തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ ദിലീഷ് പോത്തൻ മലയാളത്തിന് നൽകിയ നടിയാണ് നിമിഷ സജയൻ.
കുറഞ്ഞ കാലം കൊണ്ട് തന്നെ മലയാളത്തിലെ മികച്ച നടിമാരിൽ ഒരാളായി മാറിയ നിമിഷ കരിയറിന്റെ തുടക്കത്തിൽ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും കരസ്ഥമാക്കിയിരുന്നു. ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, ചോല, മാലിക്ക് തുടങ്ങിയ ചിത്രങ്ങളെല്ലാം വലിയ ശ്രദ്ധ നേടിയിരുന്നു.
ഈയിടെ അന്യഭാഷയിലേക്കും ചുവടുവെച്ച നിമിഷ അവിടെയും കയ്യടി നേടിയിരുന്നു. എസ്.യു. അരുണ്‍കുമാര്‍ സംവിധാനം ചെയ്ത ചിത്ത, കാര്‍ത്തിക് സുബ്ബരാജിന്റെ ജിഗര്‍തണ്ട ഡബിള്‍ എക്‌സ് എന്നീ തമിഴ് സിനിമകളില്‍ മികച്ച പ്രകടനമായിരുന്നു.
ഡെല്‍ഹി ക്രൈംസിന് ശേഷം റിച്ചി മെഹ്ത സംവിധാനം ചെയ്യുന്ന പോച്ചര്‍ എന്ന വെബ് സീരീസാണ് താരത്തിന്റെ പുതിയ പ്രൊജക്ട് പോച്ചറിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തില്‍ താൻ ഏറ്റവും കണ്ടിട്ടുള്ള സിനിമയെ കുറിച്ച് സംസാരിക്കുകയാണ് നിമിഷ.
‘ഞാൻ ഏറ്റവും കൂടുതൽ കണ്ടിട്ടുള്ള സിനിമ താരെ സമീൻ പറാണ്. അത് കാണുമ്പോഴൊക്കെ ഞാൻ കരയും. ഞാൻ അതിലെ ഇഷാൻ അവസ്തിയെന്ന കഥാപാത്രത്തെ ഒരുപാട് ഇഷ്ടപെടുന്നുണ്ട്. ഞാൻ അതെത്ര കണ്ടാലും കരയും ഇനി കാണുമ്പോഴും കരയും.
ആ പടത്തിൽ ഇഷാനെ ആരെങ്കിലും വഴക്ക് പറഞ്ഞാലും ഞാൻ കരയും. ചെറിയ എന്തെങ്കിലും മതിയെനിക്ക്. അത് എന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന സിനിമയാണത്. അതെനിക്ക് കംഫർട്ട് ആയിട്ടുള്ള ഒരു പടമാണ്. പക്ഷെ കണ്ടാൽ ഞാൻ കരയും,’ നിമിഷ പറയുന്നു.
കോമഡി സിനിമകൾ കാണാറുണ്ടെന്നും മലയാളത്തിൽ കിലുക്കം തനിക്ക് ഒരുപാടിഷ്ടമാണെന്നും നിമിഷ പറഞ്ഞു.
കോമഡി പടങ്ങൾ ഒരുപാട് കാണാറുണ്ട്. മലയാളത്തിൽ കിലുക്കം എനിക്ക് ഒരുപാട് ഇഷ്ടമാണ്. ഞാനത് എത്ര വേണമെങ്കിലും ഇരുന്ന് കാണും. അങ്ങനെയൊരു സിനിമയാണത്,’നിമിഷ പറയുന്നു.
Content Highlight: Nimisha Sajayan Talk About Her Favorite Film