| Thursday, 25th May 2023, 7:07 pm

ആ പാത്രത്തില്‍ വല്ലതുമുണ്ടോ എന്ന് ആസിഫിക്ക ചോദിച്ചു, അതുമായി പുറത്തേക്ക് വന്നപ്പോള്‍ തട്ടി കളഞ്ഞു: നിലീന്‍ സാന്ദ്ര

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കരിക്കിന്റെ വെബ് സീരിസുകളിലൂടെ ശ്രദ്ധേയയായ താരമാണ് നിലീന്‍ സാന്ദ്ര. അടുത്തിടെ 2018 ചിത്രത്തില്‍ നരേയ്‌ന്റെ ഭാര്യയുടെ കഥാപാത്രത്തെ അവതരിപ്പിച്ച് നിലീന്‍ സിനിമയിലും തന്റെ സ്ഥാനം അടയാളപ്പെടുത്തിയിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് നിലീന്‍. ഷൂട്ടിനിടക്ക് മാറി നില്‍ക്കുമ്പോള്‍ തന്നെ ലാലും ആസിഫ് അലിയും അടുത്ത് വിളിച്ച് ഇരുത്തുമായിരുന്നു എന്ന് നിലീന്‍ റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘നരേയ്ന്‍ ചേട്ടനാണെങ്കിലും ആസിഫിക്ക ആണെങ്കിലും ലാല്‍ സാറാണെങ്കിലും എല്ലാവരും എനിക്ക് സ്‌പേസ് തന്നു. ആദ്യം ഞാന്‍ മാറി നില്‍ക്കുകയായിരുന്നു. എന്താ അവിടെ നില്‍ക്കുന്നത്, ഇവിടെ വന്നിരിക്കെടോ എന്നൊക്കെ പറഞ്ഞ് എന്നെ അവരുടെ സൈഡില്‍ ഇരുത്തുമായിരുന്നു. അവര്‍ എനിക്കും സ്‌പേസ് തന്നു.

എന്റെ കയ്യിലിരിക്കുന്ന പാത്രം ആസിഫിക്ക അടിച്ചു കളയുന്ന സീനുണ്ട്. ഞാന്‍ അവിടെ വെറുതേ നില്‍ക്കാന്‍ വേണ്ടി വന്നതാണ്. ഞാന്‍ ഈ പാത്രവുമായി അടുക്കളയില്‍ നില്‍ക്കുന്നത് കണ്ടപ്പോള്‍ അതില്‍ വല്ലതുമുണ്ടോ എന്ന് ആസിഫിക്ക ചോദിച്ചു. ഇതിലൊന്നും ഇല്ലെന്ന് പറഞ്ഞു. എന്നിട്ട് ഞാന്‍ പുറത്ത് വന്നപ്പോള്‍ പുള്ളി അത് തട്ടിക്കളഞ്ഞു. സത്യം പറഞ്ഞാല്‍ അവിടെ എനിക്ക് സ്‌പേസ് തന്നതാണ്. അത് തട്ടികളയുമ്പോള്‍ എന്റെ മുഖത്തേക്ക് അറ്റന്‍ഷന്‍ പോകുന്നുണ്ട്,’ നിലീന്‍ പറഞ്ഞു.

സിനിമയിലെ നീണ്ട ഡയലോഗുള്ള രംഗം കട്ട് ചെയ്‌തേക്കാം എന്ന ധാരണ തനിക്ക് ഉണ്ടായിരുന്നുവെന്നും നിലീന്‍ കൂട്ടിച്ചേര്‍ത്തു. ‘അത് തിയേറ്ററില്‍ കാണുന്നത് വരെ ഉണ്ടാകുമെന്ന് വിശ്വസിച്ചില്ല. ഇനി ഒ.ടി.ടിയില്‍ ഇറക്കുമ്പോള്‍ ഈ സീന്‍ കട്ട് ചെയ്യുമോ എന്ന് കഴിഞ്ഞ ദിവസം വെറുതെ ഉറങ്ങാന്‍ കിടന്നപ്പോള്‍ ആലോചിച്ചു. എനിക്ക് അത്രയും വിശ്വാസമില്ല.

ഒന്നര രണ്ട് പേജുണ്ടായിരുന്നു ആ ഡയലോഗ്. ഫുള്‍ ഡയലോഗ് ഒരു ഷോട്ടില്‍ പോയിരുന്നു. റിയാക്ഷന്‍ കട്ട്സ് പോയിരുന്നു. എന്റേയും ഒന്നുരണ്ട് ആങ്കിളുകള്‍ വെച്ചിരുന്നു. പിന്നെ ഒരു വൈഡ് വെച്ചിരുന്നു, കട്ട്സ് ഉണ്ടായിരുന്നു. ഒരുപാട് ടേക്കുകളൊന്നും പോയില്ല. രണ്ടോ മൂന്നോ ടേക്കുകള്‍ പോയിട്ടുണ്ടാവും.

ഈ സീന്‍ എഡിറ്റില്‍ കട്ടായി പോവും എന്നൊരു ധാരണ അന്നുണ്ടായിരുന്നു, ഇന്നുമുണ്ട്. ഇത്രയും ഡ്രാമയുള്ള മോണോലോഗ് അവിടെ വെക്കണോ വേണ്ടയോ എന്നുള്ളത് സംവിധായകന്റെയും എഴുത്തുകാരന്റെയും ചോയ്സാണ്,’ നിലീന്‍ പറഞ്ഞു.

Content Highlight: nileen sandra talks about her scene with asif ali in 2018

We use cookies to give you the best possible experience. Learn more