്‍ദേശം നല്‍കി.
ഏത് അടിയന്തര സാഹചര്യം നേരിടാനും ആശുപത്രികള്‍ സജ്ജമാക്കേണ്ടതാണ്. ഈ പ്രദേശങ്ങളില്‍ തുടങ്ങുന്ന ക്യാംപുകളില്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ അയക്കാനും മന്ത്രി നിര്‍ദേശം നല്‍കി.