തിരുവനന്തപുരം: അഭിമുഖത്തിനിടെ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തിയ യൂട്യൂബ് ചാനല്‍ റിപ്പോര്‍ട്ടറുടെ മൈക്ക് പിടിച്ചുവാങ്ങി ക്യാമറ തട്ടിമാറ്റി നിമിഷ ഫാത്തിമയുടെ അമ്മ. ഭര്‍ത്താവിനൊപ്പം ഐ.എസില്‍ ചേര്‍ന്ന് ഭര്‍ത്താവ് മരിച്ച ശേഷം അഫ്ഗാന്‍ ജയിലില്‍ കഴിയുന്ന യുവതിയാണ് നിമിഷ ഫാത്തിമ. നിമിഷയെ ഇന്ത്യയില്‍ എത്തിക്കുകയല്ല വെടിവെച്ച് കൊല്ലുകയാണ് വേണ്ടതെന്നും ലോകമനസ്സാക്ഷി ഈ അമ്മയുടെ കണ്ണീര്‍ കണ്ട് സന്തോഷിക്കുകയാണെന്നും അടക്കമുള്ള വാക്കുകള്‍ റിപ്പോര്‍ട്ടര്‍ ഉപയോഗിച്ചപ്പോഴാണ് നിമിഷയുടെ അമ്മ മൈക്ക് തട്ടിമാറ്റിയത്.
വ്യൂ പോയിന്റ് എന്ന സംഘപരിവാര്‍ അനുകൂല യൂട്യൂബ് ചാനല്‍ ആണ് അഭിമുഖം നടത്താനായി നിമിഷയുടെ വീട്ടില്‍ എത്തിയത്. സൈനികന്റെ അമ്മയാണെന്ന് പറഞ്ഞ് അഭിമാനിക്കുന്നതിന് പകരം തീവ്രവാദിനിയുടെ അമ്മയാണ് എന്ന് പറഞ്ഞ് മകളെ നാട്ടിലെത്തിക്കാനാണ് ശ്രമിക്കുന്നതെന്നും റിപ്പോര്‍ട്ടര്‍ പറയുന്നുണ്ട്.
മകളെ തിരികെ ഇന്ത്യയില്‍ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് നിമിഷയുടെ അമ്മ നേരത്തേ ഹൈക്കോടതിയില്‍ ഹരജി കൊടുത്തിരുന്നു. നിമിഷ ഫാത്തിമയെയും നിമിഷയുടെ മകളെയും തിരികെയെത്തിക്കാനായി കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹരജി നല്‍കിയത്.
അഫ്ഗാനിസ്ഥാന്‍ നിമിഷയെ ഇന്ത്യക്ക് കൈമാറാന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയപ്പോള്‍ സുരക്ഷ ഏജന്‍സികളുടെ നിലപാട് സര്‍ക്കാര്‍ തേടിയിരുന്നു. സംഘത്തിലെ എല്ലാവര്‍ക്കും ചാവേര്‍ ആക്രമണത്തിന് പരിശീലനം കിട്ടിയിട്ടുണ്ടെന്നാണ് സുരക്ഷ ഏജന്‍സികള്‍ സര്‍ക്കാരിനെ അറിയിച്ചത്.