കരിക്കിന്റെ ഏറ്റവും പുതിയ വെബ് സീരീസായ സാമര്‍ത്ഥ്യ ശാസ്ത്രത്തിന്റെ തിരക്കഥാകൃത്തും, നടിയുമായ നിലീന്‍ സാന്‍ഡ്ര തന്റെ സിനിമാ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ്. പല നിര്‍മാതക്കളോടും താന്‍ കഥ പറയാന്‍ പോയിട്ടുണ്ടെന്നും, എന്നാല്‍ രൂപംവെച്ച് പലരും ജഡ്ജ് ചെയ്യുകയായിരുന്നുവെന്നും താരം പറഞ്ഞു. ഇന്ത്യന്‍ സിനിമാ ഗ്യാലറിക്ക് നല്‍കിയ അഭിമുഖത്തിലാണ് നിലീന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘വിജയിച്ചോ എന്ന് ചോദിച്ചാല്‍ എനിക്കറിയില്ലാ എന്നാണ് എന്റെ ഉത്തരം. ഇപ്പോഴും പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരാളാണ് ഞാന്‍. എനിക്ക് തോന്നുന്നത് ഈ പരിശ്രമം ഒരിക്കലും അവസാനിക്കാന്‍ പോകുന്നില്ല എന്നുതന്നെയാണ്. വിജയം എന്നുപറയുന്നത് ഒരു അവസാന വാക്കൊന്നുമല്ല.
വിജയത്തില്‍ എത്തിയെന്നൊക്കെ പറഞ്ഞാലും, അത് നിലനിര്‍ത്തി പോവുക എന്നതാണ് ഏറ്റവും വലിയ കഷ്ടപ്പാട്. അതുകൊണ്ട് തന്നെ എല്ലായ്‌പ്പോഴും നമ്മള്‍ കഷ്ടപ്പെട്ടുകൊണ്ടിരിക്കണം. ഞാനൊക്കെ ഇപ്പോഴും ഇന്‍ഡസ്ട്രിക്ക് പുറത്ത് നില്‍ക്കുന്ന ആളുകളാണ്. മറ്റാരുമായി ഒരു കണക്ഷനും കോണ്‍ടാക്ടുമില്ല.
ഇരുപത് ഇരുപത്തിയൊന്ന് വയസുള്ളപ്പോള്‍ ഇങ്ങോട്ട് വന്ന ഒരു ചെറിയ കുട്ടിയാണ് ഞാന്‍. അങ്ങനെയാണ് പലരും എന്നെ കണ്ടുകൊണ്ടിരുന്നത്. കഥപറയാന്‍ പോകുമ്പോള്‍ അന്നൊക്കെ പലരും ലുക്ക് കണ്ട് നമ്മളെ ജഡ്ജ് ചെയ്യും. അങ്ങനെ പല രീതിയിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു.
എന്നാല്‍ ഇതില്‍ നിന്നൊക്കെ തികച്ചും വ്യത്യസ്തമായിരുന്നു കരിക്കില്‍ കഥപറയാന്‍ പോയപ്പോള്‍. അവിടെ വെച്ച് മാത്രമാണ് എന്നെ ലുക്ക് വെച്ച് ജഡ്ജ് ചെയ്യാതെ ഞാന്‍ പറഞ്ഞ കഥയൊക്കെ മുഴുവന്‍ കേട്ടിരുന്നത്. അതിന് മുമ്പ് പത്ത് മുപ്പത് നിര്‍മാതാക്കളെ ഞങ്ങള്‍ കണ്ടിരുന്നു. അതില്‍ നിന്നും വളരെ വ്യത്യസ്തനായിരുന്നു നിഖിലേട്ടന്‍,’ നിലീന്‍ സാന്‍ഡ്ര പറഞ്ഞു.
പ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്വീകാരികത സാമര്‍ത്ഥ്യ ശാസ്ത്രം നേടിയിരുന്നു. ആറ് എപ്പിസോഡുകളിലായി പുറത്തിറങ്ങിയ സീരിസിന്റെ അവസാന എപ്പിസോഡാണ് വലിയ രീതിയില്‍ ആഘോഷിക്കപ്പെട്ടത്. താരങ്ങളുടെ അഭിനയ മികവും സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ക്ക് കാരണമായി.
content highlight: nileen sandra talks about her film career