അഹമ്മദാബാദ്: നാമനിർദേശ പത്രിക തള്ളിപ്പോയതിന് പിന്നാലെ സൂറത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന നിലേഷ് കുംഭാനി ബി.ജെ.പിയിലേക്കെന്ന് റിപ്പോർട്ട്.
നാമനിർദേശ പത്രിക തള്ളിപ്പോവുകയും ബി.ജെ.പി സ്ഥാനാർത്ഥിയായ മുകേഷ് ദലാല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതിനും പിന്നാലെ നിലേഷുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു. തുടർന്നാണ് നീലേഷ് കുംഭാനി ബി.ജെ.പിയില്‍ ചേർന്നുവെന്ന റിപ്പോർട്ടുകൾ വന്നത്.
അതേസമയം നിലേഷ് കുംഭാനിയുടെ വസതിക്ക് മുമ്പിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം നടക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. ജനങ്ങളെ വഞ്ചിച്ചുവെന്ന് ആരോപിച്ചായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം. നിലേഷിന്റെ വസതിക്ക് മുമ്പിൽ പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
നാമനിര്‍ദേശ പത്രികയില്‍ നിലേഷിനെ നിര്‍ദേശിച്ച മൂന്ന് പേരും പത്രികയില്‍ ഉള്ളത് തങ്ങളുടെ ഒപ്പല്ലെന്ന് പറഞ്ഞ് സത്യവാങ്മൂലം നല്‍കിയതിന് പിന്നാലെയാണ് പത്രിക തള്ളിക്കളഞ്ഞത്. ഇതിന് പിന്നാലെ നിലേഷിന് പകരക്കാരനായി കോണ്‍ഗ്രസ് നിര്‍ത്തിയ ഡമ്മി സ്ഥാനാര്‍ത്ഥിയുടെ പത്രികയും തള്ളുന്ന സാഹചര്യം ഉണ്ടായി.
തുടർന്ന് സൂറത്തിലെ പ്രധാന സ്ഥാനാര്‍ത്ഥിയായി ബി.ജെ.പിയുടെ മുകേഷ് ദലാൽ മാത്രം അവശേഷിച്ചു. പിന്നീട് ഏഴ് സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ കൂടെ നാമനിര്‍ദേശ പത്രിക പിന്‍വലിച്ചതിനെ തുടർന്നാണ് ഏകപക്ഷീയമായി മുകേഷ് ദലാൽ വിജയിച്ചത്.
നാമനിര്‍ദേശ പത്രിക തള്ളിയതിന് പിന്നാലെ നിയമനടപടികളുമായി കോണ്‍ഗ്രസ് മുന്നോട്ട് പോയിരുന്നു. ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും ചേര്‍ന്ന് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ബി.ജെ.പി ശ്രമമാണിതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി.
Content Highlight: Nilesh Kumbhani, who was the Congress candidate from Surat, has reportedly joined the BJP after his nomination papers were rejected