| Tuesday, 24th December 2024, 2:43 pm

2025ല്‍ ഒമ്പത് രാജ്യങ്ങള്‍ കൂടി ബ്രിക്‌സ് കൂട്ടായ്മയില്‍ അംഗങ്ങളാകുമെന്ന് റഷ്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മോസ്‌കോ: ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ സാമ്പത്തിക കൂട്ടായ്മയായ ബ്രിക്‌സില്‍  2025 ഓടെ കൂടുതല്‍ രാജ്യങ്ങള്‍ പങ്കാളികളാവുമെന്ന് റഷ്യ. ഏകദേശം ഒമ്പതോളം രാജ്യങ്ങള്‍ കൂട്ടായ്മയില്‍ അംഗങ്ങളാവുമെന്നാണ് റഷ്യന്‍ പ്രസിഡന്‍ഷ്യല്‍ എയ്ഡ് യൂറി ഉഷാക്കോവ് അറിയിച്ചത്. സമാനമായ ചിന്താഗതിയുള്ള രാജ്യങ്ങളെ ഉള്‍പ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ തീരുമാനമെന്നും യൂറി ഉഷാക്കോവ് കൂട്ടിച്ചേര്‍ത്തു.

ബെലാറസ്, ബൊളീവിയ, ഇന്തോനേഷ്യ, ഖസാക്കിസ്ഥാന്‍, തായ്ലാന്‍ഡ്, ക്യൂബ, ഉഗാണ്ട, മലേഷ്യ, ഉസ്ബെക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളാണ് പുതിയ അംഗങ്ങളാവാന്‍ താത്പര്യം അറിയിച്ചിരിക്കുന്നത്. ജനുവരി ഒന്ന് മുതലാണ് ഇവര്‍ ഔദ്യോഗിക പങ്കാളികളാവുക. സമീപഭാവിയില്‍ നാല് രാജ്യങ്ങള്‍ കൂടി അംഗങ്ങളാവുമെന്ന് പ്രതീക്ഷിക്കുന്നതായും ഉഷാക്കോവ് അറിയിച്ചു.

ഒക്ടോബറില്‍ റഷ്യയിലെ കസാനില്‍ നടന്ന ബ്രിക്സ് ഉച്ചകോടിയില്‍വെച്ച് പുതിയ രാജ്യങ്ങളെ അംഗങ്ങളായി അംഗീകരിക്കാന്‍ തീരുമാനമായിരുന്നു. 30ലധികം രാജ്യങ്ങളാണ് സംഘടനയില്‍ ചേരാന്‍ അംഗത്വത്തിനായി അപേക്ഷിച്ചത്. സ്ഥിര പദവി ലഭിക്കുന്നതിലൂടെ ബ്രിക്സ് ഉച്ചകോടികളിലെയും വിദേശകാര്യ മന്ത്രിമാരുടെ യോഗങ്ങളിലെയും പ്രത്യേക സെഷനുകളിലും മറ്റ് ഉന്നതതല പരിപാടികളിലും പങ്കാളികളാവാന്‍ ഈ രാജ്യങ്ങള്‍ക്ക് സാധിക്കും.

കസാന്‍ ഉച്ചകോടിക്ക് മുന്നോടിയായി ബ്രിക്സില്‍ ചേരാന്‍ 35 ഓളം രാജ്യങ്ങള്‍ അപേക്ഷിച്ച കാര്യം റഷ്യന്‍ പ്രസിഡന്‍ഷ്യല്‍ എയ്ഡ് എടുത്തു പറഞ്ഞതായി വിവിധ മാധ്യമങ്ങള്‍ പറഞ്ഞു. ചില രാജ്യങ്ങള്‍ ഉടന്‍തന്നെ പൂര്‍ണ്ണ തോതിലുള്ള പങ്കാളിത്തം സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നതായും മറ്റുള്ളവര്‍ വ്യക്തിഗത പരിപാടികളില്‍ നിരീക്ഷകരായി പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം അറിയിച്ചു.

അന്താരാഷ്ട്ര രാഷ്ട്രീയത്തില്‍ ബ്രിക്സിന്റെ പങ്ക് വളരുകയാണെന്ന് ഉഷാക്കോവ് ചൂണ്ടിക്കാട്ടി. സാമ്പത്തിക മേഖലകളിലും കാലാവസ്ഥാ വെല്ലുവിളികളോട് പ്രതികരിക്കുന്നതിലും ആഗോള ഭക്ഷ്യ-ഊര്‍ജ്ജ സുരക്ഷ ശക്തിപ്പെടുത്തുന്നതിലും ഗ്രൂപ്പ് അതിന്റെ അധികാരം വര്‍ധിപ്പിച്ചതായും അദ്ദേഹം പ്രതികരിച്ചു.

ബ്രിക്‌സ്

പാശ്ചാത്യരാജ്യങ്ങളുടെ കൂട്ടായ്മയായ ജി-7 ന് ബദലായി കണക്കാക്കപ്പെടുന്ന ബ്രിക്‌സ് 2009ല്‍ ആയിരുന്നു സ്ഥാപിതമായത്. പ്രാരംഭഘട്ടത്തില്‍ ബ്രസീലും ചൈനയും ഇന്ത്യയും റഷ്യയും മാത്രമായിരുന്നു കൂട്ടായ്മയിലെ അംഗങ്ങള്‍. അന്ന് ബ്രിക് എന്ന് മാത്രമായിരുന്നു സംഘടനയുടെ പേര്. പിന്നീട് 2011ല്‍ ദക്ഷിണാഫ്രിക്ക് കൂടി അംഗമായതോടെ ബ്രിക്സ് എന്നായി മാറി പേര്.

Content Highlight: Nine countries to become BRICS partners in 2025 says Russia

We use cookies to give you the best possible experience. Learn more