കാസര്‍ഗോഡ്: നീലേശ്വരം വീരര്‍കാവ് ക്ഷേത്രത്തിലെ വെടിക്കെട്ടപകടത്തില്‍ എട്ട് പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തതായി റിപ്പോര്‍ട്ട്. ഇവരെല്ലാവരം തന്നെ ക്ഷേത്രത്തിന്റെ ഭാരവാഹികളാണ്.
ഭാരവാഹികളായ ചന്ദ്രശേഖരന്‍, ബാബു, ഭരതന്‍, തമ്പാന്‍, എ.വി. ഭാസ്‌കരന്‍, രാജേഷ്, ചന്ദ്രന്‍ എന്നിവര്‍ക്കെതിരെയാണ് നീലേശ്വരം പൊലീസ് കേസ് എടുത്തിരിക്കുന്നത്.
ഒന്ന് മുതല്‍ എട്ട് വരെയുള്ള പ്രതികള്‍ നിയമപരമായ അനുമതി ഇല്ലാതെയും സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാതെയും അശ്രദ്ധമായായി വെടിക്കെട്ട് കൈകാര്യം ചെയ്തതാണ് അപകടത്തിനിടയാക്കിയതെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്.
ഭാരതീയ ന്യായ സംഹിതയിലെ 288, 125 എ, 125 ബി എന്നീ മൂന്ന് വകുപ്പുകളും എക്‌സ്‌പ്ലോസീവ് സബ്സ്റ്റന്‍സ് ആക്ടിലെ മൂന്ന് എ, ആറ് എന്നീ വകുപ്പുകള്‍ പ്രകാരവുമാണ് കേസ് എടുത്തിരിക്കുന്നത്.
ക്ഷേത്രഭരണ സമിതി പ്രസിഡന്റ് ചന്ദ്രശേഖരന്‍, സെക്രട്ടറി ഭരതന്‍ എന്നിവര്‍ നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്. ഇവരെ ചോദ്യം ചെയ്യുന്നത് പുരോഗമിക്കുകയാണെന്നാണ് സൂചന.
ഇന്ന് (ചൊവ്വാഴ്ച്ച്) പുലര്‍ച്ചെ 12:30യോട് കൂടിയാണ് നീലേശ്വരം വീരര്‍കാവ് ക്ഷേത്രത്തിലെ വെടിക്കെട്ടുപുരയ്ക്ക് തീപ്പിടിച്ച് അപകടം ഉണ്ടാവുന്നത്. സ്‌ഫോടനത്തില്‍ 154 ഓളം പേര്‍ക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റവരില്‍ ആറ് പേരുടെ നില ഗുരുതരമാണ്. 11 പേര്‍ കാഞ്ഞങ്ങാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. കണ്ണൂരിലെ മിംസ് ആശുപത്രിയില്‍ അഞ്ച് പേരും കെ.എ.എച്ച് ആശുപത്രിയില്‍ 11 പേരുമാണ് ചികിത്സയിലുള്ളത്. 80% പെള്ളലേറ്റ ഒരു യുവാവടക്കം ആറ് പേര്‍ കോഴിക്കോട് മിംസ് ആശുപത്രിയിലും ചികിത്സയിലുണ്ട്. 96 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
വെടിക്കെട്ട് പുരയ്ക്ക് സമീപം നിന്നവര്‍ക്കാണ് ഗുരുതര പരിക്കേറ്റിരിക്കുന്നത്. ക്ഷേത്രത്തിലെ തെയ്യത്തിന്റെ വെള്ളാട്ട് നടക്കുന്നതിനിടെ പടക്കം പൊട്ടിച്ചപ്പോള്‍ അതിന്റെ തീപ്പൊരി വെടിക്കെട്ട് പുരയിലേക്ക് വീണാണ് അപകടം ഉണ്ടായതെന്നാണ് സൂചന. പൊട്ടിത്തെറിക്കിടയില്‍ ആളുകള്‍ ചിതറിയോടുന്നതിനിടെ തിക്കിലും തിരക്കിലുംപെട്ട് പരിക്കേറ്റവരും ധാരാളമുണ്ട്.
അതേസമയം ക്ഷേത്രത്തില്‍ വെടിക്കെട്ട് നടത്താന്‍ ജില്ലാ ഭരണകൂടത്തിന്റെ അനുമതി ഉണ്ടയിരുന്നില്ലെന്ന് കാസര്‍ഗോഡ് ജില്ലാ കലക്ടര്‍ ഇന്‍പരേശന്‍ കാളിമുക്ക് അറിയിച്ചു. വെടിക്കെട്ട് നടത്തുന്നതിനായി ക്ഷേത്രം അധികൃതര്‍ അപേക്ഷയും നല്‍കിയിരുന്നില്ല.
Content highlight: Nileswaram fireworks accident; A case was registered against eight people