| Friday, 11th December 2015, 10:15 pm

നില്‍പ്പ് സമരം പുനരാരംഭിക്കുമെന്ന് ഗോത്രമഹാസഭ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കല്‍പ്പറ്റ: കഴിഞ്ഞവര്‍ഷം ഡിസംബറില്‍ അവസാനിപ്പിച്ച നില്‍പ്പ് സമരം ജനുവരി ഒന്നുമുതല്‍ പുനരാരംഭിക്കാന്‍ ആദിവാസി ഗോത്രമഹാസഭയും, ആദിവാസി ഊര് വികസനമുന്നണിയും തീരുമാനിച്ചു. സമരക്കാര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതോടെയാണ് ആറ് മാസക്കാലം നീണ്ടു നിന്ന നില്‍പ്പ് സമരം ഡിസംബറില്‍ അവസാനിപ്പിച്ചത്.

എന്നാല്‍ വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ പാലിക്കാതായതോടെയാണ് ആദിവാസികള്‍ നില്‍പ്പ്‌സമരം പുനരാരംഭിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഡിസംബര്‍ 17ന് വയനാട് കലക്‌ട്രേറ്റിന് മുന്നില്‍ സൂചന നില്‍പ്പ് സമരം സംഘടിപ്പിക്കും

ഭൂരഹിതര്‍ക്ക് പതിച്ചു നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ കൈമാറിയ 19,600 ഏക്കര്‍ നിക്ഷിപ്തവനഭൂമി പതിച്ചുനല്‍കുക; ആദിവാസി മേഖലകള്‍ 5ാം പട്ടികയിലുള്‍പ്പെടുത്തുക; മുത്തങ്ങയില്‍ നിന്നും കുടിയിറക്കപ്പെട്ടവരെ പുനരധിവസിപ്പിക്കുക; ജയിലടക്കപ്പെട്ട കുട്ടികള്‍ക്കും അതിക്രമങ്ങള്‍ക്കിരയായവര്‍ക്കും നഷ്ടപരിഹാരം നല്‍കുക; അട്ടപ്പാടിയിലെ ശിശുമരണത്തിന് അറുതി വരുത്തുക  ഭൂമി നല്‍കുക, ആന്റണി സര്‍ക്കാര്‍ നടപ്പാക്കിയ പുനരധിവാസ പദ്ധതി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും ഉന്നയിച്ചിരുന്നത്.

മുത്തങ്ങ സംഭവത്തില്‍ ജയിലിലടക്കപ്പെട്ട 150ഓളം പേരില്‍ 26 പേര്‍ക്ക് 1 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കിയതല്ലാതെ, കുടിയിറക്കപ്പെട്ടവര്‍ക്ക് ഭൂമി നല്‍കിയിട്ടില്ല. വെടിവെപ്പില്‍ കൊല്ലപ്പെട്ട ജോഗിയുടെ കുടുംബത്തിനും അതിക്രമത്തിന് ഇരയായവര്‍ക്കും നഷ്ടപരിഹാരം നല്‍കിയിട്ടില്ല. ആദിവാസി ഭൂമി അന്യാധീനപ്പെട്ട അട്ടപ്പാടിയില്‍ കേന്ദ്രസര്‍ക്കാര്‍ കൈമാറിയ 9000ഏക്കറോളം ഭൂമി ഉണ്ടായിട്ടും പതിച്ചുനല്‍കാന്‍ നടപടി എടുക്കുന്നില്ലെന്നും ഗോത്രമഹാസഭ പുറത്തിറക്കിയ പ്രസ്താവനയില്‍ ആരോപിക്കുന്നു.

ശിശുമരണം തുടര്‍ക്കഥയാവുകയാണ്. ആന്റണി സര്‍ക്കാര്‍ തുടങ്ങിവച്ച ആദിവാസി പുനരധിവാസപദ്ധതി മാറിമാറി വന്ന ഇടതുവലത് മുന്നണികള്‍ അവഗണിച്ചതിനാല്‍ ആദിവാസി മേഖലയില്‍ പട്ടിണിയും ദാരിദ്ര്യവും കൂടിവരികയാണെന്നും അവര്‍ ആരോപിക്കുന്നു.

കേരളത്തില്‍ മതവും ജാതിയും സാമൂഹിക പദവിയും നോക്കിയും, സാമുദായിക സമ്മര്‍ദ്ദലോബികളുടെ ശക്തിയും നോക്കിയാണ് ആനുകൂല്യങ്ങള്‍ നല്‍കുന്നത് എന്നത് വസ്തുതയാണ്. സമത്വമുന്നേറ്റയാത്ര നടത്തിയ വെള്ളാപ്പള്ളിയുടെ ആരോപണങ്ങള്‍ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞുകൂടെന്നും കേരളം ഭരിക്കുന്ന ഇടത്  വലത് മുന്നണികള്‍ സമ്പന്നരായ മതജാതി സമുദായങ്ങളുടെ തടവറയിലാണെന്നും ആദിവാസികള്‍ ആരോപിക്കുന്നു.

സമുദായസമ്മര്‍ദ്ദം കൊണ്ട് തൃപ്തനാകാതെ പുറത്തുവന്ന വെള്ളാപ്പള്ളി വിശാലഹിന്ദു ഐക്യത്തെ കൂട്ടിപിടിക്കുന്നുണ്ടെങ്കില്‍ അതിനുള്ള അടിത്തറ പാകിയത് ദശകങ്ങളായി അധികാരം കൈയാളിയ ഇടതുവലതു മുന്നണികളാണ്. കപടമായ മതേതരമുഖം കൊണ്ട് പുതിയ രാഷ്ട്രീയധ്രുവീകരണം ഇടത് വലത് മുന്നണികള്‍ക്ക് തടഞ്ഞുനിര്‍ത്താനാകില്ല. സംഘടിത സമുദായങ്ങള്‍ക്കും സമ്പന്നര്‍ക്കും വേണ്ടി മാത്രം ഭരണം നടത്തുന്ന രീതി അവസാനിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

പുതിയ രാഷ്ട്രീയധ്രുവീകരണത്തില്‍ ഇടപെടാനും ഒരു ജനാധിപത്യ മതേതരബദലിന് വേണ്ടി നിരന്തരം ബോധവല്‍ക്കരണം നടത്താനുമായി ദളിതരെയും മത്സ്യ തൊഴിലാളികളേയും മറ്റ് പാര്‍ശ്വല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളേയും ഉള്‍പ്പെടുത്തി “”ഊര് വികസന മുന്നണി””എന്ന പേരില്‍ ഒരു രാഷ്ട്രീയവേദിക്ക് ഗോത്രമഹാസഭ രൂപം നല്‍കിയിട്ടുണ്ടെന്നും ഗോത്രമഹാസഭ അറിയിച്ചു.

We use cookies to give you the best possible experience. Learn more