കരിക്കിലെ താരം ശബരീഷിനെ കൊണ്ട് റൊമാന്‍സ് ചെയ്യിപ്പിച്ചെടുക്കുന്നത് വലിയ വെല്ലുവിളിയായിരുന്നുവെന്ന് പറയുകയാണ് സാമര്‍ത്ഥ്യ ശാസ്ത്രം സീരിസിലെ എഴുത്തുകാരിയും നടിയുമായ നിലീന്‍ സാന്‍ഡ്ര. ശബരീഷിന് റൊമാന്‍സ് ചെയ്യാന്‍ താല്‍പര്യമില്ലായിരുന്നുവെന്നും ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ നിലീന്‍ പറഞ്ഞു.
‘ശബരീഷിനെ കൊണ്ട് റൊമാന്‍സ് പോര്‍ഷന്‍സ് ചെയ്യിച്ചെടുക്കുന്നത് നല്ല വെല്ലുവിളിയായിരുന്നു. ശബരീഷ് റൊമാന്‍സിനെ ക്രിഞ്ചെന്ന് വിളിക്കുന്ന ആളാണ്. ഇടക്ക് ക്രിഞ്ചെന്ന് പറഞ്ഞ് പോവും. പിന്നെ നമ്മളെല്ലാവരും ചുമ്മാ ചെയ്യെടാ എന്ന് പറഞ്ഞാണ് ചെയ്യിക്കുന്നത്. പുള്ളിക്ക് റൊമാന്‍സൊന്നും ചെയ്യാന്‍ തീരെ താല്‍പര്യമില്ല. ജോ-ഡെയ്സി വീഡിയോയോ, സ്റ്റാറ്റസോ വരുമ്പോള്‍ അവന് അയച്ചുകൊടുത്ത് കണ്ടോ നീ എന്ന് ചോദിക്കും.
അവരുടെ റിലേഷന്‍ പക്ഷേ ഇത്രയും ചര്‍ച്ച ചെയ്യപ്പെടുമെന്ന് വിചാരിച്ചില്ല. അവരുടെ വേര്‍പിരിയല്‍ വേദനിപ്പിച്ചു എന്ന് ആളുകള്‍ പറയുന്നുണ്ട്. ഒരു കവറപ്പ് ആയിരുന്നു ഈ ബന്ധം കൊണ്ട് ഉദ്ദേശിച്ചത്.
സീരിസ് തുടങ്ങുന്നത് തന്നെ ‘താന്‍ തന്ന മീനൊക്കെ രണ്ട് ദിവസം കഴിയുമ്പോള്‍ ചത്ത് പോവുകയാണ്’ എന്ന് ജോയോട് കുട്ടികള്‍ പറയുന്ന ഡയലോഗിലാണ്. അങ്ങനെ സീരിസിന്റെ തുടക്കം മുതല്‍ പല ഭാഗത്ത് ജോ കള്ളനാണെന്ന് കാണിക്കുന്നുണ്ട്. അതില്‍ നിന്നും പ്രേക്ഷകരുടെ ശ്രദ്ധ തിരിക്കാനാണ് ഡെയ്സിയുമായുള്ള ബന്ധം ഞാന്‍ ഇട്ടുകൊടുത്തത്. പക്ഷേ അത് ഇത്രയും വര്‍ക്കാവുമെന്ന് വിചാരിച്ചില്ല.
ജോ ആണ് കള്ളന്‍ എന്ന് എവിടെയോ ആളുകള്‍ കണ്ടുപിടിക്കുമായിരുന്നു. കാരണം ശബരീഷിന്റെ കഥാപാത്രത്തെ നോക്കുകയാണെങ്കില്‍ ഡയലോഗ് വളരെ കുറവാണ്, അധികം സംസാരിക്കുന്നില്ല, ബാക്ക്ഗ്രൗണ്ടില്‍ അവിടെയും ഇവിടെയും നിക്കുന്നുണ്ട്, അപ്പോള്‍ ആളുകള്‍ക്ക് ഊഹിക്കാന്‍ പറ്റും.
ഈ കൂട്ടത്തില്‍ ശബരീഷാണ് സ്റ്റാര്‍. കരിക്കെന്ന് പറയുമ്പോള്‍ ജോര്‍ജ് ലോലനെന്നാണല്ലോ. അങ്ങനെയുള്ള ഒരാളെ എന്തിനാണ് ഇങ്ങനെ വെറുതേ കൊണ്ടുനിര്‍ത്തിയിരിക്കുന്നതെന്ന് ആളുകള്‍ ആലോചിക്കും. പക്ഷേ അതിനിടക്ക് ഡെയ്സി വന്നതുകൊണ്ട് ആളുകള്‍ ശ്രദ്ധിക്കാതെ പോയി എന്നാണ് വിശ്വസിക്കുന്നത്. പിന്നെ അനുവോ ജീവനോ അവസാനം ഒരു സര്‍പ്രൈസ് എന്‍ട്രി നടത്തുമെന്ന് ആളുകള്‍ പ്രതീക്ഷിച്ചു. അങ്ങനെ ഒരുപാട് ഫാക്ടേഴ്സ് ഉണ്ട്,’ നിലീന്‍ പറഞ്ഞു.
എഴുത്തിലുള്ള തന്റെ താല്‍പര്യത്തെ പറ്റിയും അഭിമുഖത്തില്‍ നിലീന്‍ സംസാരിച്ചിരുന്നു. ‘പണ്ട് മുതല്‍ തന്നെ എഴുതുമായിരുന്നു. കോളേജില്‍ പഠിക്കുമ്പോള്‍ കുറച്ച് അധികം ഷോര്‍ട്ട് സ്റ്റോറികള്‍ എഴുതുമായിരുന്നു. സാമര്‍ത്ഥ്യ ശാസ്ത്രത്തിന്റെ സംവിധായകന്‍ ശ്യാമിന്‍ ഗിരീഷും ഞാനും കോളേജില്‍ ഒരുമിച്ചുണ്ടായിരുന്നു. ഞാന്‍ എക്കണോമിക്സായിരുന്നു പഠിച്ചത്. എനിക്ക് ആ സമയം ആക്ടിങ്ങിനോടായിരുന്നു താല്‍പര്യം.
അങ്ങനെ പോവുമ്പോള്‍ ശ്യാമിന്‍ തന്നെയാണ് നിനക്ക് എഴുതിക്കൂടെയെന്ന് ഒരിക്കല്‍ ചോദിച്ചത്. അന്നെനിക്ക് ലാപ്ടോപ്പില്ല. അവന്റെ ലാപ്ടോപ്പ് എനിക്ക് തന്നു. പഴയ സ്‌ക്രിപ്റ്റിന്റെ ഫോര്‍മാറ്റ് ലൈബ്രറിയില്‍ നിന്നും എടുത്ത് വായിച്ചത് അറിയാം. അല്ലാതെ പുതിയ ഹോളിവുഡ് ഫോര്‍മാറ്റൊന്നും അറിയില്ലായിരുന്നു. അതൊക്കെ കാണിച്ചുതന്ന് എഴുതിക്കോളാന്‍ പറഞ്ഞു. അങ്ങനെയാണ് സ്‌ക്രിപ്റ്റ് എഴുതാന്‍ തുടങ്ങിയത്. ഞാനും ശ്യാമിനും കോളേജിന് ശേഷം ഒരു ടീമായി,’ നിലീന്‍ കൂട്ടിച്ചേര്‍ത്തു. അഭിമുഖത്തിന്റെ പൂര്‍ണ രൂപത്തിനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
Content Highlight: nileen sandra talks about sabaressh’s romantic portion in samarthya shasthram