|

ചിലപ്പോഴൊക്കെ അദ്ദേഹത്തെപ്പോലുള്ള സംവിധായകരെ നമുക്ക് ആവശ്യമാണ്: നിമിഷ സജയന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ദിലീഷ് പോത്തന്‍ ചിത്രത്തിലൂടെ ജനശ്രദ്ധ നേടിയ നടിയാണ് നിമിഷ സജയന്‍. ഏറെ ചര്‍ച്ചാ വിഷയമായ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിലെ പ്രകടനമികവ് നിമിഷക്ക് അന്യഭാഷയിലും ശ്രദ്ധ നേടികൊടുത്തിരുന്നു.

ജിഗര്‍തണ്ട ഡബിള്‍ എക്‌സ്, ചിത്താ എന്നീ തമിഴ് സിനിമകളില്‍ അഭിനയിക്കുകയും ശ്രദ്ധിക്കപ്പെടുകയും ചെയ്തു. റിച്ചി മെഹ്ത സംവിധാനം ചെയ്ത പോച്ചര്‍ എന്ന വെബ് സീരീസിലെ പ്രകടനത്തിന് ബോളിവുഡ് നടിയും സീരീസിന്റെ നിര്‍മാതാവുമായ ആലിയ ഭട്ട് നിമിഷയെ പ്രശംസിച്ചിരുന്നു.

നെറ്റ്ഫ്ളിക്സില്‍ ഈ അടുത്ത് റിലീസായ ഡബ്ബ കാര്‍ട്ടല്‍ എന്ന സീരീസിലും കേന്ദ്ര കഥാപാത്രമായി നിമിഷ എത്തിയിട്ടുണ്ട്. ഏറ്റവും പുതിയ സീരീസായ ഡബ്ബ കാര്‍ട്ടലില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് സ്ത്രീകളാണ്.

പ്രധാനമായും സ്ത്രീകള്‍ മാത്രമുള്ള ഒരു താരനിരയുമായി പ്രവര്‍ത്തിക്കുമ്പോള്‍ ഉള്ള അനുഭവത്തെ കുറിച്ച് സംസാരിക്കുകയാണ് നിമിഷ സജയന്‍. ഡബ്ബ കാര്‍ട്ടലിന്റെ കഥ വായിച്ചപ്പോള്‍ തന്നെ താന്‍ സീരീസ് ചെയ്യാന്‍ വളരെ ആഗ്രഹിച്ചിരുന്നുവെന്നും അഞ്ച് സ്ത്രീ കഥാപാത്രങ്ങള്‍ക്കും അവരുടേതായ സ്ഥാനം കൊടുക്കുന്ന ഒരു സ്‌ക്രിപ്റ്റ് ആണ് ഇതെന്ന് തോന്നിയിരുന്നുവെന്നും നിമിഷ പറയുന്നു.

സിനിമയിലും പിന്നണിയിലുമായി ഒരുപാട് സ്ത്രീകളുണ്ടായിരുന്നുവെന്നും എല്ലാവരും വളരെ പരസ്പര ബഹുമാനത്തോടെയാണ് പ്രവര്‍ത്തിച്ചതെന്നും നിമിഷ പറയുന്നു. ഒ.ടി.ടി പ്ലെയുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നിമിഷ.

‘സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ ശക്തരായ അഞ്ച് സ്ത്രീ കഥാപാത്രങ്ങളും അവര്‍ക്ക് അഞ്ച് പേര്‍ക്കും അഭിനയിക്കാന്‍ അവരുടേതായ ഇടം നല്‍കുന്ന ഒരു സ്‌ക്രിപ്റ്റാണെന്നും എനിക്ക് തോന്നി. അതായിരുന്നു സ്‌ക്രിപ്റ്റിന്റെ ഭംഗി.

നിങ്ങള്‍ക്ക് ചിലപ്പോള്‍ അത് പറഞ്ഞാല്‍ മനസിലാകില്ല. വായിച്ചപ്പോള്‍ തന്നെ ഡബ്ബ കാര്‍ട്ടലിന്റെ ഭാഗമാകാന്‍ ഞാന്‍ വളരെയധികം ആഗ്രഹിച്ചു. സീരീസ് വേണ്ടെന്ന് പറയാന്‍ എനിക്ക് ഒരു കാരണവുമില്ലായിരുന്നു.

സെറ്റില്‍ ക്യാമറയ്ക്ക് പിന്നിലാണെങ്കില്‍ പോലും 80 ശതമാനവും സ്ത്രീകള്‍ തന്നെയായിരുന്നു. എവിടെ തിരിഞ്ഞാലും നിങ്ങള്‍ക്ക് സ്ത്രീകളെ കാണാന്‍ കഴിയും. അസിസ്റ്റന്റ് ഡയറക്ടര്‍മാരായാലും, കലാ വിഭാഗത്തിലായാലും, മേക്കപ്പിലായാലും, നിര്‍മാണത്തിലായാലും.

എല്ലാവര്‍ക്കുമിടയില്‍ പരസ്പര ബഹുമാനം ഉണ്ടായിരുന്നതായി എനിക്ക് തോന്നി. ഞങ്ങളുടെ സംവിധായകന്‍ ഹിതേഷ് ഭാട്ടിയ ഓരോ അഭിനേതാവിനെയും സമീപിച്ച രീതിയും വളരെ ഇന്‍ട്രസ്റ്റിങ് ആയിരുന്നു. ചിലപ്പോഴൊക്കെ അദ്ദേഹത്തെപ്പോലുള്ള സംവിധായകരെ നമുക്ക് ആവശ്യമുണ്ട്’, നിമിഷ പറഞ്ഞു.

Content Highlight: Nimisha Sajayan Talks About Dabba Cartel Series And Directer Hitesh Bhatia

Video Stories