ന്യൂദല്‍ഹി: യെമനില്‍ തടവില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ യെമന്‍ പ്രസിഡന്റ് റഷദ് അല്‍ അലിമി അംഗീകരിച്ചിട്ടില്ലെന്ന് ഇന്ത്യയിലെ യെമന്‍ എംബസി.
നിമിഷപ്രിയയുടെ വധശിക്ഷ ശരിവെച്ചത് വിമതരുടെ പ്രസിഡന്റായ മെഹ്ദി അല്‍ മഷാദാണെന്നാണ് വിവരം. നിലവില്‍ നിമിഷപ്രിയ ഹൂത്തികളുടെ കസ്റ്റഡിയില്‍ ആണ്. നിമിഷപ്രിയയുടെ കേസ് കൈകാര്യം ചെയ്യുന്നത് ഹൂത്തികള്‍ ആണെന്നും എംബസി വ്യക്തമാക്കി.
യെമന്‍ സ്വദേശിയായ തലാല്‍ അബ്ദു മഹ്ദിയെന്ന് യുവാവിനെ കൊലപ്പെടുത്തിയ കേസിലാണ് നിമിഷപ്രിയ അറസ്റ്റിലാവുന്നത്. 2017ലായിരുന്നു കൊലപാതകം. തലാലിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ നിമിഷപ്രിയ യെമനില്‍ ക്ലിനിക് ആരംഭിച്ചിരുന്നു. നിമിഷപ്രിയയും സുഹൃത്തും ചേര്‍ന്നാണ് കൊലപാതകം നടത്തിയത്.
തലാലിന്റെ മരണത്തില്‍ നിമിഷപ്രിയയ്ക്ക് വിചാരണാക്കോടതി വധശിക്ഷ വിധിച്ചു എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. വധശിക്ഷ രാജ്യത്തെ പരമോന്നത കോടതി ശെരിവെച്ചതായും പ്രസിഡന്റ് അനുമതി നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമാണ് ഇന്ത്യയിലെ യെമന്‍ എംബസി പുറത്തുവിട്ട വിവരങ്ങള്‍. യെമനിലെ ഔദ്യോഗിക നീതിന്യായ നിര്‍വഹണ സംവിധാനം വഴി നിമിഷപ്രിയ കടന്നുപോയിട്ടില്ലെന്നാണ് എംബസിയുടെ വിശദീകരണം സൂചിപ്പിക്കുന്നത്.
നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് അവരുടെ അമ്മ പ്രേമകുമാരി സനയില്‍ എത്തിയിരുന്നു.
Content Highlight: Nimishapriya is reported to be in custody of the Houthis