അടുത്തിടെ കരിക്കില്‍ നിന്നും പുറത്തുവന്ന് വലിയ ചര്‍ച്ചയായ സീരിസാണ് സാമര്‍ത്ഥ്യ ശാസ്ത്രം. മേക്കിങ്ങിലെ വ്യത്യസ്തത, കണ്ടന്റിലെ ക്വാളിറ്റി, അഭിനേതാക്കളുടെ പ്രകടനം എന്നിവ കൊണ്ടെല്ലാം സീരിസ് ശ്രദ്ധ നേടിയിരുന്നു.
പല സ്ഥലങ്ങളില്‍ പല സാഹചര്യങ്ങളില്‍ ജീവിക്കുന്ന സാധാരണക്കാരായ അഞ്ച് പേരെ ഒരു തട്ടിപ്പുകാരന്‍ പറ്റിക്കുന്നതും ഇവര്‍ അഞ്ച് പേരും ഇയാളെ കണ്ടെത്തി തങ്ങളുടെ പണം തിരിച്ച് കണ്ടെത്താന്‍ നോക്കുന്നതുമാണ് സീരിസിന്റെ ഇതിവൃത്തം. ആറ് എപ്പിസോഡുകളുള്‍പ്പെടുന്നതായിരുന്നു സീരിസ്. അവസാന എപ്പിസോഡും പൂര്‍ത്തിയായപ്പോള്‍ സീരിസിന് ഇനിയും തുടര്‍ച്ച വേണമെന്ന ആവശ്യം പല പ്രേക്ഷകരില്‍ നിന്നും ഉയര്‍ന്നിരുന്നു.
സാമര്‍ത്ഥ്യ ശാസ്ത്രത്തിന് തുടര്‍ച്ചയുണ്ടാകുമോയെന്ന ചോദ്യത്തിന് ഉത്തരം നല്‍കുകയാണ് സീരിസിലെ നടിയും എഴുത്തുകാരിയുമായ നിലീന്‍ സാന്‍ഡ്ര. ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. സീരിസ് ഒരു മാസം കൊണ്ട് തട്ടിക്കൂട്ടിയതാണെന്നും തുടര്‍ച്ചയുണ്ടാകുമോയെന്ന കാര്യം നിഖില്‍ പ്രസാദിനോട് (കരിക്ക് ഫൗണ്ടര്‍) ചോദിക്കേണ്ടി വരുമെന്നും നിലീന്‍ പറഞ്ഞു. സീരിസ് ആദ്യം പ്ലാന്‍ ചെയ്തത് അഞ്ച് കള്ളന്മാരുടെ കഥയായിട്ടായിരുന്നുവെന്നും നിഖില്‍ പ്രസാദാണ് കള്ളന്മാരുടെ കഥ വേണ്ട, നല്ല ആളുകളുടെ കഥ ചെയ്തോളാന്‍ പറഞ്ഞതെന്നും സാന്‍ഡ്ര പറഞ്ഞു.
കോളേജില്‍ പഠിക്കുന്ന കാലം മുതല്‍ എഴുത്ത് ഒപ്പമുണ്ടായിരുന്നുവെന്നും സാമര്‍ത്ഥ്യ ശാസ്ത്രത്തിന്റെ സംവിധായകന്‍ ശ്യാമിന്‍ ഗിരീഷ് കോളേജ് മേറ്റായിരുന്നുവെന്നും നിലീന്‍ പറയുന്നു. ‘കോളേജില്‍ പഠിക്കുമ്പോള്‍ കുറച്ച് അധികം ഷോര്‍ട്ട് സ്റ്റോറികള്‍ എഴുതുമായിരുന്നു. സാമര്‍ത്ഥ്യ ശാസ്ത്രത്തിന്റെ സംവിധായകന്‍ ശ്യാമിന്‍ ഗിരീഷും ഞാനും കോളേജില്‍ ഒരുമിച്ചുണ്ടായിരുന്നു. ഞാന്‍ എക്കണോമിക്സായിരുന്നു പഠിച്ചത്. എനിക്ക് ആ സമയം ആക്ടിങ്ങിനോടായിരുന്നു താല്‍പര്യം. അങ്ങനെ പോവുമ്പോള്‍ ശ്യാമിന്‍ തന്നെയാണ് നിനക്ക് എഴുതിക്കൂടെയെന്ന് ഒരിക്കല്‍ ചോദിച്ചത്.
അന്നെനിക്ക് ലാപ്ടോപ്പില്ല. അവന്റെ ലാപ്ടോപ്പ് എനിക്ക് തന്നു. പഴയ സ്‌ക്രിപ്റ്റിന്റെ ഫോര്‍മാറ്റ് ലൈബ്രറിയില്‍ നിന്നും എടുത്ത് വായിച്ചത് അറിയാം. അല്ലാതെ പുതിയ ഹോളിവുഡ് ഫോര്‍മാറ്റൊന്നും അറിയില്ലായിരുന്നു. അതൊക്കെ കാണിച്ചുതന്ന് എഴുതിക്കോളാന്‍ പറഞ്ഞു. അങ്ങനെയാണ് സ്‌ക്രിപ്റ്റ് എഴുതാന്‍ തുടങ്ങിയത്. ഞാനും ശ്യാമിനും കോളേജിന് ശേഷം ഒരു ടീമായി.
ആവാസവ്യൂഹം സിനിമയുടെ സംവിധായകന്‍ കൃഷാന്ത് സാര്‍ ഞാന്‍ പഠിച്ച തേവര എസ്.എച്ച് കോളേജിലെ ഫാക്കല്‍റ്റിയായിരുന്നു. അങ്ങനെ കൃഷാന്ത് സാറിനെ പരിചയമുണ്ട്. ആ പരിചയം വെച്ചാണ് ആവാസ വ്യൂഹത്തില്‍ അഭിനയിച്ചത്. കൃഷാന്ത് സാറിന് കരിക്കിലെ അര്‍ജുന്‍ രത്തനെ നേരത്തെ അറിയാം. കരിക്കില്‍ വരുന്നതിന് മുന്നേ അര്‍ജുനും ശ്യാമിനും കൃഷാന്ത് സാറും ഒന്നിച്ച് സീ ഫൈവിന് വേണ്ടി ഒരു വെബ് സീരിസ് ചെയ്തിട്ടുണ്ട്. ആ പരിചയത്തിലാണ് ശ്യാമിനെ പിന്നീട് നിഖിലേട്ടന്‍ വിളിക്കുന്നത്,’ നിലീന്‍ പറഞ്ഞു. അഭിമുഖത്തിന്റെ പൂര്‍ണ രൂപം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.
Content Highlight: Nilene Sandra is answering the question of whether there will be a sequel for samarthya shasthram