| Saturday, 17th January 2015, 11:25 am

വാര്‍ത്താ വിനിമയ മന്ത്രാലയത്തിലെ അഴിമതി: ഒമ്പതു സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ കൂടി രാജിവെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: സെന്‍സര്‍ ബോര്‍ഡിലെ ഒമ്പതു അംഗങ്ങള്‍ കൂടി അവരുടെ രാജിക്കത്ത് വാര്‍ത്താ വിനിമയ മന്ത്രിയ്ക്കു സമര്‍പ്പിച്ചു. മന്ത്രാലയത്തിലെ അഴിമതിയും ബാഹ്യ ഇടപെടലും ചൂണ്ടിക്കാട്ടിയാണു രാജി.

സര്‍ക്കാര്‍ ഇടപെടല്‍ ആരോപിച്ച് സെന്‍സര്‍ ബോര്‍ഡ് മേധാവി ലീല സാംസണ്‍ രാജിവെച്ചതിനു തൊട്ടുപിന്നാലെയാണ് ബോര്‍ഡിലെ അംഗങ്ങള്‍ കൂട്ടമായി രാജി തീരുമാനവുമായി രംഗത്തെത്തിയിരിക്കുന്നത്.

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സര്‍ട്ടിഫിക്കേഷന്റെ സുഖമമായ പ്രവര്‍ത്തനത്തിനായി തങ്ങള്‍ ചില മാറ്റങ്ങള്‍ ആവശ്യപ്പെടാന്‍ തുടങ്ങിയിട്ടു കാലങ്ങളായി. എന്നാല്‍ മന്ത്രാലയം ഒരു ചെറിയ പോസിറ്റീവ് നടപടിപോലും സ്വീകരിച്ചിട്ടില്ലെന്നും അംഗങ്ങള്‍ കുറ്റപ്പെടുത്തുന്നു.

ഇറ ഭാസ്‌കര്‍, ലോറ പ്രഭു, പങ്കജ് ശര്‍മ, രാജീവ് മാസന്ദ്, ടി.ജി ത്യാഗരാജന്‍, മാമങ് ദായ്, ഷുബ്ര ഗുപ്ത എന്നിവരാണു രാജിവെച്ചത്.

ലീല സാംസണിനു പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് താന്‍ രാജിവെക്കുന്നതെന്ന് ഇറ ഭാസ്‌കര്‍ പറഞ്ഞു. ” ഞാന്‍ രാജിവെക്കാന്‍ തീരുമാനിച്ചു. മറ്റുള്ള അംഗങ്ങളും. ബോര്‍ഡ് ശരിയായി പ്രവര്‍ത്തിക്കുന്നില്ലെന്ന് ഞങ്ങള്‍ എല്ലാവരും കൂടി എഴുതി നല്‍കിയിട്ടുണ്ട്. ചെയര്‍പേഴ്‌സണ്‍ സ്ഥാനത്ത് ഇപ്പോള്‍ ആരുമില്ല. അപ്പോള്‍ അവര്‍ നയിക്കുന്ന ബോര്‍ഡിനും യാതൊരു അര്‍ത്ഥവുമില്ല.” അവര്‍ പറഞ്ഞു.

പാനല്‍ അംഗങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമേല്‍ മന്ത്രാലയത്തിന്റെ ഇടപെടലും അഴിമതിയും ഉണ്ടെന്നാരോപിച്ചാണ് ലീല സാംസണ്‍ കഴിഞ്ഞദിവസം രാജിവെച്ചത്. എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച സര്‍ക്കാര്‍ തെളിവു നല്‍കണമെന്നാണ് അവരോട് ആവശ്യപ്പെട്ടിട്ടുള്ളത്.

സര്‍ക്കാര്‍ ബോര്‍ഡിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നും എപ്പോഴും അകലം പാലിക്കാറുണ്ടെന്ന് വാര്‍ത്താവിനിമയ മന്ത്രി രാജ്യവര്‍ധന്‍ റാത്തോര്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more