രണ്ടര മണിക്കൂര്‍ നേരത്തേക്ക് ഉല്ലാസം നിറഞ്ഞ ഒരു ഫാന്റസി ലോകത്തേക്കൊരു യാത്ര. അതാണ് ഷെയ്ന്‍ നിഗവും പവിത്ര ലക്ഷ്മിയും കേന്ദ്രകഥാപാത്രങ്ങളായ ഉല്ലാസം എന്ന സിനിമ. എന്നാല്‍ പ്രേക്ഷകന് ഈ സിനിമ എത്രത്തോളം ഉല്ലാസകരമായി എന്ന ചോദ്യമാണ് ചിത്രം അവസാനിക്കുമ്പോള്‍ ഉയരുന്നത്.
ഒരു ട്രെയ്ന്‍ യാത്രക്കിടയില്‍ ഊട്ടിയിലെ മനോഹരമായ വനത്തില്‍ ഒറ്റപ്പെട്ട് പോകുന്ന ഹാരി മേനോനില്‍ നിന്നും നിമയില്‍ നിന്നുമാണ് കഥ തുടങ്ങുന്നത്. തുടര്‍ന്നുള്ള ഇവരുടെ യാത്രയാണ് ഉല്ലാസം പറയുന്നത്. നിമ നിഷ്‌കളങ്കയായ പെണ്‍കുട്ടിയാണ്. പഴയ മലയാളം ചിത്രങ്ങളിലൊക്കെ കാണുന്നത് പോലെ വഴിതെറ്റുമ്പോള്‍ ആന വരുമെന്ന നായകന്റെ വാക്ക് കേട്ട് പേടിക്കുന്ന നായിക.
മരത്തിലെ തേനീച്ചക്കൂട്ടില്‍ നിന്നും തേന്‍ കയ്യിലേക്ക് വീഴുമ്പോള്‍ അത് നരഭോജികള്‍ കൊന്ന് കെട്ടിവെച്ച മനുഷ്യരുടെ രക്തമാണെന്ന് പറഞ്ഞ് സിമ്പിളായി നായികയെ പറ്റിക്കാന്‍ സാധിക്കും. വൈകിട്ട് താമസിക്കുന്ന ഹോംസ്‌റ്റേയില്‍ നേരം രാത്രി പുലരുമ്പോള്‍ നായിക ‘സ്വഭാവികമായും,’ അടുക്കളയിലാണ്.
അവിടെ ചോക്ലേറ്റ് മിക്‌സ് ചെയ്തുകൊണ്ടിരിക്കവേ ആരും കാണാതെ കയ്യില്‍ പറ്റിയ ചോക്ലേറ്റ് നായിക നുണയുന്നതും നായകന്‍ അത് നോക്കി നില്‍ക്കുന്നതും പറഞ്ഞുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതുമൊക്കെ വളരെ ‘ക്യൂട്ട്’ ആയിട്ട് തന്നെ ചിത്രീകരിച്ചിട്ടുണ്ട്. ഒടുവില്‍ ഹോം സ്‌റ്റേയില്‍ നിന്നും നിമയും ഹാരിയും പോകുമ്പോള്‍ ക്യൂട്ടായ നായികയ്ക്ക് മാത്രമാണ് ഹോം സ്‌റ്റേയിലെ ഉടമസ്ഥ രണ്ട് പാക്കറ്റ് ചോക്ലേറ്റ് കൊടുക്കുന്നത്. പിന്നെ ഒരു ഉപദേശവും, അടുത്ത പ്രാവശ്യം വരുമ്പോള്‍ കൂടെയുള്ളവനെ കെട്ടിയിട്ട് വരണമത്രേ.
ഒരു ഫെയറി ടെയ്ല്‍ സ്‌റ്റോറിയാണ് ചിത്രം ഉദ്ദേശിച്ചതെങ്കിലും അത് കണ്‍വിന്‍സിങ്ങാവുന്നില്ലെന്ന് മാത്രമല്ല നല്ല ആര്‍ട്ടിഫിഷ്യാലിറ്റിയും തോന്നുന്നുണ്ട്. ഷെയ്‌ന്റെ പുതുമയാര്‍ന്ന ഒരു കഥാപാത്രത്തെ ലഭിച്ചെങ്കിലും തിരക്കഥയിലേയും സംവിധാനത്തിലേയും പാളിച്ചകള്‍ ചിത്രത്തെ ബാധിച്ചിട്ടുണ്ട്.
Content Highlight: Nima is an innocent and cute girl in ullasam movie