മുംബൈ നഗരത്തില്‍ ഡബ്ബയില്‍ ഭക്ഷണം വിതരണം ചെയ്യുന്ന അഞ്ച് സ്ത്രീകള്‍. എന്നാല്‍ ഡബ്ബയില്‍ അവര്‍ ഭക്ഷണം മാത്രമായിരുന്നില്ല നല്‍കിയിരുന്നത്. ഒരു ജീവിതമാര്‍ഗമായി തുടങ്ങുന്ന ആ സംരംഭം ഒടുവില്‍ അവരെ രഹസ്യ മയക്കുമരുന്ന് സാമ്രാജ്യത്തിലേക്ക് എത്തിക്കുന്നു. ഭക്ഷണത്തിന്റെ മറവില്‍ അവര്‍ മുംബൈ ഒട്ടാകെ മയക്കുമരുന്ന് വിതരണം ചെയ്യുന്നു. ഒരു ഘട്ടത്തില്‍ അവരിലേക്ക് നിയമപാലകരും അധോലോകത്തെ എതിരാളികളും കടന്നുവരുന്നതോടെ അഞ്ച് സ്ത്രീകള്‍ക്കും നിരവധി വെല്ലുവിളികള്‍ നേരിടേണ്ടി വരുന്നു.
ജ്യോതിക, നിമിഷ സജയന്‍, ഷബാന ആസ്മി, ശാലിനി പാണ്ഡെ, അഞ്ജലി ആനന്ദ്, സായ് തംഹങ്കര്‍ എന്നിവര്‍ ഒന്നിച്ച് നെറ്റ്ഫ്‌ളിക്‌സില്‍ എത്തിയ ഏറ്റവും പുതിയ സീരീസാണ് ഡബ്ബാ കാര്‍ട്ടല്‍. വിഷ്ണു മേനോനും ഭാവന ഖേറും രചന നിര്‍വഹിച്ച സീരീസ് സംവിധാനം ചെയ്തത് ഹിതേഷ് ഭാട്ടിയയാണ്. സീരീസ് പറയുന്നത് മയക്കുമരുന്ന് സാമ്രാജ്യത്തെ കുറിച്ച് മാത്രമല്ല. മിഡില്‍ ക്ലാസില്‍ ജീവിക്കുന്ന വ്യത്യസ്തരായ കുറച്ച് സ്ത്രീകളെ കുറിച്ച് കൂടിയാണ്.
സീരീസില്‍ ശക്തമായ നിരവധി സ്ത്രീ കഥാപാത്രങ്ങള്‍ ഉണ്ടെങ്കിലും ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത് നിമിഷ സജയനും ജ്യോതികയും തന്നെയാണ്. ഇരുവരും ആദ്യമായാണ് ഈ സീരീസിലൂടെ ഒന്നിക്കുന്നത്. സീരീസിലെ എല്ലാ കഥാപാത്രങ്ങള്‍ക്കും ഒരുപോലെ പ്രാധാന്യം കൊടുക്കുമ്പോഴും നിമിഷയും ജ്യോതികയും മാത്രം അത്രയേറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്. അത് അവരുടെ കഥാപാത്രങ്ങളുടെ കെട്ടുറപ്പ് കൊണ്ടും പ്രകടനം കൊണ്ടും തന്നെയാണ്.
സമൂഹത്തില്‍ രണ്ട് വ്യത്യസ്ത കോണുകളില്‍ നില്‍ക്കുന്ന കഥാപാത്രങ്ങളായാണ് ഇരുവരും എത്തുന്നത്. വിവിധ വീടുകളില്‍ മാറിമാറി അടുക്കള ജോലികള്‍ ചെയ്യുന്ന മാല എന്ന ഒരു സാധാരണക്കാരിയായി നിമിഷ എത്തുമ്പോള്‍ വരുണ എന്ന ബിസിനസുകാരി ആയിട്ടാണ് ജ്യോതിക സീരീസില്‍ അഭിനയിക്കുന്നത്.
സീരീസിന്റെ തുടക്കം മുതല്‍ക്ക് തന്നെ അടുക്കള പണിയുടെ പേരിലും പെരുമാറ്റത്തിന്റെ പേരിലും വരുണ മാലയെ വഴക്ക് പറയുന്നുണ്ട്. പരസ്പരം കണ്ണിന് മുന്നില്‍ കാണാന്‍ ഇഷ്ടമില്ലാത്ത രണ്ട് കഥാപാത്രങ്ങളാണ് ഇരുവരും. എന്നാല്‍ ഒരു ഘട്ടത്തില്‍ ഡബ്ബാ ബിസിനസില്‍ അവര്‍ക്ക് മറ്റ് മൂന്ന് സ്ത്രീകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടി വരികയാണ്.
