മെയ് അഞ്ചിന് തിയേറ്ററുകളിലെത്തിയ ജൂഡ് ആന്തണി ചിത്രം 2018 തിയേറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുകയാണ്. കരിക്കിന്റെ വെബ്ബ് സീരിസുകളിലൂടെ ശ്രദ്ധേയയായ നിലീന്‍ സാന്ദ്രയും ചിത്രത്തില്‍ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. മത്സ്യത്തൊഴിലാളിയായ നരേയ്ന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഭാര്യയായിട്ടാണ് നിലീന്‍ ചിത്രത്തിലെത്തിയത്.
2018ല്‍ ഇമോഷണലായി നിലീന്‍ പറയുന്ന നീണ്ട ഡയലോഗ് ഉണ്ടായിരുന്നു. മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെ പറ്റി പറയുന്ന ഈ സീന്‍ വലിയ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.
തിയേറ്ററില്‍ കാണുന്നത് വരെ ഈ രംഗം ചിത്രത്തിലുണ്ടാകുമെന്ന് പ്രതീക്ഷയില്ലായിരുന്നു എന്ന് പറയുകയാണ് നിലീന്‍ സാന്ദ്ര. ഡ്രമാറ്റിക്കായ മോണോലോഗ് ആയതിനാല്‍ ഷൂട്ട് ചെയ്യുമ്പോള്‍ തന്നെ കട്ട് ചെയ്‌തേക്കുമെന്ന ധാരണയുണ്ടായിരുന്നുവെന്നും ഒ.ടി.ടിയിലിറക്കുമ്പോള്‍ കട്ട് ചെയ്യുമോ എന്ന പേടിയുണ്ടെന്നും റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ നിലീന്‍ പറഞ്ഞു.
‘ആസിഫ് അലിയും ലാലും നരേയ്‌നുമൊക്കെ ഉള്ളതുകൊണ്ട് ഒരു ബിംബം പോലെയുള്ള കഥാപാത്രമായിരിക്കും ഞാന്‍ എന്നാണ് വിചാരിച്ചത്. വെറുതെ നില്‍ക്കുക, ആ വീട്ടിലെ ഒരാള്‍ എന്ന നിലയ്ക്ക്. പിന്നെയാണ് ഇങ്ങനെയൊരു സീന്‍ ഉണ്ടെന്ന് അറിയുന്നത്. എന്നാലും അത് തിയേറ്ററില്‍ കാണുന്നത് വരെ ഉണ്ടാകുമെന്ന് വിശ്വസിച്ചില്ല. ഇനി ഒ.ടി.ടിയില്‍ ഇറക്കുമ്പോള്‍ ഈ സീന്‍ കട്ട് ചെയ്യുമോ എന്ന് കഴിഞ്ഞ ദിവസം വെറുതെ ഉറങ്ങാന്‍ കിടന്നപ്പോള്‍ ആലോചിച്ചു. എനിക്ക് അത്രയും വിശ്വാസമില്ല.
ഒന്നര രണ്ട് പേജുണ്ടായിരുന്നു ആ ഡയലോഗ്. ഫുള്‍ ഡയലോഗ് ഒരു ഷോട്ടില്‍ പോയിരുന്നു. റിയാക്ഷന്‍ കട്ട്‌സ് പോയിരുന്നു. എന്റേയും ഒന്നുരണ്ട് ആങ്കിളുകള്‍ വെച്ചിരുന്നു. പിന്നെ ഒരു വൈഡ് വെച്ചിരുന്നു, കട്ട്‌സ് ഉണ്ടായിരുന്നു. ഒരുപാട് ടേക്കുകളൊന്നും പോയില്ല. രണ്ടോ മൂന്നോ ടേക്കുകള്‍ പോയിട്ടുണ്ടാവും.
ഈ സീന്‍ എഡിറ്റില്‍ കട്ടായി പോവും എന്നൊരു ധാരണ അന്നുണ്ടായിരുന്നു, ഇന്നുമുണ്ട്. ഇത്രയും ഡ്രാമയുള്ള മോണോലോഗ് അവിടെ വെക്കണോ വേണ്ടയോ എന്നുള്ളത് സംവിധായകന്റെയും എഴുത്തുകാരന്റെയും ചോയ്‌സാണ്,’ നിലീന്‍ സാന്ദ്ര പറഞ്ഞു.
Content Highlight: nileen sandra talks about her scene in 2018 movie