| Wednesday, 28th February 2024, 4:36 pm

അത് തിരിച്ചറിഞ്ഞാൽ എല്ലാവരും മമ്മൂക്കയും ലാലേട്ടനുമാവില്ലേ, ഓരോരുത്തരും വ്യത്യസ്തരാണ്: നിമിഷ സജയൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദിലീഷ് പോത്തൻ ഒരുക്കിയ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറിയ നടിയാണ് നിമിഷ സജയൻ.

കരിയറിന്റെ തുടക്കത്തിൽ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ നിമിഷ കുറഞ്ഞ കാലയളവിൽ തന്നെ മികച്ച സിനിമകളുടെ ഭാഗമാവുകയും മലയാളത്തിലെ മികച്ച നടിമാരിൽ ഒരാളായി മാറുകയും ചെയ്തു.

ഒരു അഭിനേതാവ് ഒരു കഥാപാത്രത്തെ കുറിച്ച് ചിന്തിക്കുക എങ്ങനെയാണെന്ന് ഒരിക്കലും പറയാൻ കഴിയില്ലെന്നാണ് നിമിഷ പറയുന്നത്. എല്ലാവരും വ്യത്യസ്തരാണെന്നും ഓരോരുത്തരും വേറിട്ട രീതിയിലാണ് അതിനെ സമീപിക്കുകയെന്നും നിമിഷ പറഞ്ഞു.

അത് തിരിച്ചറിഞ്ഞാൽ എല്ലാവരും മമ്മൂട്ടിയും മോഹൻലാലുമാവില്ലേയെന്നും നിമിഷ പറയുന്നു. ഡെല്‍ഹി ക്രൈംസിന് ശേഷം റിച്ചി മെഹ്ത സംവിധാനം ചെയ്യുന്ന പോച്ചര്‍ എന്ന വെബ് സീരീസാണ് താരത്തിന്റെ പുതിയ പ്രൊജക്ട്. പോച്ചറിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നിമിഷ.

‘ഒരാൾ ഒരു കഥാപാത്രത്തെ കുറിച്ച് എങ്ങനെയാണ് ചിന്തിക്കുകയെന്ന് ഒരിക്കലും പറയാൻ കഴിയില്ല. കാരണം എല്ലാവരും വ്യത്യസ്തരാണ്. പലരും വേറിട്ട രീതിയിലാണ് അതിനെ പ്രൊസസ്സ് ചെയ്യുക. അതൊരിക്കലും മനസിലാക്കാൻ കഴിയില്ല.

അത് കിട്ടിയാൽ പിന്നെ എല്ലാവരും ലാലേട്ടനും മമ്മൂക്കയുമാവില്ലേ. ഒരിക്കലും അത് കിട്ടില്ല. നല്ല അഭിനയം മോശം അഭിനയം എന്നൊന്നുമില്ല. എല്ലാ കഥാപാത്രങ്ങളാണ്. എന്റെയും ചില സിനിമകളുണ്ട് ചിലത് വർക്കാവും ചിലത് വർക്കാവില്ല. നന്നായി എഴുതിയ തിരക്കഥയുള്ള സിനിമയാണെങ്കിൽ എനിക്ക് അധികം കഷ്ടപ്പെടേണ്ട ആവശ്യമില്ല.

ചിലത് കംഫർട്ടബിൾ അല്ലെങ്കിൽ ആ സമയത്ത് നമ്മൾ എഫർട്ട് എടുത്ത് ചെയ്യുമ്പോൾ കാണുന്നവർക്ക് തോന്നും അതൊരു മോശം അഭിനയമാണെന്ന്. അതിനെയാണ് പ്രേക്ഷകർ മോശം അഭിനയമെന്ന് വിളിക്കുന്നത്. പക്ഷെ ഈ പാവങ്ങൾ എഫർട്ട് എടുക്കുകയാണ്,’നിമിഷ പറയുന്നു.

Content Highlight: Nimisha Sajayan Talk About Acting Of Mammootty And Mohanlal

We use cookies to give you the best possible experience. Learn more