ആ സീനില്‍ എനിക്ക് സ്‌പേസ് തരാനായിരുന്നു അന്ന് ആസിഫിക്ക എന്റെ കയ്യിലെ പാത്രം തട്ടിക്കളഞ്ഞത്: നിലീന്‍ സാന്ദ്ര
Entertainment
ആ സീനില്‍ എനിക്ക് സ്‌പേസ് തരാനായിരുന്നു അന്ന് ആസിഫിക്ക എന്റെ കയ്യിലെ പാത്രം തട്ടിക്കളഞ്ഞത്: നിലീന്‍ സാന്ദ്ര
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 4th January 2025, 7:16 pm

2018ല്‍ കേരളത്തില്‍ സംഭവിച്ച പ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ചിത്രമായിരുന്നു 2018. മലയാളത്തിലെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായി മാറിയ ഈ സിനിമയില്‍ ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, തന്‍വി റാം, നരേന്‍, ലാല്‍, അപര്‍ണ ബാലമുരളി തുടങ്ങിയ വന്‍ താരനിരയായിരുന്നു ഒന്നിച്ചത്.

കരിക്കിന്റെ വെബ് സീരീസുകളിലൂടെ ശ്രദ്ധേയയായ നിലീന്‍ സാന്ദ്രയും 2018ല്‍ അഭിനയിച്ചിരുന്നു. നരേയ്ന്റെ പങ്കാളിയായ ടീന എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. ഇപ്പോള്‍ ചിത്രത്തില്‍ ആസിഫ് അലിയോടൊപ്പമുള്ള സീനിനെ കുറിച്ച് പറയുകയാണ് നിലീന്‍ സാന്ദ്ര. റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

‘ഞാന്‍ ആദ്യമൊക്കെ ആ സിനിമയില്‍ അഭിനയിക്കുമ്പോള്‍ മറ്റുള്ളവരില്‍ നിന്ന് മാറി നില്‍ക്കുമായിരുന്നു. എന്നാല്‍ നരേയ്ന്‍ ചേട്ടനും ആസിഫിക്കയും ലാല്‍ സാറുമൊക്കെ എനിക്ക് നല്ല സ്പേസ് തന്നിരുന്നു. ഞാന്‍ അവരില്‍ നിന്ന് മാറി നില്‍ക്കുന്നത് കാണുമ്പോള്‍ ‘എന്താണ് അവിടെ മാറി നില്‍ക്കുന്നത്? ഇവിടെ വന്നിരിക്കെടോ’ എന്നൊക്കെ പറയും.

അങ്ങനെ എന്നെ വിളിച്ച് അവരുടെ സൈഡില്‍ ഇരുത്തുമായിരുന്നു. സിനിമയുടെ മെയിന്‍ സീനില്‍ ഇവരൊക്കെ ഓള്‍റെഡി സൈലന്റായിരുന്നു. എന്നാല്‍ എനിക്ക് അതില്‍ ഒരു സ്‌പേസ് തന്നു. സിനിമയില്‍ ആസിഫിക്ക എന്റെ കയ്യിലിരിക്കുന്ന പാത്രം അടിച്ചു കളയുന്ന ഒരു സീനുണ്ട്.

ഞാന്‍ സത്യത്തില്‍ അവിടെ വെറുതേ നില്‍ക്കാന്‍ വേണ്ടി വന്നതാണ്. ഞാന്‍ ഈ പാത്രവുമായി അടുക്കളയില്‍ നില്‍ക്കുന്നത് കണ്ടപ്പോള്‍ ആസിഫിക്ക എന്റെ അടുത്തേക്ക് വന്നു. അതില്‍ വല്ലതുമുണ്ടോയെന്ന് ആസിഫിക്ക എന്നോട് ചോദിച്ചു.

അതില്‍ ഒന്നുമില്ലെന്ന് ഞാന്‍ മറുപടിയും പറഞ്ഞു. അങ്ങനെ ആ സീന്‍ ഷൂട്ട് ചെയ്യുമ്പോള്‍ ആസിഫിക്ക പെട്ടെന്ന് ആ പാത്രം തട്ടിക്കളഞ്ഞു. സത്യം പറഞ്ഞാല്‍ അവിടെ എനിക്ക് സ്പേസ് തന്നതാണ്. അത് തട്ടികളഞ്ഞതിലൂടെ അവിടെ എന്റെ മുഖത്തേക്ക് ഒരു അറ്റന്‍ഷന്‍ പോകുന്നുണ്ട്,’ നിലീന്‍ സാന്ദ്ര പറഞ്ഞു.

Content Highlight: Nileen Sandra Talks About 2018 Movie And Asif Ali