ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തില്‍ എന്‍.ഡി.എയില്‍ ഭിന്നത രൂക്ഷമാകുന്നു. തമിഴ്‌നാട്ടില്‍ നിയമം നടപ്പിലാക്കില്ലെന്നു പറഞ്ഞ് സഖ്യകക്ഷിയായ എ.ഐ.എ.ഡി.എം.കെയുടെ മന്ത്രിയായ നീലോഫര്‍ കഫീലാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.
‘പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നത് ഉചിതമാകില്ല. ഭേദഗതി നടപ്പാക്കില്ലെന്ന മറ്റു സംസ്ഥാനങ്ങളുടെ നിലപാട് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്,’ മന്ത്രി പറഞ്ഞു.
പൗരത്വ ഭേദഗതി ബില്ലിനെ പാര്‍ലമെന്റില്‍ പിന്തുണയ്ക്കുക വഴി എ.ഐ.എ.ഡി.എം.കെ തമിഴരെ വഞ്ചിച്ചെന്ന പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയായിരുന്നു പ്രതിപക്ഷം ചെന്നൈയില്‍ റാലി നടത്തിയത്. പി. ചിദംബരം അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും, സി.പി.ഐ.എം, എം.ഡി.എം.കെ എന്നിവരും തെരുവിലിറങ്ങിയിരുന്നു.
എന്നാല്‍ പ്രതിഷേധിച്ചതിനെത്തുടര്‍ന്ന ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന്‍ അടക്കമുള്ളവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
പൊലീസ് അനുമതിയില്ലാതെ പ്രതിഷേധ പ്രകടനം നടത്തിയതിനാണ് കേസ്. ഇന്നലെയായിരുന്നു ചെന്നൈ നഗരത്തില്‍ ഡി.എം.കെയുടെ നേതൃത്വത്തില്‍ കൂറ്റന്‍ പ്രതിഷേധ റാലി നടന്നത്.
പി. ചിദംബരം, ആര്‍.എസ് എം.പി വൈകോ, ടി.എന്‍.സി.സി അധ്യക്ഷന്‍ കെ.എസ് അളഗിരി, ഡി.കെ നേതാവ് കെ. വീരമണി, സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കെ. ബാലകൃഷ്ണന്‍, സി.പി.ഐ. സംസ്ഥാന സെക്രട്ടറി ആര്‍. മുതരശന്‍, വി.സി.കെ നേതാവ് തോള്‍ തിരുമാവളവന്‍. എന്നിവര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 15,000 പേര്‍ റാലിയില്‍ പങ്കെടുത്തിട്ടുണ്ടെന്നാണ് പൊലീസ് അറിയിച്ചത്.