മലയാളത്തില്‍ ഇപ്പോഴുള്ളതില്‍ ഏറ്റവും മികച്ച ഛായാഗ്രഹകന്മാരില്‍ ഒരാളാണ് നിമിഷ് രവി. അരുണ്‍ ബോസ് സംവിധാനം ചെയ്ത ലൂക്ക എന്ന ചിത്രത്തിലൂടെയാണ് നിമിഷ് സ്വതന്ത്ര ഛായാഗ്രഹകനായത്. ആദ്യ ചിത്രത്തിലൂടെ തന്നെ നിമിഷ് ശ്രദ്ധേയനായി. തുടര്‍ന്ന് സാറാസ്, റോഷാക്ക്, കുറുപ്പ് തുടങ്ങിയ സിനിമകള്‍ക്ക് നിമിഷ് ക്യാമറ ചലിപ്പിച്ചു.
മലയാളത്തിന് പുറമെ തെലുങ്കിലും നിമിഷ് തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ ലക്കി ഭാസ്‌കറിലൂടെയാണ് നിമിഷ് തെലുങ്കില്‍ അരങ്ങേറിയത്. തിയേറ്ററുകളില്‍ മികച്ച രീതിയില്‍ പ്രദര്‍ശനം തുടരുന്ന ബസൂക്കയുടെ ക്യാമറ ചലിപ്പിച്ചിരിക്കുന്നതും നിമിഷാണ്. നായകന്‍ ആരായാലും അയാളെ മാക്‌സിമം സ്റ്റൈലിഷായി ക്യാമറയില്‍ പകര്‍ത്താന്‍ നിമിഷിന് സാധിക്കാറുണ്ട്.
ഇപ്പോഴിതാ തന്റെ അടുത്ത ചിത്രത്തെക്കുറിച്ച് നിമിഷ് പങ്കുവെച്ച അപ്‌ഡേറ്റാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. ലക്കി ഭാസ്‌കറിന് ശേഷം വെങ്കി അട്‌ലൂരി സംവിധാനം ചെയ്യുന്ന ചിത്രമാണ് നിമിഷ് രവിയുടെ അടുത്ത പ്രൊജക്ട്. ചിത്രത്തിന്റെ സ്‌ക്രിപ്റ്റിന്റെ ഫോട്ടോ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് നിമിഷ് പങ്കുവെച്ചത്.
സൂര്യയാണ് വെങ്കി അട്‌ലൂരിയുടെ അടുത്ത ചിത്രത്തിലെ നായകന്‍. ലക്കി ഭാസ്‌കര്‍ പോലെ പിരീയഡ് ഡ്രാമയായിരിക്കും ഈ ചിത്രമെന്ന് വെങ്കി അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. മലയാളി താരം മമിത ബൈജുവാണ് ചിത്രത്തിലെ നായികയെന്നും റൂമറുകളുണ്ട്. സൂര്യയുടെ നായികയായിട്ടല്ല മമിത വേഷമിടുന്നതെന്നും നായികക്കും പ്രാധാന്യമുള്ള സബ്ജക്ടാണ് ഇതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ലക്കി ഭാസ്‌കര്‍ നിര്‍മിച്ച സിതാര എന്റര്‍ടൈന്മെന്റ്‌സ് തന്നെയാണ് ഈ ചിത്രവും നിര്‍മിക്കുന്നത്. സംഗീത സംവിധായകന്‍ ജി.വി. പ്രകാശ് കുമാറടക്കം ലക്കി ഭാസ്‌കറിന്റെ അതേ ടീം ഈ സിനിമയിലും അണിനിരക്കുമെന്നാണ് കേള്‍ക്കുന്നത്. സൂര്യയുടെ ബ്രഹ്‌മാണ്ഡ പ്രൊജക്ടായ വാടിവാസലിന്റെ ഷൂട്ട് വൈകുന്നതിനാലാണ് വെങ്കി അട്‌ലൂരിയുമായുള്ള പ്രൊജക്ട് പെട്ടെന്ന് ആരംഭിക്കുന്നതെന്നാണ് റൂമറുകള്‍.
കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന റെട്രോയാണ് സൂര്യയുടെ ഏറ്റവുമടുത്ത തിയേറ്റര്‍ റിലീസ്. കങ്കുവയുടെ പരാജയം റെട്രോയിലൂടെ താരം മറികടക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും ആരാധകരില്‍ പ്രതീക്ഷയുണര്‍ത്തിയിരുന്നു. പൂജ ഹെഗ്‌ഡേയാണ് ചിത്രത്തിലെ നായിക. ജോജു ജോര്‍ജും ജയറാമും ചിത്രത്തില്‍ പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്.
Content Highlight: Nimish Ravi is onboard for Surya Venki Atlury project