തന്റെ കുഞ്ഞിനെ വളരെയധികം സ്‌നേഹിക്കുന്ന സ്ത്രീയാണ് മാല. തന്നെ പോലെ മകള്‍ ഒരു വീട്ടുജോലിക്കാരി ആകരുതെന്നുള്ള നിര്‍ബന്ധം അവള്‍ക്കുണ്ടായിരുന്നു. ഒരു ഘട്ടത്തില്‍ മകളോട് മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കാതെ നന്നായി പഠിക്കണമെന്നും വീടും കാറും കുറേ സാരിയുമൊക്കെ വാങ്ങണമെന്നും പറയുന്ന മാലയെ കാണാം. ജോലി ചെയ്യുന്ന റെസിഡന്‍ഷ്യല്‍ ഏരിയയിലേക്ക് തന്റെ സ്‌ക്കൂട്ടിയുമായി പോകുന്ന മാല സെക്യൂരിറ്റിയോട് ഗേറ്റ് തുറന്നു നല്‍കാന്‍ വേണ്ടി കയര്‍ക്കുന്നതും കാണാം. മറ്റുള്ളവരെല്ലാം വെറുമൊരു വീട്ടുജോലിക്കാരിയായി കണ്ട് തന്നോട് പെരുമാറുമ്പോഴും അതൊന്നും കൂസലാക്കാതെയാണ് അവള്‍ ജീവിക്കുന്നത്.
എന്നാല്‍ വരുണയാകട്ടെ (ജ്യോതിക) എട്ട് വര്‍ഷം മുമ്പ് തനിക്ക് കുട്ടിയുണ്ടാകുന്നത് വരെ ഒരു കോര്‍പ്പറേറ്റ് സ്ഥാപനത്തില്‍ ഉയര്‍ന്ന പോസ്റ്റില്‍ ജോലി ചെയ്തവളാണ്. പിന്നീട് ഒരു വലിയ ടെക്‌സ്റ്റൈല്‍സ് ആരംഭിക്കുന്ന അവളുടെ ലോകം ആ ബിസിനസ് മാത്രമായിരുന്നു. അതിനെ വളര്‍ത്തിയെടുക്കുക എന്നതായിരുന്നു അവളുടെ ലക്ഷ്യം. പുറത്ത് നിന്ന് നോക്കുന്നവര്‍ക്ക് അവള്‍ ഒരു സക്‌സസ്ഫുള്ളായ ജീവിതം നയിക്കുന്നത് പോലെ തോന്നുമെങ്കിലും വലിയ സാമ്പത്തിക പ്രശ്‌നവും ദാമ്പത്യ പ്രശ്‌നങ്ങളും അവള്‍ നേരിട്ടിരുന്നു.
ഒരു ഘട്ടത്തില്‍ മാലയും വരുണയും സീരീസില്‍ പരസ്പരം കലഹിക്കുന്നത് കാണാം. അവിടെ മാല വരുണയുടെ ജീവിതത്തെ അസൂയയോടെ നോക്കുന്നുണ്ട്. നിങ്ങള്‍ വലിയ ഒരു മുതലാളിയാണെന്നും റെസിഡന്‍ഷ്യനിലെ സെക്യൂരിറ്റി പോലും നിങ്ങളെ കാണുമ്പോള്‍ സല്യൂട്ട് ചെയ്യുന്നില്ലേയെന്നും മാല ചോദിക്കുന്നു. ഒപ്പം മറ്റുള്ളവരുടെ ബഹുമാനം ലഭിക്കുന്നത് എത്ര വലിയ കാര്യമാണെന്നും അതിന്റെ വില എന്താണെന്നും നിങ്ങള്‍ക്ക് അറിയില്ലെന്ന് മാല കുറ്റപ്പെടുത്തുന്നു.
എന്നാല്‍ വീട്ടില്‍ നിന്ന് കിട്ടാത്ത ബഹുമാനം പുറത്ത് നിന്ന് എത്ര കിട്ടിയിട്ടും കാര്യമില്ലെന്നാണ് വരുണ മറുപടി നല്‍കുന്നത്. നിലവില്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന തന്റെ ടെക്‌സ്റ്റൈല്‍സ് ബിസിനസ് വിജയിച്ചാല്‍ അതിന്റെ പ്രശംസ തന്റെ ഭര്‍ത്താവിനാകുമെന്നും ബിസിനസ് തകര്‍ന്നാല്‍ ഭര്‍ത്താവിന്റെ പണം നശിപ്പിച്ചുവെന്ന പഴി തനിക്കാകുമെന്നും വരുണ പറയുന്നുണ്ട്. അതിനിടയില്‍ തന്റെ കഠിനാധ്വാനത്തിന് ആരും വില നല്‍കില്ലെന്നും വരുണ പറയുന്നു.
ചുരുക്കത്തില്‍ സമൂഹത്തില്‍ രണ്ട് കോണുകളിലായി നില്‍ക്കുന്ന സ്ത്രീകളാണ് മാലയും വരുണയും. ഈ കഥാപാത്രങ്ങളെ ജ്യേതികയും നിമിഷ സജയനും എത്ര ശക്തമായിട്ടാണ് ചെയ്തു വെച്ചതെന്ന് സീരീസ് കണ്ടാല്‍ പറയാതിരിക്കാന്‍ ആവില്ല. ഷബാന ആസ്മിയുടെ ശക്തമായ കഥാപാത്രം ഒപ്പം നില്‍ക്കുമ്പോഴും മാലയായും വരുണയായും നിമിഷയും ജ്യോതികയും സീരീസിന്റെ ഏറ്റവും ശക്തമായ കേന്ദ്രമായി തന്നെ നില്‍ക്കുന്നു.
Content Highlight: Nimisha Sajayan And Jyothika In Netflix’s Dabba Cartel Series