സിദ്ധരാമയ്യക്ക് നേരെയുള്ള ആക്രമണം; ഒമ്പത് പേര്‍ പിടിയില്‍, സുരക്ഷ ശക്തം
national news
സിദ്ധരാമയ്യക്ക് നേരെയുള്ള ആക്രമണം; ഒമ്പത് പേര്‍ പിടിയില്‍, സുരക്ഷ ശക്തം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 19th August 2022, 2:51 pm

ബെംഗളുരു: മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ഒമ്പത് പേര്‍ അറസ്റ്റില്‍. കുശാല്‍നഗര്‍ റൂറല്‍ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. അതേസമയം എം.എല്‍.എയായ അപ്പച്ചുരഞ്ജനും മറ്റ് ബി.ജെ.പി നേതാക്കളും പ്രതികളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. വ്യാഴാഴ്ചയായിരുന്നു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ച കുടക് ജില്ലയില്‍ മഴക്കെടുതി ബാധിച്ച പ്രദേശങ്ങളിലേക്കുള്ള സന്ദര്‍ശനത്തിനിടെയായിരുന്നു സംഭവം. സംഘം ചേര്‍ന്നെത്തിയ പ്രതികള്‍ കുശാല്‍നഗറിലെ ഗുഡ്ഡെഹോസൂരില്‍ സിദ്ധരാമയ്യ സഞ്ചരിച്ച വാഹനത്തിന് നേരെ കരിങ്കൊടി കാണിക്കുകയും കാറിന് നേരെ മുട്ടയെറിയുകയുമായിരുന്നു.

സംഭവത്തിന് പിന്നാലെ സിദ്ധരാമയ്യക്ക് സുരക്ഷയൊരുക്കാന്‍ പൊലീസ് ജനറലിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശിവമോഗയില്‍ വര്‍ഗീയ കലാപം തുടരുകയാണ്.
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ബി.എച്ച് റോഡിലെ സിറ്റി സെന്റര്‍ മാളില്‍ നടന്ന ചിത്രപ്രദര്‍ശനത്തില്‍ സ്വാതന്ത്ര്യസമര സേനാനികളോടൊപ്പം സവര്‍ക്കറിന്റെ ചിത്രവും ഉള്‍പ്പെടുത്തിയിരുന്നു. ഇതോടെയാണ് സംഭവത്തില്‍ പ്രതിഷേധം ശക്തമായത്. സംഭവത്തിനെതിരെ പ്രതിഷേധിച്ച യുവാവിന്റെ വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

മഹാത്മാ ഗാന്ധി, ചന്ദ്രശേഖര്‍ ആസാദ് തുടങ്ങിയ സ്വാതന്ത്ര്യസമര സേനാനികള്‍ക്കൊപ്പമാണ് സവര്‍ക്കറിന്റെ ചിത്രവും ഉള്‍പ്പെടുത്തിയിരുന്നത്. ഇതിനെതിരെ എസ്.ഡി.പി.ഐക്കാരനായ യുവാവ് പ്രതിഷേധിച്ചതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സവര്‍ക്കര്‍ സ്വാതന്ത്യസമര സേനാനിയല്ലെന്നും മറിച്ച് ദേശദ്രോഹിയാണെന്നും എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ പറഞ്ഞു.

സ്വാതന്ത്ര്യ സമര കാലത്ത് നിരവധി മുസ്‌ലിങ്ങള്‍ രാജ്യത്തിന് വേണ്ടി ജീവന്‍ ബലി നല്‍കിയിട്ടുണ്ടെന്നും അവരുടെയൊന്നും ചിത്രങ്ങള്‍ എവിടേയും പ്രദര്‍ശിപ്പിച്ചു കണ്ടില്ലെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.

അതേസമയം പ്രതിഷേധം രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിനത്തെ അട്ടിമറിക്കാനുള്ള ശ്രമമാണെന്ന് ബി.ജെ.പി സിറ്റി വിങ് പ്രസിഡന്റ് ജഗദീഷ് ആരോപിച്ചിരുന്നു.

Content Highlight: Nine arrested for throwing eggs against siddaramaiah car in karnataka