ചുരുങ്ങിയ സിനിമകളിലൂടെ മലയാളത്തിലെ മികച്ച നടിമാരില്‍ ഒരാളായി മാറിയ താരമാണ് നിമിഷ സജയന്‍. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ദിലീഷ് പോത്തന്‍ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നിമിഷ ഇന്ന് അന്യഭാഷയിലും തിരക്കുള്ള നായികയാണ്.
നിമിഷ സജയന്‍, കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രമാണ് നായാട്ട്. 2021ല്‍ ഇറങ്ങിയ നായാട്ട് നിരവധി നിരൂപ പ്രശംസ നേടുക്കുകയും അന്താരാഷ്ട്ര തലത്തില്‍ വരെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
നായാട്ടിനെ കുറിച്ച് സംസാരിക്കുകയാണ് നിമിഷ സജയന്‍. സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് തന്നെ സിനിമയിലേക്ക് വിളിച്ചപ്പോള്‍ കളര്‍ഫുള്‍ ഫീല്‍ ഗുഡ് ചിത്രമായിരിക്കും എന്നാണ് കരുതിയതെന്നും എന്നാല്‍ കഥ കേട്ടപ്പോള്‍ ഇത് മാര്‍ട്ടിന്‍ പ്രക്കാട്ട് ഇതുവരെ ചെയ്യാത്ത രീതിയിലുള്ള ചിത്രമാണെന്ന് മനസിലായെന്നും നിമിഷ പറഞ്ഞു.
താന്‍ ഏറ്റവും കൂടുതല്‍ സിനിമകള്‍ ചെയ്തിരിക്കുന്നത് ജോജു ജോര്‍ജിന്റെ കൂടെ ആണെന്നും നായാട്ടിന്റെ സെറ്റില്‍ താന്‍ മാത്രമായിരുന്നു സ്ത്രീയെന്നും നിമിഷ സജയന്‍ കൂട്ടിച്ചേര്‍ത്തു.
‘മാര്‍ട്ടിന്‍ ചേട്ടന്‍ നായാട്ട് എന്ന സിനിമ ചെയ്യാമോ എന്ന് ചോദിച്ചപ്പോള്‍ ഒരു ‘കളര്‍ഫുള്‍, ഫീല്‍ ഗുഡ് മൂവി’ എന്ന ധാരണയായിരുന്നു എനിക്ക്. പക്ഷേ, കഥ കേട്ടപ്പോള്‍ മനസിലായി അദ്ദേഹം ഇതുവരെ ചെയ്യാത്ത തരത്തിലുള്ള സിനിമയാണ് എന്ന്. ശക്തമായ കഥാപാത്രമാണ് എനിക്ക് നായാട്ടില്‍ ഉണ്ടായിരുന്നത്.
അധികം സംസാരിക്കാത്ത എന്നാല്‍ ആവശ്യമുള്ളപ്പോള്‍ ശക്തമായി ഇടപെടുന്ന കഥാപാത്രമാണ് നായാട്ടിലെ സുനിത. ഞാന്‍ ഇതുവരെ ചെയ്തതില്‍ നിന്നു തികച്ചും വ്യത്യസ്തം. കൂടെ ജോജു ചേട്ടനും ചാക്കോച്ചനും (ജോജു ജോര്‍ജ്, കുഞ്ചാക്കോ ബോബന്‍) ആണ് എന്നതും സന്തോഷം.
ഏറ്റവും കൂടുതല്‍ സിനിമകള്‍ ചെയ്തിരിക്കുന്നത് ജോജു ചേട്ടനൊപ്പമാണ്. ചോല, വണ്‍, തുറമുഖം, മാലിക്, നായാട്ട്. നായാട്ടിന്റെ സെറ്റില്‍ ഞാനല്ലാതെ മറ്റ് സ്ത്രീകളൊന്നുമുണ്ടായിരുന്നില്ല. പക്ഷേ, എനിക്ക് ഒറ്റപ്പെട്ടതായി തോന്നിയതേയില്ല. കാരണം ജോജു ചേട്ടനും ചാക്കോച്ചനും എന്ത് കാര്യത്തിനും എന്നെക്കൂടി കൂട്ടിയിരുന്നു,’ നിമിഷ സജയന്‍ പറയുന്നു.
Content highlight: Nimisha Sajayan says she was the only female in Nayattu Movie set