national news
ഗുവാഹത്തി സര്‍വകലാശാലയില്‍ മാര്‍ക്ക് തട്ടിപ്പ്; ഒമ്പത് പേര്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Jun 30, 05:04 pm
Sunday, 30th June 2024, 10:34 pm

ദിസ്പൂര്‍: പണം വാങ്ങി വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക് പെരുപ്പിച്ച് കാണിച്ചെന്ന് ആരോപിച്ച് അസമിലെ ഗുവാഹത്തി സര്‍വകലാശാലയില്‍ ഒമ്പത് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു.

ഗുവാഹത്തി, ബാര്‍പേട്ട, കല്‍ഗാച്ചിയ, ധുബ്രി എന്നിവിടങ്ങളിലാണ് അറസ്റ്റ് നടന്നത്. ഗുവാഹത്തി സര്‍വകലാശാല ജീവനക്കാരന്‍ കൃഷന്‍ കൃഷ്ണമൂര്‍ത്തി, ധുബ്രി ലോ കോളജ് ജീവനക്കാരന്‍ ശിവ്‌തോഷ് മഹാതോ, ധുബ്രിയിലെ ഒരു കോളജിലെ ലൈബ്രേറിയന്‍ അമിനുള്‍ ഇസ്‌ലാം എന്നിവരാണ് അറസ്റ്റിലായത്.

പണം വാങ്ങി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക് പെരുപ്പിച്ച് കാണിച്ചെന്നാരോപിച്ചാണ് കേസ്. വ്യാഴാഴ്ച ബാര്‍പേട്ട ജില്ലയില്‍ നടത്തിയ സന്ദര്‍ശനത്തിനിടെ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയാണ് അഴിമതിയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയത്.

ബാര്‍പേട്ടയിലെ ഗണേഷ്‌ലാല്‍ ചൗധരിയാണ് മാര്‍ക്ക് പെരുപ്പിച്ച് കാട്ടിയെന്ന് പരാതി നൽകിയത്. അസിസുല്‍ ഹക്ക് എന്ന ബിരുദ വിദ്യാര്‍ത്ഥിയുടെ മാർക്ക് പെരുപ്പിച്ച് കാട്ടിയെന്നാണ് ആരോപണം.

ഇതിന് പിന്നാലെയാണ് മറ്റ് കോളേജുകളിലെയും വിവരങ്ങള്‍ പുറത്തുവന്നത്. മാര്‍ക്ക് വര്‍ധിപ്പിക്കാന്‍ 10,000 രൂപ നല്‍കിയതായി വിദ്യാര്‍ത്ഥി സമ്മതിച്ചതായി അധ്യാപകര്‍ പറഞ്ഞു.

ജില്ലയില്‍ നിന്ന് ഏഴ് പേരെ അറസ്റ്റ് ചെയ്‌തെന്ന് മുഖ്യമന്ത്രി വ്യാഴാഴ്ച ബാര്‍പേട്ടയില്‍ പറഞ്ഞു. ഒന്നാം പ്രതിയായ വ്യക്തി സര്‍വകലാശാലയുടെ കംപ്യൂട്ടറൈസ്ഡ് മാര്‍ക്ക്ഷീറ്റ് സംവിധാനത്തിന്റെ ചുമതലയുള്ള വ്യക്തിയാണെന്ന് സര്‍വകലാശാല അധികൃതര്‍ പറഞ്ഞു.

നീറ്റ്, നെറ്റ് പരീക്ഷ ക്രമക്കേടുകളെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് ഇപ്പോള്‍ ഗുവാഹത്തി സര്‍വകലാശാലയിലെ ക്രമക്കേടുകളുടെ വിവരങ്ങളും പുറത്തുവന്നത്.

Content Highlight: Nine arrested for alleged marksheet scam at Gauhati University