ചുരുങ്ങിയ സിനിമകളിലൂടെ മലയാളത്തിലെ മികച്ച നടിമാരില്‍ ഒരാളായി മാറിയ താരമാണ് നിമിഷ സജയന്‍. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ദിലീഷ് പോത്തന്‍ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നിമിഷ ഇന്ന് അന്യഭാഷയിലും തിരക്കുള്ള നായികയാണ്.
കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ജിഗര്‍തണ്ട ഡബിള്‍ എക്‌സ്, ചിത്താ എന്നീ തമിഴ് സിനിമകളിലെ നിമിഷയുടെ പ്രകടനം വലിയ ശ്രദ്ധ നേടിയിരുന്നു. ഡെല്‍ഹി ക്രൈംസിന് ശേഷം റിച്ചി മെഹ്ത സംവിധാനം ചെയ്ത പോച്ചര്‍ എന്ന വെബ് സീരീസിലെ പ്രകടനവും ശ്രദ്ധ നേടി. നെറ്റ്ഫ്ളിക്സില്‍ ഈ അടുത്ത് റിലീസായ ഡബ്ബ കാര്‍ട്ടല്‍ എന്ന സീരീസിലും കേന്ദ്ര കഥാപാത്രമായി നിമിഷ എത്തിയിട്ടുണ്ട്.
ആദ്യ സിനിമക്ക് ശേഷവും താന്‍ ഓഡീഷനുകള്‍ക്ക് പോകാറുണ്ടെന്ന് പറയുകയാണ് നിമിഷ സജയന്‍. എട്ട് വര്‍ഷമായി താന്‍ സിനിമയില്‍ വന്നിട്ടെന്നും ഇപ്പോഴും താന്‍ ഓഡീഷനുകള്‍ നല്‍കുന്നുണ്ടെന്നും നിമിഷ പറഞ്ഞു.
ജിഗര്‍തണ്ട ഡബിള്‍ എക്‌സ്, പോച്ചര്‍ തുടങ്ങിയവയില്‍ ഓഡീഷന് ശേഷമാണ് വേഷം ലഭിച്ചതെന്നും ഡബ്ബ കാര്‍ട്ടലിന് വേണ്ടി രണ്ടുതവണ ഓഡീഷന്‍ നടത്തിയിരുന്നുവെന്നും നിമിഷ കൂട്ടിച്ചേര്‍ത്തു. ഒ.ടി.ടി പ്ലേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നിമിഷ സജയന്‍.
‘ആദ്യ സിനിമയായ തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലെ റോള്‍ എനിക്ക് ലഭിച്ചത് ഓഡിഷന്‍ വഴിയാണ്. എട്ട് വര്‍ഷമായി ഞാന്‍ സിനിമയില്‍ വന്നിട്ട്. ഇപ്പോഴും ഓഡീഷനുകള്‍ നല്‍കുന്നു. ജിഗര്‍തണ്ടയ്ക്ക് വേണ്ടി എന്റെ ഓഡീഷന് നടത്തിയിട്ടുണ്ട്. പോച്ചര്‍ സീരീസിന് വേണ്ടിയും ഓഡീഷന്‍ നടത്തി. ഡബ്ബ കാര്‍ട്ടലില്‍ എന്ന ഏറ്റവും പുതിയ സീരീസിലേക്കും ഞാന്‍ എത്തിയത് ഓഡീഷന്‍ വഴിയാണ്.
എട്ട് വര്‍ഷമായി ഞാന്‍ സിനിമയില്‍ വന്നിട്ട്. ഇപ്പോഴും ഓഡീഷനുകള്‍ നല്‍കുന്നു
ഓഡീഷന് ശേഷം എനിക്ക് ഒരു റോള്‍ ലഭിക്കുമ്പോള്‍ ഞാന്‍ വളരെ സന്തോഷിക്കും. കാരണം അത് ലഭിക്കാന്‍ വേണ്ടി ഞാന്‍ കഠിനാധ്വാനം ചെയ്താണ് ലഭിച്ചതെന്ന തോന്നലുണ്ടാകും. ഡബ്ബ കാര്‍ട്ടലില്‍ പോലും അവര്‍ രണ്ട് ഓഡീഷനുകള്‍ ആവശ്യപ്പെട്ടിരുന്നു,’ നിമിഷ സജയന്‍ പറയുന്നു.
Content highlight: Nimisha Sajayan says she still give auditions